Sauditimesonline

watches

ഐ ലൈക് ദിസ് സ്‌മെല്‍, ബട്ട് ഇറ്റിസ് മേക്കിങ് മീ സാഡ്

അഞ്ജലി രാധാകൃഷ്ണന്‍, മസ്‌കത്

ബോറടിച്ചിരിക്കുമ്പോള്‍ എന്റെ കുട്ടികള്‍ക്ക് ആദ്യംതോന്നുന്ന വികാരമാണ് വിശപ്പു. ഇപ്പോള്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വീട്ടിലിരിപ്പുകൂടി. അതുകൊണ്ട് വിശപ്പിന്റെ വിളി അല്പം കൂടുതലാണ്. വൈകുന്നേരം പതിവുപോലെ മോന്റെ സ്‌നാക്ക്‌സ് വിളി കേട്ട് അടുക്കളയില്‍ കയറി. ബ്രഡ് ഉള്ളതുകൊണ്ട് എളുപ്പത്തില്‍ കാര്യം തീരുമാനമായി. കൂടെ പാലും തിളപ്പിക്കാന്‍ വച്ചു. റാഗി മാള്‍ട്ട് പോലെയാണ് വൈകുന്നേരങ്ങളില്‍ മക്കള്‍ക്കു പാല് കുടിക്കാന്‍ കൊടുക്കാറ്. കഴിക്കാനുള്ളത് റെഡി ആയോ എന്നറിയാന്‍ രണ്ടുപേരും മാറി മാറി വന്ന് അന്വേഷിച്ചു.

വേഗം പാല് ചൂടാറ്റി രണ്ടാള്‍ക്കും കൊടുത്തു. പാല്‍ കപ്പ് കൈയിലെടുത്തു ഒരു കവിള്‍ കുടിച്ചിട്ടു എന്നെ നോക്കി അവന്‍ പറഞ്ഞു. അമ്മാ, ഐ നോ ദിസ് സ്‌മെല്‍. ഭക്ഷണകാര്യത്തില്‍ മോള്‍ക്ക് കുറച്ചു ഇഷ്ടാനിഷ്ടങ്ങളൊക്കെയുണ്ട്. എന്നാല്‍ മോനാവട്ടെ കഴിക്കുന്നതെന്തായാലും രുചിയുള്ളതാവണമെന്ന നിര്‍ബന്ധം മാത്രം. ഇഷ്ടമായില്ലെങ്കില്‍ അതു മടിക്കാതെ മുഖത്തുനോക്കി പറയുകയും ചെയ്യും! പാലില്‍ പഞ്ചസാരക്ക് പകരം ശര്‍ക്കരയിട്ടത് പിടിക്കപ്പെട്ടു എന്നെനിക്കു മനസിലായി. ശര്‍ക്കരയുടെ ഗുണഗണങ്ങള്‍ വര്‍ണിക്കാന്‍ വാ തുറന്നതും മോന്‍ വീണ്ടും പറഞ്ഞു ‘അമ്മാ, ഐ ലൈക് ദിസ് സ്‌മെല്‍. ബട്ട് ഇറ്റിസ് മേക്കിങ് മീ സാഡ്’. അവന്റെ മുഖം വാടി. എനിക്കൊന്നും പിടികിട്ടിയില്ല.

എന്താമോനെ, എന്തിനാ കുഞ്ഞു സാഡ് ആകുന്നത്? ‘അമ്മാ, ഇറ്റ് ഈസ് റിമൈന്‍ഡിങ് മീ ഓഫ് അമ്മമ്മ. ഷി ക്രൈസ് വേനവര്‍ വി കം ബാക് ‘ ശരിയാണ്. അവരുടെ അച്ഛമ്മ (അമ്മമ്മ എന്നാണ് കുട്ടികള്‍ വിളിക്കുന്നത്) ശര്‍ക്കരയിട്ടാണ് പാലുകൊടുക്കാറുള്ളത് . ആ ഗന്ധം അവന്റെ മനസ്സില്‍ പതിഞ്ഞിരിക്കുന്നു. അവനെത്ര വളര്‍ന്നാലും എക്കാലവും ആ ഗന്ധം അവനു പ്രിയപ്പെട്ട ഓര്മകളിലേക്കുള്ള താക്കോലാവും. കെട്ടിപിടിച്ചൊരു ചക്കരയുമ്മ കൊടുത്തു സമാധാനിപ്പിച്ചു. ‘സാരമില്ല, അടുത്ത വെക്കേഷന് പോകുമ്പോ അമ്മമ്മയെ കാണാലോ ‘

സാധാരണ കളിയിലോ കാര്‍ട്ടൂണിലോ മുഴുകിയിരിക്കുമ്പോഴാണെങ്കില്‍ അച്ഛാച്ഛനോടും അമ്മമ്മയോടും ഫോണില്‍ സംസാരിപ്പിക്കാന്‍ തന്നെ ലേശം ബുദ്ധിമുട്ടാണ്. ഇവരെപ്പോലെ അന്യനാടുകളില്‍ വളരുന്ന കുട്ടികള്‍ക്ക് അപ്പുപ്പന്‍ അമ്മുമ്മമാരുടെ വാത്സല്യം അനുഭവിക്കാനുള്ള അവസരങ്ങള്‍ വളരെ കുറവാണു. ഫോണ്‍ വിളികളും വീഡിയോ ചാറ്റിങ്ങുകളും ഒന്നിച്ചു ചിലവഴിക്കുന്ന മധുരമൂറും നിമിഷങ്ങള്‍ക്ക് പകരമാവില്ല. അതുകൊണ്ടുതന്നെ ആ സ്‌നേഹത്തണല്‍ അവര്‍ അറിയാതെപോകുമല്ലോ എന്ന നഷ്ടബോധം എനിക്കുണ്ടായിരുന്നു. പക്ഷെ ഒരു സുഗന്ധത്തിനു മോന്റെ ഓര്‍മകളെ ഉണര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ അവരുടെ സ്‌നേഹം ആ കുഞ്ഞുമനസില്‍ ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നര്‍ത്ഥം. ഒന്നിച്ചു ചിലവഴിച്ച സമയങ്ങള്‍ അതെത്ര ചെറുതാണെങ്കിലും കുട്ടികള്‍ മറന്നിട്ടില്ല. സുഗന്ധം പരത്തുന്ന ഓര്‍മപ്പൂക്കളാല്‍ അവരുടെ ഹൃദയങ്ങള്‍ നിറക്കാന്‍ മറ്റൊരവധിക്കാലത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top