Sauditimesonline

watches

കൊറോണ വൈറസ് ചൈനയുടെ ജൈവായുധം?


വൈറസ് വില്ലനാകുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സ്, കൊറോണ, അബോള, നിപ്പ, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് എന്നിവയെല്ലാം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത് വൈറസുകളിലൂടെയാണ്. രോഗത്തിന് കാരണമാകുന്ന സൂക്ഷ്മാണുക്കളായ വൈറസുകളുടെ ലോകം ജീവനുള്ള കോശങ്ങളാണ്. ബാക്ടീരിയയുടെ നൂറിലൊന്ന് വലിപ്പം മാത്രാണ് വൈറസുകള്‍ക്കുളളത്. മനുഷ്യരിലും മൃഗങ്ങളിലും വൈറസിനെ കാണാന്‍ കഴിയും. മനുഷ്യ ശരീരത്തില്‍ വൈറസിന്റെ വളര്‍ച്ച വേഗമാക്കുന്ന ഘടകങ്ങള്‍ക്കനുസൃതമായാണ് രോഗം ഗുരുതരമാകുന്നത്. പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുളളവര്‍ക്ക് രോഗം വേഗം പിടിപെടുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലും വൈറസ് ബാധ വളരെ വേഗം വ്യാപിക്കും.

വൈറസ് വാഹികളായ ജീവികള്‍

ഒട്ടകം, വവ്വാല്‍, കാലികള്‍, കൊതുക് എന്നീ ജീവികള്‍ വൈറസ് പടര്‍ത്തുന്നവയാണ്. എന്നാല്‍ ഇത്തരം ജീവികളില്‍ വൈറസുകളെ പ്രതിരോധിക്കുവാനുളള ആന്റി ബോഡികള്‍ ഉണ്‌ടെന്ന് കണ്‌ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ജീവികള്‍ക്ക് രോഗ ബാധ ഉണ്ടാവില്ല. സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ ഉറവിടം ഒട്ടകങ്ങളിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആട്ടിടയന്‍മാരില്‍ നിന്നും അവരുമായി അടുത്തിടപഴകിയവര്‍ക്കുമാണ് രോഗം ബാധിച്ചത്. ചൈനയിലെ വുഹാനിലെ മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തിച്ച ജീവികളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് കരുതുന്നത്.

ജനിതകമാറ്റം വെല്ലുവിളിയാകും

വിവിധ ഇനം വൈറസുകള്‍ ഏതെങ്കിലും ജീവിയുടെ ശരീരത്തില്‍ കയറുകയും ജനിതക മാറ്റം സംഭവിച്ച് പുതിയ ഇനം വൈറസുകള്‍ രൂപം കൊളളുകയും ചെയ്യും. റീകോംബിനേഷന്‍, റീഅസോര്‍ട്‌മെന്റ് എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്. കണ്‌ടെത്തുന്ന വൈറസുകള്‍ക്കെതിരെ പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുമെങ്കിലും ജനിതകമാറ്റം സംഭവിച്ചാല്‍ ഇത്തരം വാക്‌സിനുകള്‍ ഫലം ചെയ്യാത്ത അവസ്ഥ സംജാതമാകും. യഥാര്‍ഥത്തില്‍ ശാസ്ത്രലോകം നേരിടുന്ന വെല്ലുവിളയാണിത്. സൗദിയില്‍ കണ്‌ടെത്തിയ വൈറസും ചൈനയില്‍ അടുത്തിടെ പ്രത്യക്ഷപ്പെ വൈറസും ഇത്തരത്തില്‍ ജനിതക മാറ്റം സംഭവിച്ചവയാണ്.

സ്വയം പ്രതിരോധം

വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കും. നല്ല ആരോഗ്യമുളളവരുടെ പ്രതിരോധം ആദ്യ ശ്രമത്തില്‍ തന്നെ പലപ്പോഴും ഫലം ചെയ്യാറുണ്ട്. ഇത്തരക്കാര്‍ക്ക് വൈറസ് പ്രത്യക്ഷപ്പെട്ട് അടുത്ത ദിവസങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമെങ്കിലും വൈറസിനെ സ്വയം പ്രതിരോധത്തിലൂടെ കീഴ്‌പ്പെടുത്താന്‍ കഴിയുന്നതോടെ ആരോഗ്യം മെച്ചപ്പെടും. അതേസമയം വൈറസിനെ പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രോഗം കലശലാകുന്നത്. പ്രായമായവരിലും വിവിധ രോഗങ്ങള്‍ മൂലം കഷ്ടത അനുഭവിക്കുന്നവരിലും പ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ടുതന്നെ രോഗം പിടിപെടാതെ സൂക്ഷിക്കുക എന്നതാണ് പ്രതിരോധത്തിനുളള ഏറ്റവും നല്ല മാര്‍ഗം

