റിയാദ്: സൗദി അറേബ്യയില്‍ ഇന്നു മുതല്‍ ഒരാഴ്ച അന്തരീക്ഷ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48-50 ഡിഗ്രി സെല്‍ഷ്യസായി ഉയരും. ദക്ഷിണ റിയാദില്‍ താപനില 46 മുതല്‍ 48 ഡിഗ്രി വരെയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അല്‍ഹസയില്‍ ഇന്നലെ 49 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപം രേഖപ്പെടുത്തി. ദമ്മാമില്‍ 48 ഡിഗ്രിയും വാദി ദവാസില്‍, ശറൂറ എന്നിവിടങ്ങളില്‍ 46 ഡിഗ്രിയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജിദ്ദ, അല്‍ഖൈസൂമ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില.
അന്തരീക്ഷ താപം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗങ്ങള്‍ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുറത്തു സഞ്ചരിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കനത്ത ചൂട് മുലമുണ്ടാകുന്ന അപകടസാധ്യതകള്‍ വ്യക്തമാക്കുന്ന ഇന്‍ഫോഗ്രാഫിക് പോസ്റ്റ് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ പുറത്തിറങ്ങാതിരിക്കുക. അല്ലെങ്കില്‍ തണലുള്ള സ്ഥലങ്ങളില്‍ കഴിയുകയോ വേണം. അന്തരീക്ഷ താപവും സൂര്യാഘാതവും പ്രതിരോധിക്കാന്‍ നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കുക, തല മറയ്ക്കുക, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക, സണ്‍ ഗ്ലാസ് ധരിക്കുക, ധാരാളം വെള്ളവും കുടിക്കുക എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
