റിയാദ്: ഉംറ കഴിഞ്ഞ് കൊച്ചിയിലേക്കു പുറപ്പെട്ട തീര്‍ഥാടക റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ആറ് ദിവസം. കോയമ്പത്തൂര്‍ ഉക്കടം അല്‍ അമീന്‍ കോളനിയില്‍ മുഹമ്മദ് ഇസ്മയിലിന്റെ പത്‌നി റഹ്മത്തുന്നിസ (60) ആണ് കുടുങ്ങിയത്. റിയാദ് വഴി കൊച്ചിയിലേയ്ക്ക് ജിദ്ദയില്‍ നിന്ന് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്തിരുന്നു.
ജിദ്ദ-റിയാദ് ആഭ്യന്തര യാത്രയ്ക്ക് എയര്‍ക്രാഫ്റ്റിലേയ്ക്ക് കയറുന്നതിന് മുമ്പ് ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് റഹ്മത്തുന്നിസയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് ഹാന്റ് ബാഗുകളും വാങ്ങി. ലഗേജ് കമ്പാര്‍ട്ട്‌മെന്റ് വഴി റിയാദിലെത്തിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ റിയാദിലെത്തിയപ്പോള്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ യാത്രാ രേഖകള്‍ അടങ്ങിയ ഹാന്റ് ബാഗ് കാണാനില്ല. ഇതോടെയാണ് തീര്‍ഥാടകയുടെ യാത്ര അനിശ്ചിതത്വത്തിലായത്.
കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടിയില്ലെന്ന് മാത്രമല്ല പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടതോടെയാണ് യാത്ര മുടങ്ങിയത്. എയര്‍പോര്‍ട്ട് അധികൃതര്‍ വിവരം ഉംറ സര്‍വീസ് കമ്പനിയെ അറിയിച്ചു. അവര്‍ എക്‌സില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ഇന്ത്യന്‍ തീര്‍ഥാടകയുടെ വിവരം പങ്കുവെച്ചത് ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെട്ടതോടെ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനെ റഹ്മത്തുന്നിസയെ സഹായിക്കാന്‍ ചുമതലപ്പെടുത്തി.
അര്‍ധ രാത്രിയോടെ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജു നിലമ്പൂരുമായി എയര്‍പോര്‍ട്ടിലെത്തിയ ഷിഹാബ് കൊട്ടുകാട് എയര്‍പോര്‍ട്ടിലെത്തി റഹ്മത്തുന്നിസയെ കണ്ടു. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് മാനേജരോട് വിവരം ധരിപ്പിക്കുകയും ജിദ്ദയിലേയ്ക്ക് സന്ദേശം കൈമാറുകയും ചെയ്തു. എങ്കിലും ബാഗ് കണ്ടെത്താനുളള ശ്രമം വിജയിച്ചില്ല. ഇതോടെ എംബസിയില്‍ പാസ്‌പോര്‍ട്ട് കോണ്‍സിലര്‍ നായികിനെ വിവരം ധരിപ്പിച്ചു. ഉംറ സര്‍വീസ് കമ്പനിയിലെ മുഹമ്മദ് ഫഹദില്‍ നിന്ന് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന്റെ കോപ്പി ശേഖരിച്ച് ഔട്ട്പാസ് നേടി കഴിഞ്ഞ ദിവസം റഹ്മത്തുന്നിസ നാട്ടിലേയ്ക്കു മടങ്ങി.
ഗ്രൗണ്ട് സ്റ്റാഫിന്റെ വീഴ്ചയാണെങ്കിലും റഹ്മത്തുന്നിസയ്ക്ക് ആവശ്യമായ മുഴുവന്‍ സഹായവും റിയാദില്‍ എയര്‍ലൈന്‍സും എയര്‍പോര്‍ട്ട് മാനേജരും ചെയ്തതായി ഷിഹാബ് കൊട്ടുകാട് പറഞ്ഞു. സൗദി എയര്‍ലൈന്‍സ് യാത്രയ്ക്കുളള ടിയ്ക്കറ്റ് നല്‍കുകയും ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് മാനേജര്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെത്തി തീര്‍ഥാടകയെ യാത്രയാക്കുകയും ചെയ്തു. വിമാന യാത്ര നടത്തുന്നവര്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുളള യാത്രരേഖകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. യാത്ര കഴിയുന്നതുവരെ കയ്യില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ചെറിയ ബാഗുകളില്‍ പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.