മൂന്ന് മാസം അബോധാവസ്ഥയില്‍: കുടുംബവുമായി ബന്ധമറ്റ പ്രവാസി ആരോഗ്യം വീണ്ടെടുത്തു

റിയാദ്: ചികിത്സക്കിടെ മൂന്ന് മാസം അബോധവസ്ഥയിലായ മലയാളി ആരോഗ്യം വീണ്ടെടുത്തു നാട്ടിലേക്കു മടങ്ങി. തിരുവനന്തപുരം കഠിനാംകുളം സ്വദേശി കൃഷ്ണന്‍ വിജയന്‍ ആണ് നാട്ടിലേക്ക് മടങ്ങിയത്. കുടുംബവുമായി ബന്ധം വിച്‌ഛേദിച്ചതോടെ ആളെ കണ്ടെത്താന്‍ കേളി സാംസ്‌കാരിക വേദിയുടെ സഹായം തേടി. ഇതാണ് കൃഷ്ണന്‍ വിജയന് സഹായമായത്.

റിയാദിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കഴിഞ്ഞ 24 വര്‍ഷം ഇലക്ട്രീഷ്യന്‍ ജോലി ചെയ്തു വരികയായിരുന്നു. തോളെല്ലിലെ വേദനയ് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. വിദഗ്ദ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കമ്പനിയുടെ സഹകരണത്തോടെ ആശുപത്രിയില്‍ ചികിത്സ നേടുന്നതിനിടെയാണ് ബോധം നഷ്ടമായത്.

രണ്ടു മാസം വിജയനെ സംബന്ധിച്ച് വീട്ടുകാര്‍ക്കു വിവരം ലഭ്യമായില്ല. നാട്ടിലുളള ബന്ധുക്കള്‍ കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ച കേളി, അബോധാവസ്ഥയില്‍ ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ വിജയന്‍ ഉണ്ടെന്ന് കണ്ടെത്തി. ചികിത്സക്കിടെ ക്ഷാഘാതം സംഭവിച്ചതാണ് അബോധാവസ്ഥയിലായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്ന് മാസത്തെ ചികിത്സക്കിടെ ബോധം തിരിച്ചുകിട്ടി.പക്ഷാഘാതത്തെ തുടര്‍ന്ന് എഴുന്നേല്‍ക്കുവാനോ സംസാരിക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. കേളി പ്രവര്‍ത്തകര്‍ സഹായവുമായി വിജയനോടൊപ്പം നിന്നു. ആരോഗ്യം വീണ്ടെടുത്തതോടെ അഞ്ചുമാസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഡിസ്ചാര്‍ജ് വാങ്ങി കേളി പ്രവര്‍ത്തകരോടോപ്പം താമസിച്ചു.

കമ്പനിയുമായി ബന്ധപ്പെട്ടു കുടിശ്ശിക ശമ്പളവും നാട്ടിലേക്ക് അവധിയില്‍ പോകുന്നതിനുള്ള രേഖകളും ടിക്കറ്റും വാങ്ങി. കമ്പനി ആറുമാസത്തെ ലീവ് അനുവദിച്ചു. എയര്‍ ഇന്ത്യയുടെ വീല്‍ചെയര്‍ ടിക്കറ്റിലാണ് നാട്ടിലേക്ക് മടങ്ങിയത്. കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, മലാസ് ഏരിയ കണ്‍വീനര്‍ പിഎന്‍എം റഫീക്, അനില്‍ അറക്കല്‍, കേളി മലാസ് ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട് ചാലി എന്നിവര്‍ റിയാദ് എയര്‍ പോര്‍ട്ടിലെത്തിയിരുന്നു. ഭാര്യയും മകളും ചേര്‍ന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിജയനെ സ്വീകരിച്ചു.

 

 

Leave a Reply