റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള പദ്ധതിയുമായി മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാവായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ്. ആരോഗ്യ മേഖല ഉള്‍പ്പെടെയുള്ള മുന്‍നിര സ്ഥാപനങ്ങളുമായി സഹകരിച്ചു വിപുലീകരണ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സും സൗദി നിക്ഷേപ മന്ത്രാലയവും ധാരണാപത്രം ഒപ്പുവച്ചു. 2030 ആകുന്നതോടെ സൗദിയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയാണ് ലക്ഷ്യം.
യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ 39 ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയില്‍ വിവിധ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തം പ്രയോജനപ്പെടുത്തും. സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററുകള്‍, സര്‍ജറി സെന്ററുകള്‍, ഡിജിറ്റല്‍ ആരോഗ്യ സംരംഭങ്ങള്‍, സമഗ്ര സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ക്ലിനിക്കല്‍ റിസര്‍ച്ച് പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. അര്‍ബുദ പ്രതിരോധം, നിര്‍ണ്ണയം, ചികിത്സ എന്നീ മേഖലകളിലെ ഗവേഷണ പദ്ധതികള്‍ക്കും ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് വിപുലീകരണ പദ്ധതികളില്‍ പരിഗണ നല്‍കും.
ആരോഗ്യ സേവനങ്ങള്‍ക്ക് പുറമെ മാനുഷിക സഹായ യജ്ഞങ്ങള്‍, അന്താരാഷ്ട്ര ആരോഗ്യരംഗത്തെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിപുലീകരണ പദ്ധതിയുടെ ഭാഗമായി സൗദിയിലെ സ്വകാര്യ മേഖലയിലെ വിവിധ സേവനദാതാക്കള്‍, പൊതുമേഖലാ ആശുപത്രികള്‍ എന്നിവയുമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ചര്‍ച്ച പുരോഗമിക്കുകയാണ്. വരും മാസങ്ങളില്‍ സഹകരണ കരാറുകളില്‍ ഒപ്പുവയ്ക്കാനാണ് ശ്രമം.
ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുപ്രധാന വിപണിയാണ് സൗദി അറേബ്യ. നിക്ഷേപ മന്ത്രാലയവുമായുള്ള ധാരണാപത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനും സിഇഒയുമായ ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു. സൗദിയിലേക്കുള്ള പ്രവേശനത്തിലെ സുപ്രധാന ചുവടുവയ്പാണിത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ പദ്ധതികളെ പിന്തുണയ്ക്കും. വിഷന്‍ 2030ന്റെ അവിഭാജ്യ ഘടകമായ ആരോഗ്യ മേഖലയിലേക്ക് വൈദഗ്ധ്യം കൊണ്ടുവരുന്നതിനുള്ള നിരവധി അവസരങ്ങളുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2007ല്‍ സ്ഥാപിതമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് അര്‍ബുദ ചികിത്സ, ഓര്‍ത്തോപീഡിക്‌സ്, ദീര്‍ഘകാല പരിചരണം, പുനരധിവാസം, മാതൃ-ശിശു പരിപാലനം എന്നിവയില്‍ മുന്‍നിരയിലാണ്. ഈ മേഖലയിലെ സമഗ്ര ശേഷി സൗദിയില്‍ ഉപയോഗപ്പെടുത്താനും വികസിപ്പിക്കാനാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ നീക്കം.
2021 ലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം റെക്കോര്‍ഡ് വളര്‍ച്ചയാണ് കമ്പനി നേടിയത്. ഇതിന് പിന്നാലെയാണ് വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2021-ല്‍ 3,351 ദശലക്ഷം ദിര്‍ഹമാണ് കമ്പനിയുടെ വരുമാനം. 2019-21 കാലയളവില്‍ 18 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയതെന്നും കമ്പനി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.