മലയാളി നഴ്‌സിന് വൈറസ് ബാധ

സൗദിയിലെ അബഹയില്‍ ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചിരുന്നു. ചൈനയില്‍ കണ്‌ടെത്തിയ നോവല്‍ കൊറോണ വൈറസല്ല ഇതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രോഗ ലക്ഷണം കണ്ടതോടെ പ്രത്യേക നിരീക്ഷണത്തിലായിരുന്ന നഴ്‌സ് ആരോഗ്യം വീണ്ടെടുത്തു.

കൊറോണമെയ അതിജെയിച്ച് സൗദി

2013 മുതലാണ് സൗദിയില്‍ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. 30ലധികം രാജ്യങ്ങളില്‍ വൈറസ് പ്രത്യക്ഷപ്പെട്ടിട്ടുങ്കെിലും രോഗം ബാധിച്ചവരില്‍ 80 ശതമാനവും സൗദി അറേബ്യയലുളളവരാണ്. അറബികളുടെ പ്രൗഢിയുടെ അടയാളമാണ് ഒട്ടകങ്ങള്‍. ഗ്രാമങ്ങളില്‍ ഒട്ടകങ്ങളില്ലാത്ത കുടുംബങ്ങളില്ല. എന്നാല്‍ ഒട്ടകങ്ങള്‍ വഴി കൊറോണ വൈറസ് പടരുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികളാണ് സൗദി അറേബ്യ സ്വീകരിച്ചത്.

പ്രതിരോധത്തിന് ബോധവല്‍ക്കരണം

കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം ബോധവല്‍രണം നടത്തുന്നുണ്ട്. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് പുറമെ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്‌കൂളുകളിലും ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയം രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും ആരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ വൈറസ് ബാധ പടരുന്നത് തടയാന്‍ ആവശ്യമായ നിര്‍ദേശവും നല്‍കി. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പരിശീലനവും നടത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്. പനി, ശ്വാസ തടസം എന്നിവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. ഇത് ന്യൂമോണിയ ആയി മാറാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുളളത്.

ജൈവായുധമെന്ന് ആരോപണം

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ജൈവായുധമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജൈവായുധ വിദഗ്ദനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഉദ്യോഗസ്ഥനുമായ ഡാനി ഷോഹം ആണ് ആരോപണം ഉന്നയിച്ചത്. ചൈനയുടെ രഹസ്യ ജൈവായുധ പദ്ധതികള്‍ വുഹാനിലെ ലാബുകളിലാണെന്ന് വാഷിംഗ് ടണ്‍ ടൈംസ് ഡാനി ഷോഹത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര രംഗത്ത് സാമൂഹിക മാധ്യമങ്ങളിലും ഇതേ പ്രചാരണം സജീവമാണ്. അതേസമയം ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ വ്യക്തമാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

എന്നാല്‍ വ്യാപാര യുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്കയാണ് വൈറസിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചൈനയെ തകര്‍ക്കാന്‍ അമേരിക്കയുടെ ജൈവായുധമാണ് കൊറോണ വൈറസെന്ന പ്രചാരണം ഏറ്റവും കൂടുതല്‍ നടക്കുന്നത് ചൈനയിലാണ്.

ആശങ്ക വേണ്ട; എങ്കിലും ശങ്ക ഒഴിയുന്നില്ല

ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എങ്കിലും ചൈനയില്‍ നിന്നുളള വര്‍ത്തമാനം അത്ര ശുഭകരമല്ല. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്. അയല്‍ രാജ്യങ്ങളിലേക്കും വൈറസ് പടര്‍ന്നിട്ടുണ്ട്. മനുഷ്യരില്‍ ഇതിനു മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയ ഗണത്തില്‍ പെട്ട കൊറോണ വൈറസ് ആണ് ചൈനയില്‍ പ്രത്യക്ഷപ്പെട്ടത്. നോവല്‍ കൊറോണ വൈറസ് എന്നാണ് ഇതിന് പേര് നല്‍കിയിട്ടുളളത്. മധ്യ ചൈനയിലെ ഹുബീ പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാന്‍. ഇവിടെ ഡിസംബര്‍ 31ന് ആണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്.

