Sauditimesonline

SaudiTimes

വിരല്‍ത്തുമ്പിലെ മണലക്ഷരങ്ങള്‍

ഓര്‍മ്മകള്‍ | നിഖില സമീര്‍

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി ക്‌ളാസില്‍ നിന്ന് തുണ്ടില്‍ മലയാളം മീഡിയം വിദ്യാലയത്തിലേക്ക് മക്കളെ പറിച്ചു നടുമ്പോള്‍ ഉപ്പക്കൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.

മണ്ണിന്റെ മണവും മാതൃഭാഷയും മക്കള്‍ മനസ്സിലാക്കണം… കളങ്കമില്ലാതെ നെഞ്ചേറ്റണം! വിവിധ വിശ്വാസത്തിലും സാഹചര്യങ്ങളിലുമുള്ള കുട്ടികള്‍ക്കൊപ്പം കളിച്ചു വളരണം. പിറന്ന നാടിന്റെ സാംസ്‌കാരിക വൈവിധ്യം ഉള്‍ക്കൊള്ളണം. ഉള്ളവനേയും ഇല്ലാത്തവനേയും ഒപ്പം കൂട്ടാന്‍ പഠിക്കണം. കൂടെ അസുഖം അലട്ടുന്ന ഉമ്മിച്ചാക്കു മക്കളെ അധികനേരം പിരിഞ്ഞിരിക്കാന്‍ ഇടയുണ്ടാകരുത്.

ഒന്നാം തരം മുതല്‍ നാലാം തരം വരെ ഞങ്ങള്‍ കൂടപ്പിറപ്പുകള്‍ പഠിച്ചത് അത്തരത്തിലുള്ള സാഹചര്യങ്ങളെല്ലാം നല്‍കാന്‍ പ്രാപ്തിയുമുള്ള തുണ്ടില്‍ ഗവണ്‍മെന്റ് സ്‌കൂളിലാണ്. പള്ളിക്കൂട ഓര്‍മ്മകളില്‍ ഏറെ നിര്‍മ്മലവും നിഷ്‌കളങ്കവുമായ നാളുകള്‍ സമ്മാനിച്ച ദിനങ്ങള്‍!

കുരുന്നു നാളിലെ ഗുരുമുഖമോര്‍ക്കുമ്പോള്‍ സംഗീതം പൊഴിയുന്ന ഇമ്പമാര്‍ന്ന സ്വരവും സ്‌നേഹ സുഗന്ധം നിറഞ്ഞൊരു സ്വരസാന്നിധ്യവുമാണ് മനോമുകുരത്തിലാദ്യം തെളിയുക.

സ്‌നേഹവതിയായ രാധ സര്‍!

അന്നൊക്കെ ആണ്‍പെണ്‍ ഭേദമില്ലാതെ അധ്യാപകരെ എല്ലാം ‘സര്‍ ‘ചേര്‍ത്ത് വിളിച്ചിരുന്നതിന്റെ മനോധര്‍മ്മം ഇന്നും ആലോചിക്കാറുണ്ട് .

രാധ സറിന്റെ ഭര്‍ത്താവ് വിജയന്‍ സാറും ഹൃദയവഴക്കമുള്ള നല്ലൊരു അധ്യാപകനായിരുന്നു.
കൂടെ പുല്ലാങ്കുഴലില്‍ ഭക്തിയും സപ്തസ്വരങ്ങളും തീര്‍ക്കുന്ന നിര്‍മ്മല സാനിധ്യവും. രാധ സര്‍നേയും വിജയന്‍ സാറിനെയുമോര്‍ക്കുമ്പോള്‍ ഉള്ളോളം ഈറനാകുന്നൊരു കൃതാര്‍ത്ഥതയുണ്ട്.

നാലാം തരത്തിനു ശേഷം തുണ്ടില്‍ സ്‌കൂളിലെ പഠിപ്പു കഴിഞ്ഞു ബഥനിയിലേക്കു പറിച്ചു നടപ്പെട്ട കാലം. അയയില്‍ തൂങ്ങിയ തുണിപോലെ രസമുള്ള അക്ഷരങ്ങള്‍ നിറഞ്ഞ
ഹിന്ദി പാഠഭാഗങ്ങളും; എത്ര കണക്കു കൂട്ടിയിട്ടും കണക്കുകള്‍ തെറ്റിച്ചുകൊണ്ടിരുന്ന കണക്കും! ഇതെല്ലാം സ്വായത്തമാക്കാന്‍ രാധ സറിന്റെ വീട്ടിലേക്കു ട്യൂഷന് പോയി തുടങിയ കാലം.

