Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഇന്ത്യക്കാരനെ കാറിടിച്ച് കൊന്ന രണ്ട് സൗദി പൗരന്‍മാരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. എം എച് അന്‍സാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. അബ്ദുല്ല മുബാറക് അല്‍ അജമി മുഹമ്മദ്, അലി അല്‍ അനസി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഗസ്ത് 6ന് രാവിലെയായിരുന്നു ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ഉത്തരേന്ത്യക്കാരനായ എം എച് അന്‍സാരി കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അടിച്ചു വീഴ്ത്തി പ്രതികളുടെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്‍സാരിയുടെ ഹുണ്ടായ് ഇലന്‍ട്ര കാറും പഴ്‌സും മറ്റു വസ്തുക്കളും പ്രതികള്‍ തട്ടിയെടുത്തു.

മയക്കുമരുന്ന് ഉപയോഗിക്കുകയും പലരെയും ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ചെയ്ത പ്രതികള്‍ പട്രോള്‍ പൊലീസിന് നേരെ അക്രമണം നടത്തിയതിനും കേസ് ഉണ്ടായിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പിടിയിലായ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നിരത്തിയ കുറ്റകൃത്യങ്ങള്‍ ശരിയാണെന്ന് കോടതി കണ്ടെത്തി.

ഇതോടെ റിയാദ് ക്രിമിനല്‍ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും മേല്‍ക്കോടതിയും ശിക്ഷ ശരിവെച്ചു. ഇതോടെ വധശിക്ഷ നടപ്പാക്കാനുള്ള അനുമതി റോയല്‍ കോര്‍ട്ട് പുറപ്പെടുവിക്കുകയായിരുന്നു.

2019 സെപ്തംബര്‍ 8ന് ആയിരുന്നു റിയാദിനെ നടുക്കിയ സംഭവം. ദിയാധനം നല്‍കി പ്രതികളെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയാത്ത കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇസ്‌ലാമിക നിയമ പ്രകാരം സമൂഹ സാമൂഹിക സുരക്ഷക്ക് ഭീഷണിയായവര്‍ക്ക് നല്‍കുന്ന ഹദ്ദുല്‍ ഹിറാബ നിയമം അനുസരിച്ചാണ് വധ ശിക്ഷ നടപ്പിലാക്കിയത്. ജീവനു ഭീഷണി സൃഷ്ടിക്കുന്നവര്‍ക്കെതിരെ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ കര്‍ശന നയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top