Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

കീഴാളജീവിതം: ചേതനാ ഫോറം പുസ്തക ചര്‍ച്ച

റിയാദ്: ചേതനാ ലിറ്റററി ഫോറം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ‘കീഴാളജീവിതം: സമകാലിക വായന’ എന്ന ശീര്‍ഷകത്തിലായിരുന്നു പരിപാടി. കീഴാളസമൂഹത്തിന്റെ ജീവിതവും അവരനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്തു.

ഫൈസല്‍ കുണ്ടോട്ടിയുടെ ‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ’ എന്ന നോവല്‍ അഷ്‌റഫ്‌കൊടിഞ്ഞി അവതരിപ്പിച്ചു. ഉപരിപഠനത്തിനു വോള്‍സാനയിലേക്ക് പോകുന്ന രജനി എന്ന പെണ്‍കുട്ടിയുടെ ജീവിതപരിസരം ഇന്ത്യന്‍ സാമൂഹികാവസ്ഥകളെ നിര്‍ധാരണം ചെയ്യുന്ന നോവല്‍ ഇന്ത്യയെ ആഴത്തില്‍ ഗ്രസിച്ച ജാതി വര്‍ണ വ്യവസ്ഥയെ പ്രശ്‌നവല്‍ക്കരിക്കുന്നു. അതോടൊപ്പം ചരിത്രം, പ്രകൃതി എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും പാര്‍ശ്വവല്‍കൃതരുടെ ഭാവിയെ കുറിച്ച പല കറുത്ത ചോദ്യങ്ങളും കൃതി ഉന്നയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നോവലിസ്റ്റ് ഫൈസല്‍ കുണ്ടോട്ടി പരിപാടിയില്‍ സന്നിഹിതനായിരുന്നു. നോവല്‍ എഴുതാനുണ്ടായ പശ്ചാത്തലവും അനുവാചകരുടെ പ്രതികരണങ്ങളും അദ്ദേഹം പങ്കുവെച്ചു. വര്‍ത്തമാന കാലത്ത് ഇത്തരം വിഷയങ്ങള്‍ എഴുതുന്നതും വായിക്കുന്നതും സുകൃതമാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വോള്‍സാനോ എന്ന സാങ്കല്‍പിക രാജ്യത്തെ നമ്മുടെ മനസ്സിന്റെ അറ്റ്‌ലസിലേക്ക് കൊണ്ടുവന്ന എഴുത്തുകാരന്റെ ഭാഷയും ഭാവനയും ഒപ്പം പ്രമേയവും കാലികമാണെന്നു ബഷീര്‍ രാമപുരം അഭിപ്രായപ്പെട്ടു.

സമദ് കുന്നക്കാവ് എഡിറ്റു ചെയ്ത ‘അരിക്’ എന്ന കഥാസമാഹാരത്തില്‍ നിന്ന് ഏതാനും കഥകള്‍ അജ്മല്‍ ഹുസൈന്‍ നിരൂപണം ചെയ്തു. താഹ മാടായിയുടെ നോവലായ ‘മണ്ണിര’ പറയുന്നത് മണ്ണിരയെപോലെ മണ്ണില്‍ പൂണ്ടുകിടന്ന് ഭൂമിയുടെ മുഴുവന്‍ രുചിയും ഗന്ധവും ആഴത്തിലറിഞ്ഞ് ഭൂമി തന്നെയായിത്തീര്‍ന്ന ‘പോയാതി’യുടെ ജീവിതമാണെന്ന് നോവല്‍ വിശകലനം ചെയ്ത റസാഖ് മുണ്ടേരി പറഞ്ഞു.

മൗരിദ് ബര്‍ഗൂസിയുടെ ‘എത്ര നല്ലതാണ്’ എന്ന കവിത സാദിഖ് കൊടുങ്ങല്ലൂര്‍ ആലപിച്ചു. ചേതനാ പ്രസിഡന്റ് ഡോ. മുഹമ്മദ് ലബ്ബ അധ്യക്ഷത വഹിച്ചു. അംജദ് അലി നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top