ആദ്യ അദ്ധ്യായം കഴിഞ്ഞപ്പോള്‍ വിജയന്‍ സര്‍ കണക്കിന്റെയും ഹിന്ദിയുടേയും പരീക്ഷ നിശ്ചയിച്ചു. തീയതിയും അറിയിച്ചു. ഒട്ടുമേ ആത്മവിശ്വാസമില്ലാതെ തുടങ്ങാന്‍ പോയ പരീക്ഷക്ക് മുന്നേ തന്നെ അരമണിക്കൂര്‍ റിവിഷനും സൗഹൃദ വര്‍ത്തമാനവും കൊണ്ട് വിജയന്‍ സാര്‍ ചില മന്ത്രികതകള്‍ ഒരുക്കി. അതില്‍ പ്രധാനമായിരുന്നു ഞങ്ങളില്‍ ഓരോരുത്തരുടെയും സ്വഭാവത്തിലെ ഏറെ ഇഷ്ടപ്പെട്ട രീതികളെ എടുത്തെടൂത്ത് പറഞ്ഞത്. ഒപ്പം എന്തെല്ലാം ശ്രദ്ധിച്ചാല്‍ കഴിവുകള്‍ സമുന്നതമായൊരു തലത്തിലേക്ക് എത്തുമെന്ന നെടുനിശ്വാസത്തോടെയുള്ള സങ്കടം പറച്ചിലും !

പരീക്ഷ എഴുതി കഴിയുവോളം ഉള്ള് നിറയുന്ന വാശിയായിരുന്നു. സ്വയം ജയിക്കാനല്ല, അത്രയും നിസ്വാര്‍ത്ഥമായി പഠിപ്പിക്കുന്ന സര്‍ തോല്‍പ്പിക്കാതിരിക്കാനുള്ള സ്‌നേഹബഹുമാനങ്ങള്‍ നിറഞ്ഞ വാശി. അത്ഭുതമെന്നോണം അതിന് തക്ക ഫലവും മാര്‍ക്കിലുണ്ടായി. പാഠവും പരീക്ഷയും ഒന്നുമല്ല അവിടെ എന്നെന്നേക്കുമുള്ള വലിയ മാറ്റങ്ങള്‍ക്കു ഇടവരുത്തിയത്. ആര്‍ദ്രതയോടെയുള്ള ഹൃദയം തൊടലാണ്… ഉള്ളറിഞ്ഞുള്ള കൂടെ ഇരിക്കലാണ്! ഹിന്ദി എന്ന ഭാഷയെ ഏറെ സ്‌നേഹത്തോടെ ചേര്‍ത്തുവെക്കാനും ആ അനുഭവം കാരണമായി.

ഓരോ ശ്വാസനിശ്വാസത്തിലും ഓരോരുത്തര്‍ക്കുമുണ്ടാകും ഓര്‍ക്കാന്‍ ഇങ്ങനൊരു രാധ സാറും വിജയന്‍ സാറും. ഓര്‍ക്കുമ്പോള്‍ ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്‌നേഹവും…

ഏതെല്ലാം അധ്യാപകര്‍ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ടോ അവരെല്ലാം തന്നെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്നേവരെ അനുഗ്രഹമായിട്ടേ ഉള്ളൂ!

തുണ്ടില്‍ സ്‌കൂളിലായിരുന്നപ്പോള്‍ വീട്ടില്‍ നിന്നാല്‍ സ്‌കൂളിലെ മണിയടി മുഴക്കം നന്നായി കേള്‍ക്കാമായിരുന്ന നാളില്‍ ഉച്ചയൂണിനും ഇന്റെര്‍വെല്ലിനും ഉമ്മിച്ചയുടെ സാമീപ്യത്തിലേക്കു തിരക്കിട്ടോരോട്ടമാണ്. പിന്നീട് പങ്കെടുത്തിട്ടുള്ള ഓട്ടമത്സരങ്ങള്‍ക്കു വിസിലടി പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ അന്നത്തെ വാശിയേടെയുള്ള ഓട്ടമാണ് മനസ്സില്‍ തെളിഞ്ഞിട്ടുള്ളത്.

കൂടെ ഓടി വീടണയാന്‍ തയാറുള്ള കൂട്ടുകാരും ഉച്ച ഊണിനായി ഞങ്ങള്‍ എത്താന്‍ കാത്തിരിക്കുന്ന ഉമ്മിച്ചായും ഒത്താണ് അന്നത്തെ ഉച്ച ഊണുകളെല്ലാം സംഭവബഹുലമാക്കിയിരുന്നത്.