നോവല്‍ കോവിഡ് ആയി

ചൈനയില്‍ പ്രത്യക്ഷപ്പെട്ട നോവല്‍ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന കോവിഡ് 19 എന്നാണ് പുതുതായി പേരു നല്‍കിയത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കെഴുത്താണ് കൊവിഡ്. പല രാജ്യങ്ങളിലും വിവിധ പേരുകളിലാണ കൊറോണ വൈറസ് അറിയപ്പെടുന്നത്. ഇത് ആശയകുഴപ്പത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് കോവിഡ് എന്ന് പുതിയ വൈറസിന് ലോകാരോഗ്യ സംഘടന പേരിട്ടത്.

സൗദിയിലേത് മെര്‍സ്

2012ല്‍ ജോര്‍ദാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2013ല്‍ സൗദിയിലും ഇതേ വൈറസ് പ്രത്യക്ഷപ്പെട്ടു. മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിണ്‍ട്രോം അഥവാ മെര്‍സ് കോറോണ വൈറസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്ഥമാണ് ചൈനയില്‍ കണ്‌ടെത്തിയ വൈറസ്. നോവല്‍ കൊറോണ വൈറസ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മരണം ആയിരം കടന്നു

വൈറസ് പടര്‍ന്നുപിടിച്ചതോടെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വിദഗ്ദ സംഘം ചൈന സന്ദര്‍ശിക്കുകയും ചെയ്തു. ചൈനയില്‍ മരണം ആയിരം കടന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രോഗ ബാധയുളളവരുടെ എണ്ണം അന്‍പതിനായിരത്തിലേക്ക് അടുക്കുന്നു. മുപ്പത് രാജ്യങ്ങളിലെങ്കിലും കൊറോണ വൈറസിന്റെ സാന്നിധ്യവും ഉണ്ട്. വൈറസ് പടരുന്നതിന്റെ ഗൗരവം കണക്കിലെടുത്താണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

ചൈന സന്ദര്‍ശിക്കുന്നതിന് വിലക്ക്

സൗദി പൗരന്‍മാരും രാജ്യത്തു തൊഴില്‍ വിസയില്‍ കഴിയുന്ന വിദേശികളും ചൈന സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി അറേബ്യ നിര്‍ദേശിച്ചു. ചൈനയിലേക്കുളള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കുകയും ചെയ്ത. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ചൈനയിലേക്കുളള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് യാത്രചെയ്യുന്ന സ്വദേശി പൗരന്മാര്‍ സ്വന്തം ഉത്തരവാദിത്തം മറക്കരുത്. ചൈനയിലേക്ക് പോയ വിദേശികളെ തല്‍ക്കാലം രാജ്യത്തേക്ക് മടങ്ങി വരാന്‍ അനുവദിക്കില്ല.

ചൈനീസ വിപണിയില്‍ മാന്ദ്യം

ചൈനീസ് പുതുവത്സരവും ശീതകാല അവധിയും ഫെബ്രുവരി പതിനഞ്ച് ആകുന്നതോടെ അവസാനിക്കും. ബിസിനസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ സൗദിയില്‍ നിന്നു നിരവധിയാളുകള്‍ ഫെബ്രുവരി അവസാനത്തോടെ ചൈന സന്ദര്‍ശിക്കാന്‍ വിസ നേടിയിരുന്നു. ഇവരെല്ലാം യാത്ര റദ്ദാക്കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സൗദി ഉള്‍പ്പെടെ ജി സി സി രാഷ്ട്രങ്ങളില്‍ ആയിരക്കണക്കിന് കണ്ടെയ്‌നല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇതെല്ലാം അനിശ്ചിതത്വം നേരിടുകയാണ്. ഉംറ, ഹജ് സീസണുകളില്‍ സൗദിയില്‍ ആവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ സീസണില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. ചൈനയുടെ ഏറ്റവും വലിയ വിപണി പശ്ചിമേഷ്യയാണ്. ചൈനയിലെ ഉല്‍പ്പാദകര്‍ക്കു മാത്രമല്ല, ചൈനയിലേക്കുളള യാത്ര ഒഴിവാക്കിയതോടെ വിമാന കമ്പനികള്‍ക്കും ചൈനയിലെ ട്രാവല്‍, ടൂറിസം മേഖലയും തിരിച്ചടി നേരിടുകയാണ്.

വ്യക്തി ശുചിത്വം അനിവാര്യം

കൊറോണ വൈറസ് ബാധ പടരുന്നത് തടയാന്‍ വ്യക്തി ശുചിത്വമാണ് സുപ്രധാനം. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയും ഉത്തരവാദിത്തം നിര്‍വഹിക്കുകയും ജാഗ്രത പാലിക്കുകയും വേണം.

https://youtu.be/nHpc_l8sI9o

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top