Sauditimesonline

watches

ബംഗാളി കുരുന്നിന് മുലയൂട്ടി സൗദി വീട്ടമ്മ

റിയാദ്: ബംഗ്‌ളാദേശ് പൗരന്റെ കുഞ്ഞിനെ മുലയൂട്ടി പോറ്റമ്മയായിരിക്കുകയാണ് സൗദി അറേബ്യയിലെ അല്‍ ജൗഫിലുളള സൗദി വീട്ടമ്മ. സൗദി പൗരന്‍ ആയിദ് അല്‍ ശമ്മരിയുടെ ഭാര്യ ഉമ്മു സൈഫാണ് കുഞ്ഞിനെ പാലൂട്ടി താരാട്ടി സ്വന്തം കുഞ്ഞിനോടൊപ്പം വളര്‍ത്തുന്നത്.
ഇവരുടെ വീട്ടില്‍ ഹൗസ് ഡ്രൈവറാണ് ബംഗ്‌ളാദേശ് പൗരനായ ഹസന്‍ ആബ്ദീന്‍. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ തൊഴിലുടമ ബംഗ്‌ളാദേശിലുളള ഭാര്യയെ കൊണ്ടുവരാന്‍ സൗകര്യം ഒരുക്കി. അവര്‍ക്ക് പ്രത്യേകം താമസ സൗകര്യം ഒരുക്കുകയും ചെയ്തു. ഇതിനിടെ ഹസന്‍ ആബ്ദീന്റെ ഭാര്യ ഗര്‍ഭിണിയായി. അല്‍ ജൗഫിലെ ആശുപത്രിയിലായിരുന്നു പ്രസവം. എന്നാല്‍ പ്രസവാനന്തരം കുഞ്ഞുപൈതലിനെയും ഭര്‍ത്താവിനെയും തനിച്ചാക്കി മാതാവ് വിടപറഞ്ഞു. അല്‍ ജൗഫില്‍തന്നെ അവരെ ഖബറടക്കി.

കുഞ്ഞിനെ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന സമയം. ഇതിനിടെ തൊഴിലുടമയുടെ ഭാര്യ ഉമ്മു സൈഫും പ്രസവിച്ചു. ഇതോടെ ഉമ്മ നഷ്ടപ്പെട്ട റഹ്മ എന്ന പെണ്‍ കുരുന്നിന്റെ സംരക്ഷണം ഉമ്മു സൈഫ് ഏറ്റെടുത്തു. സ്വന്തം കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതോടൊപ്പം ബംഗ്‌ളാദേശ് പൗരന്റെ കുഞ്ഞിനും മുലയൂട്ടി. പ്രവാചകന്‍ തിരുമേനിയുടെ ചെറുപ്പത്തില്‍ ഹലീമാ ബീവി മുലയൂട്ടിയിരുന്നു. വിശുദ്ധ ഖുര്‍ആനിലും നബി വചനങ്ങളിലും മുലയൂട്ടുന്നതിനെ പ്രോത്സാഹിപ്പിക്കുകയും മുലകുടി കുഞ്ഞുങ്ങളുടെ അവകാശമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതറിയുന്നതുകൊണ്ടുതന്നെ ശമ്മരി കുടുംബം സന്തോഷത്തോടെയാണ് റഹ്മയെ പാലൂട്ടുന്നത്.

പന്ത്രണ്ടു വയസില്‍ താഴെ പ്രായമുളള 5 മക്കളോടൊപ്പമാണ് റഹ്മയുടെയും ജീവിതം. അവര്‍ക്കു നല്‍കുന്ന മുഴുവന്‍ സൗകര്യങ്ങളും റഹ്മക്കും ഒരുക്കിയിട്ടുണ്ട്. സ്വന്തം കുഞ്ഞുങ്ങളോടൊപ്പം കളിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയും താലോലിക്കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണിലെ ഉമ്മയുടെ ചിത്രം പിതാവായ ഹസന്‍ ആബ്ദീന്‍ കാണിക്കുമെങ്കിലും റഹ്മയുടെ ഉപ്പയും ഉമ്മയും മുലകുടി ബന്ധത്തിലൂടെ സ്ഥാപിച്ച ശമ്മരിയും ഉമ്മു സൈഫുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top