
റിയാദ്: വാഹനങ്ങളുടെ പിന്നില്‍ പ്രത്യേകം നിര്‍മ്മിച്ച ഗുഡ്‌സ് കാരിയര്‍ ഘടിപ്പിക്കുന്നത് നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
വാഹനങ്ങളുടെ ഭാഗമല്ല പിന്നില്‍ ഘടിപ്പിക്കുന്ന ഗുഡ്‌സ് കാരിയറുകള്‍. ഇത് അപകടം ക്ഷണിച്ചു വരുത്തും. റോഡ് സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ചതുര്‍ ചക്ര വാഹനങ്ങളുടെ ബാലന്‍സ് തെറ്റാന്‍ സാധ്യതയുണ്ട്. ഇതു വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കും.

പ്രത്യേകം ഘടിപ്പിക്കുന്ന ഗുഡ്‌സ് കാരിയറുകള്‍ പുകകുഴലിനോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ തീപടരാനും ഇടയാക്കും. വാഹനങ്ങള്‍ക്ക് വഹിക്കാന്‍ കഴിയുന്ന പരമാവധി ഭാരം നിശ്ചയിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമാണ് ഇത്തരം കാരിയറുകള്‍. സൗദി മെട്രോളജി വകുപ്പും കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയും ഇതുസംബന്ധിച്ചു നടത്തിയ പഠനത്തില്‍ ഗുഡ്‌സ് കാരിയറുകള്‍ അനുവദിക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
ശീതകാലത്ത് മരുഭൂമിയില്‍ വിനോദത്തിന് പോകുന്നവര്‍ ടെന്റ് ഉള്‍പ്പെടെയുളള സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് പ്രത്യേകം കാരിയറുകള്‍ കാറുകളില്‍ ഘടിപ്പിക്കുന്നത് പതിവാണ്. ഇതു അനുവദിക്കില്ലെന്നും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
