Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം ബിനാമി സംരംഭം വര്‍ധിപ്പിക്കുമെന്ന്

റിയാദ്: തൊഴിലാളികളുടെ നിയന്ത്രണം സ്വദേശി പൗരന്‍മാരില്‍ നിക്ഷിപ്തമാക്കുന്ന സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായമാണ് സൗദിയില്‍ ബിനാമി സംരംഭങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദന്‍ ഥാമിര്‍ അല്‍ സഈദ്. ബിനാമി സംരംഭകര്‍ വര്‍ഷം 400 ബില്യണ്‍ റിയാലിന്റെ വ്യാപാരം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ വിദേശ തൊഴിലാളികളിലേറെയും വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപിന് കീഴിലാണ് ജോലി ചെയ്യുന്നത്. ഇത് ബിനാമി സംരംഭം വര്‍ധിപ്പിക്കാന്‍ ഇടവരുത്തും. സ്‌പോണ്‍സര്‍ക്കു കീഴില്‍ രഹസ്യമായും സ്‌പോണ്‍സറുടെ അനുമതിയോടെയും നിയമം ലംഘിച്ച് സംരംഭം നടത്തുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് നിയമം എടുത്തുകളഞ്ഞാല്‍ സ്വന്തം സംരംഭം ആരംഭിക്കാന്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും ഥാമിര്‍ അല്‍ സഈദ് പറഞ്ഞു.

സ്വദേശി ജീവനക്കാര്‍ക്ക് ജോലി നല്‍കുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിദേശികള്‍ക്ക് അവസരമൊരുക്കണം. ഇതുവഴി ബിനാമി ബിസിനസ് നിയന്ത്രിക്കാന്‍ കഴിയും. മാത്രമല്ല ദേശീയ സമ്പദ് ഘടനയെ സഹായിക്കുകയും ചെയ്യും.

2018ലെ വാണിജ്യ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വര്‍ഷം 400 ബില്യണ്‍ റിയാലിന്റെ വ്യാപാരം നടക്കുന്നുണ്ട്. ഇതില്‍ 40 ശതമാനം ലാഭമാണ്. ഈ തുക വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് രാജ്യത്തിന്റെ സമ്പദ് ഘടനക്കാണ് ദോഷം ചെയ്യുന്നതെന്നും ഥാമിര്‍ അല്‍ സഈദ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top