റിയാദ്: സൗദി അറേബ്യയില്‍ ബിനാമി സംരംഭം നടത്തിയ ഇന്ത്യക്കാരന് പിഴ ശിക്ഷ വിധിച്ചു. നിയമ നടപടികള്‍ക്കു ശേഷം നാടുകടത്തണമെന്നും ബുറൈദ ക്രിമനല്‍ കോടതി ഉത്തരവിട്ടു. അല്‍ ഖസീമിലെ അല്‍ ബദായില്‍ കമ്പ്യൂട്ടറും മൊബൈലും വില്‍ക്കുന്ന സ്ഥാപനം നടത്തിയ എം കെ ശബീര്‍ അലിക്കെതിരെയാണ് പിഴ ശിക്ഷ വിധിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇയാളില്‍ നിന്നു സകാത്ത്, നികുതി എന്നിവ ഈടാക്കും. ശബീര്‍ അലിയുടെ പേരും വിലാസവും നിയമ ലംഘനങ്ങളുടെ വിവരങ്ങളും പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം ചെയ്യും. ഇതിനുളള ചെലവും ഇയാളില്‍ നിന്ന് ഈടാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്ത് മടങ്ങി വരുന്നതിനു ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.
ശബീര്‍ അലി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ചു ലക്ഷം റിയാല്‍ കണ്ടെടുത്തു. ഇതിന്റെ ഉറവിടം ബോധിപ്പിക്കാന്‍ കഴിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി ശബീര്‍ അലിയുടെ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ബിനാമി സംരംഭ ആണെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ കണ്ടെടുത്തു. വിചാരണ കോടതിയില്‍ ബിനാമി സംരംഭമാണെന്ന് സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
ബിനാമി സംരംഭകരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. 1900 എന്ന ടോള്‍ ഫ്രീനമ്പരിലാണ് അറിയിക്കേണ്ടത്. പിഴയുടെ 30 ശതമാനമോ പരമാവധി 10 ലക്ഷം റിയാലോ പാരിതോഷികമായി ലഭിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.