അനീഷയുടെ പൊതിച്ചോറിലെ മുളക് ചുട്ടരച്ച തേങ്ങാ ചമ്മന്തിയും തോരനും മറ്റ് പിഞ്ഞാണത്തിലും ഉമ്മിച്ചാടെ സ്‌പെഷ്യല്‍ കറികള്‍ അനിയുടെ ചോറിലും പുരണ്ട ഓര്‍മ്മ സുഗന്ധത്തിനിന്നും വീര്യമേറെ..

ഊണിനൊപ്പം ഉമ്മിച്ച പറഞ്ഞു പോകുന്ന നാടന്‍ ശീലുകളും കഥകളും ഉള്ളിലെ രുചിമുകുളങ്ങളെ തൊട്ടുണര്‍ത്തിയിരുന്നു. ഉമ്മിച്ചയുടെ കഥകളില്ലാത്ത ദിനങ്ങളില്‍ റേഡിയോയില്‍ നിന്നുയരുന്ന പാട്ടുകളും നാടകങ്ങളും അന്നൊക്കെ ഉച്ചയൂണിന് കൂട്ടായിരുന്നു!

എഴുത്തിനിരുത്ത് ഓര്‍മ്മയിലേക്ക് പോയാല്‍ മണല്‍ തരികളില്‍ ആദ്യാക്ഷരം കുറിപ്പിച്ച ഉമ്മിച്ചയുടെ ഇളം ചൂടുള്ള മടിത്തട്ടും വിരലറ്റത്തെ ഇളം തണുപ്പുള്ള നനവും ആണ് ഓര്‍മ്മ സുഗന്ധം!
പറഞ്ഞു പറഞ്ഞു കേട്ടു പതിഞ്ഞതാകാം അന്നുള്ള ഓര്‍മ്മകള്‍ക്കിത്ര തെളിവുണ്ടാകാന്‍ കാരണം!

പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പെട്ടെന്നുള്ള ബോധോദയം പോലെ ഉമ്മിച്ച പറഞ്ഞിട്ടുള്ള വാക്കുകളോളം മറ്റൊന്നും അതേ പടി ജീവിതത്തില്‍ അരങ്ങേറിയിട്ടില്ല! ഒരുപക്ഷേ സ്ത്രീകള്‍ക്ക് മാത്രം സ്വായത്തമായ ഒന്നാകാം ഇന്റ്യൂഷന്‍ എന്നോ ടെലിപതിയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ചില അനുഭവങ്ങള്‍ !

പൂവിനോളം നൈര്‍മല്യമുള്ള കനിവിന്റേയും സ്‌നേഹത്തിന്റേയും എത്രയെത്ര പാഠങ്ങളെയും അനുഭവങ്ങളെയുമാണ് ഉമ്മിച്ച എന്ന പ്രഥമ ഗുരുനാഥ സമ്മാനിച്ചത്.

കളിയും കാര്യവും ഒരേപോലെ പങ്കിടാന്‍ കഴിയുന്ന രഹസ്യങ്ങളൊളിക്കാന്‍ കഴിയാത്തത്ര അടുപ്പമുള്ള ഉറ്റ തോഴി ആയിരുന്നു ഉമ്മി. കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ സന്താപങ്ങള്‍ പഠിക്കാന്‍ പോയിവരുംവഴിയുള്ള വഴിയരികിലെ വഷളന്‍ വിസില്‍ മുതല്‍ ഉള്ളിലെ പൂവില്‍ വീഴുന്ന വഴുക്കുന്ന വളുവളുപ്പന്‍ കമെന്റ് വരെ.., യാതൊരു സങ്കോചവും കൂടാതെ ഉള്ള് തുറന്നു പകുക്കാന്‍ കിട്ടിയ ആത്മാവിന്റെ കാവല്‍ക്കാരിയായി ഉമ്മി തന്നെയാണ് എന്നെന്നും പ്രിയങ്കരിയായ അദ്ധ്യാപിക!

ഉമ്മിയെ ഉമ്മിയല്ലാതെ ആകാന്‍ വിടാതെ ആദ്യന്തം കരുണയില്‍ പൊതിഞ്ഞ ഉപ്പ തന്നെയാണ് മാര്‍ഗദര്‍ശിയും. തണല്‍ മരങ്ങള്‍ മണ്മറഞ്ഞു. എങ്കിലും ഓര്‍ക്കാതിരിക്കാന്‍ ആവുന്നില്ലലോ!

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top