
റിയാദ്: വാഹനാപകടത്തില്‍ മരിച്ച മലയാളി ഉംറ തീര്‍ത്ഥാടകരെ സൗദിയിലെ അല്‍ ഹസയില്‍ ഖബറടക്കി. പെരുന്നാള്‍ അവധിയ്ക്ക് ഒമാനില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കാന്‍ റോഡ് മാര്‍ഗം സൗദിയിലെത്തിയ സംഘത്തിലെ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. ശിഹാബിന്റെ ഭാര്യ സഹല മുസ്‌ലിയാരകത്ത്(30), മകള്‍ ഫാത്വിമ ആലിയ(7), മിസ്വ്അബ് കൂത്തുപറമ്പിന്റെ മകന്‍ ദക്‌വാന്‍(6) എന്നിവരുടെ മയ്യിത്താണ് അല്‍ ഹസ്സ സ്വാലിഹിയ ഖബര്‍സ്ഥാനില്‍ മറവുചെയ്തത്. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഒമാന്‍ നാഷനല്‍ സെക്രട്ടറി ശിഹാബ് കാപ്പാട്, സുഹൃത്ത് മിസ്വ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

ശിഹാബിന്റെയും മിസ്അബിന്റെയും ഇളയ കുട്ടികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മിസ്അബിന്റെ ഭാര്യ ഹഫീന ഹുഫൂഫ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. സൗദി-ഒമാന്‍ അതിര്‍ത്തി പ്രദേശമായ ബത്ഹയിലായിരുന്നു അപകടം. അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗദിയിലെയും ഒമാനിലെയും നിരവധി ഐസിഎഫ്, ആര്‍എസ്‌സി നേതാക്കളും പ്രവര്‍ത്തകരും അല്‍ ഹസയില്‍ എത്തിയിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.