ഡോ. ഹസീന ഫുവാദ്

കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് നാം ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. കൊവിഡ് ബാധ നേരിട്ടാല്‍ എന്തൊക്കെ ചെയ്യണമെന്നും നമുക്ക് അറിയാം. എന്നാല്‍ കൊവിഡ് മുക്തി നേടിയവര്‍ നേരിടുന്ന ഫംഗസ് ബാധയെ സംബന്ധിച്ചാണ് ചില കാര്യങ്ങള്‍ പങ്കുവെക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്‌ളാക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് പ്രത്യക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു. മാത്രമല്ല ബ്‌ളാക് ഫംഗസ് ബാധിച്ച് നിരവധി മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും കോവിഡാനന്തര രോഗമായി ബ്‌ളാക് ഫംഗസ് കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ ഇതിനെ നിസാരമായി തളളരുത്
മ്യൂക്കര്‍മൈക്കോസിസ് ബാധ പുതിയതല്ല. എന്നാല്‍ കൊവിഡ് രോഗ മുക്തി കൈവരിച്ചവരില്‍ കൂടുതലായി കണ്ടെത്തിയത് വെല്ലുവിളിയാണ്. പ്രമേഹം ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും മരുന്നു ഉപയോഗിക്കുന്നവര്‍ക്ക് പ്രതിരോധ ശേഷി കുറവാണ്. ഇവരിലാണ് ബ്‌ളാക് ഫംഗസ് വേഗം വില്ലനായി മാറുന്നത്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്കു പ്രകാരം ബ്‌ളാക് ഫംഗസ് പിടിപെട്ടവരില്‍ 54 ശതമാനമാണ് മരണ നിരക്ക്. ഇന്ത്യയില്‍ ബ്‌ളാക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് മാര്‍ഗ രേഖ പുറത്തിറക്കിയിട്ടുണ്ട്,
കണ്ണ്, മൂക്ക്, എന്നിവക്കു ചുറ്റും ചുവന്നിരിക്കുന്നത് ഫംഗസ് ബാധയുടെ ലക്ഷണമാണ്. വേദന, പനി, തലവേദന, ചുമ, ശ്വാസ തടസ്സം, രക്തം ഛര്‍ദ്ദിക്കുക, മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുക എന്നിവയും പ്രകടമാകാം. പ്രമേഹ രോഗമുളളവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞ വര്‍ക്ക് ബ്‌ളാക് ഫംഗസ് രോഗം വേഗം പിടിപെടാന്‍ സാധ്യതയുണ്ട്. കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയരായവര്‍, ഐസിയുവില്‍ ദീര്‍ഘ നാള്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്കും ബ്‌ളാക് ഫംഗസ് ബാധക്ക് സാധ്യതയുണ്ട്
മൂക്കടഞ്ഞിരിക്കുക, ശ്വാസ തടസ്സം അനുഭവപ്പെടുക, മൂക്കില്‍ നിന്നു രക്തം കലര്‍ന്ന സ്രവം വരുക, മുഖത്തിന്റെ വശങ്ങളില്‍ വേദന, വീക്കം എന്നിവ അനുഭവപ്പെടുക, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങളില്‍ നിറം മാറ്റം സംഭവിക്കുക, പല്ലുവേദന, താടിയെല്ലിനു വദേന, പല്ലുകൊഴിയല്‍, നെഞ്ചുുവേദന, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക എന്നിവയുളളവരില്‍ ബ്‌ളാക് ഫംഗസ് ബാധ സംശയിക്കണം.
ഫംഗസില്‍ നിന്നു രക്ഷ നേടാന്‍ വ്യക്തി ശുചിത്വം അനിവാര്യമാണ്. നന്നായി കുളിക്കുന്നത് ഉത്തമമാണ്. പൊടിപടലങ്ങള്‍ കൂടുതല്‍ ശ്വസിക്കാതിരിക്കുക, മാസ്‌ക് സ്ഥിരമായി ഉപയോഗിക്കുക, പ്രമേഹമുളളവര്‍ രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് ഇടക്കിടെ പരിശോധിച്ച് അനിയന്ത്രിത പ്രമേഹം ഇല്ലെന്ന് ഉറപ്പു വരുത്തണം. സ്റ്റിറോയിഡ് മരുന്ന് ഉപയോഗിക്കുവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും ഡോക്ടറുടെ ഉപദേശം അനുസരിച്ച് അളവ് ക്രമീകരിക്കുകയും വേണം. രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ഫംഗസ് സാന്നിധ്യം കണ്ടെത്താനുളള പരിശോധന നടത്തി ആവശ്യമായ ചികിത്സ തേടുകയും വേണം
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
