റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള പെര്‍മിറ്റ് നേടുന്നവര്‍ക്ക് കൊവിഡ് ലക്ഷണം ഉണ്ടെങ്കില്‍ അനുമതി പത്രം റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ അസീസ് വസാന്‍. മന്ത്രാലയം പുറത്തിറക്കിയ മൊബൈല്‍ ആപ് സുഗമമായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ ഉപകരിക്കും. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ സമന്വയിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഉംറ അനുമതിപത്രത്തിനുളള അപേക്ഷയാണ് ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ സ്വീകരിക്കുന്നത്. മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവിയിലെ റൗദാ ശരീഫ് എന്നിവിടങ്ങളില്‍ നമസ്‌കാരിക്കുന്നതിനുളള അനുമതി പത്രങ്ങളും പിന്നീട് ആപ്ലിക്കേഷന്‍ വഴി വിതരണം ചെയ്യുമെന്നും ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു. ആപ്പിള്‍, ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം,
ഒക്‌ടോബര്‍ 4 മുതല്‍ ഉംറ കര്‍മത്തിന് അനുമതി നല്‍കും. 16,000 പേര്‍ക്കാണ് അവസരം. ഉംറ നിര്‍വഹിക്കുന്നതിന് തീര്‍ഥാടകന് മൂന്നു മണിക്കൂര്‍ സമയം അനുവദിക്കും. കിസ്‌വ ഫാക്ടറി, ഹറം മ്യൂസിയം എന്നിവ സന്ദര്‍ശിക്കാന്‍ ഹറംകാര്യ വകുപ്പ് അനുവദിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും സന്ദര്‍ശകരുടെ എണ്ണം പത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.