
റിയാദ്: സൗദിയിലേക്ക് ഹാഷിഷ് കടത്തിയ രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി. നജ്‌റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോമാലിയന്‍ പൗരന്‍മാരായ മുഹമ്മദ് മുഹമ്മദ് ഇബ്രാഹീം അബ്ദുല്ല, ഹംസ ഹസ്സന്‍ ഉമര്‍ ജമാല്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയെന്ന് വിചാരണ കോടതി സംശയാതീതമായി കണ്ടെത്തുകയും കുറ്റക്കാരാണെന്നു വിധിക്കുകയും ചെയ്തിരുന്നു. വിചാരണ കോടതി വധശിക്ഷ വിധിച്ച കേസ് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തു. ഇതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്.

സൗദിയിലേക്ക് ലഹരി എത്തിക്കുക, വില്‍പ്പന നടത്തുക, ഉപയോഗിക്കുക, എന്നിവ ഗുരുതരമായ നിയമ ലംഘനങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കി. ലഹരിയുടെ ഉപയോഗം വ്യക്തിയെയും സമൂഹത്തെയും കാര്‍ന്നു തിന്നുന്ന വിപത്താണ്. ഇതില്‍ നിന്നു രാജ്യത്തെ ജനങ്ങളെയും പ്രവാസികളെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.