Sauditimesonline

watches

കെഎംസിസി സുരക്ഷാ പദ്ധതി; 30 കോടി വിതരണം ചെയ്തു

റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി പ്രകാരം മൂന്ന് കോടി രൂപയുടെ ആദ്യ ഘട്ട സഹായ വിതരണം സെപ്തംബര്‍ 8ന് മലപ്പുറത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എട്ട് വര്‍ഷത്തിനിടെ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ 357 പേരാണ് വിടപറഞ്ഞത്. 1,139 പേര്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു. ആകെ മുപ്പത് കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്തതായും കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം വരെയുള്ള വിഹിതമാണ് വിതരണം ചെയ്യുന്നത്. ആദ്യ വര്‍ഷം അംഗങ്ങളായവര്‍ക്ക് മൂന്ന് ലക്ഷവും, രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെയായവര്‍ക്ക് ആറ് ലക്ഷവും എല്ലാവര്‍ഷവും അംഗങ്ങളായവര്‍ക്ക് പത്ത് ലക്ഷവുമാണ് മരണാനന്തര ആനുകൂല്യങ്ങളായി വിതരണം ചെയ്യുക. പദ്ധതി കാലയളവില്‍ മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി ഇരുപത്തി അഞ്ച് പേര്‍ക്കുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്യും.

കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴില്‍ ഈ വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നാണ് സഹായ വിതരണം. ഉച്ചക്ക് 2ന് മലപ്പുറം കോട്ടക്കുന്നില്‍ ഭാഷ സ്മാരക ഹാളില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സഹായ വിതരണം നിര്‍വഹിക്കും. നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ കൊവിഡ് ബാധിച്ച് മരിച്ചവര്‍ ഉള്‍പ്പെടെ 50 ഗുണഭോക്താക്കളുടെ കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം വിതരണം ചെയ്യുന്നതെന്ന് കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ മുസ്ലിംലീഗ് നേതാക്കളയായ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എം എല്‍ എ, ഇ ടി മുഹമ്മദ്ബഷീര്‍ എം.പി, പി വി അബ്ദുല്‍ വഹാബ് എം.പി , കെ.പി.എ മജീദ് എം എല്‍ എ, എം കെ മുനീര്‍ എം എല്‍ എ, പി എം എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ഹാജി, അബ്ദുല്‍റഹ്മാന്‍ കല്ലായി, ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം എല്‍ എ, കെ എം ഷാജി, സി പി ചെറിയ മുഹമ്മദ്, ഉമ്മര്‍ പാണ്ടികശാല, ഷാഫി ചാലിയം, പി കെ ഫിറോസ്, അഡ്വ യു എ ലത്തീഫ്, സി പി സൈതലവി എന്നിവര്‍ പങ്കെടുക്കും.

2022ലെ സുരക്ഷാ പദ്ധതിയുടെ അംഗത്വ കാമ്പയിന്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും www.mykmcc.org വെബ്‌സൈറ്റ് വഴി അംഗത്വം പുതുക്കാനും സൗകര്യം ഉണ്ട്. ഓണ്‍ലൈന്‍ വാര്‍ത്ത സമ്മേളനത്തില്‍ കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, ചെയര്‍മാന്‍ എ പി ഇബ്രാഹിം മുഹമ്മദ്, വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട് , സുരക്ഷാ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top