Sauditimesonline

BOOK RELEASE
ആശ്ചര്യങ്ങളുടെ ലോകം 'മിറബിള്‍ ദി ട്രാവലേഴ്‌സ്‌ വ്യൂ ഫൈന്‍ഡര്‍' പ്രകാശനം

‘ശരീക്’ പദ്ധതിയുമായി സൗദി; സര്‍ക്കാര്‍-സ്വകാര്യ സംരംഭങ്ങള്‍ക്ക് 27 ട്രില്യണ്‍ റിയാല്‍ ചെലവഴിക്കും


ശരീക് എന്നാല്‍ പാര്‍ട്‌നര്‍ എന്നാണ് അര്‍ത്ഥം. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്റസ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ പദ്ധതിയാണ് ശരീക്. സ്വകാര്യ മേഖലയെ ചേര്‍ത്തുപിടിച്ച് തൊഴിലവസരവും വികസനവുമാണ് ലക്ഷ്യം.

2030 ആകുന്നതോടെ സൗദിയില്‍ 27 ട്രില്യണ്‍ റിയാല്‍ ചെലവഴിച്ച് സര്‍ക്കാരും സ്വകാര്യ സംരംഭകരും തമ്മിലുളള പങ്കാളിത്തം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും രാജ്യത്തെ നിക്ഷേപം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ശരീക് പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. സുസ്ഥിര വികസനവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനുളള പദ്ധതികളുടെ ഭാഗം കൂടിയാണിത്. ആഗോള സാമ്പത്തിക ശക്തിയായി വളരാരാനും രാജ്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനും ശരീക് പദ്ധതിക്കു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുളള ശരീക് പദ്ധതി കിരീടാവകാശിയും പ്രതിരോധമന്ത്രിയും ഉപപ്രഥാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്.

ഏതൊരു രാജ്യത്തിന്റെയും സുസ്ഥിര വികസനം ദേശീയ സമ്പദ് ഘടനയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ വികസന കാര്യങ്ങളില്‍ സ്വകാര്യ കമ്പനികളുടെ സംഭാവന പ്രയോജനപ്പെടുത്തുന്നതിനുളള പദ്ധതിയാണ് ശരീക്.

സാമ്പത്തിക വളര്‍ച്ചാ കൂടുതല്‍ വേഗത്തിലാക്കുകയും തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനും പദ്ധതി സഹായിക്കും.

രാജ്യത്തെ വന്‍കിട കമ്പനികളുടെ ഉത്പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും പരിചയ സമ്പത്തു പ്രയോജനപ്പെടുത്തുന്നതിനും ശരീക് പദ്ധതിക്കു കഴിയും. ഇതിനു പുറമെ സൗദി അറേബ്യയുടെ സ്ഥാനം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും പദ്ധതി കരുത്തുപകരും.

രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും രാജ്യത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും വന്‍കിട കമ്പനികളെ ഷശരീക് പദ്ധതി പര്യാപ്തമാക്കും. വന്‍കിട കമ്പനികളുടെ പദ്ധതികളും നിക്ഷേപങ്ങളും അതിവേഗം യഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനവും നല്‍കും. ദേശീയ കമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നപ്പിലാക്കും. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ലക്ഷ്യം വെക്കുന്ന സാമ്പത്തിക ഉന്നമനം സാക്ഷാത്ക്കരിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. മാത്രമല്ല, രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ സൃഷ്ടിക്കാനും ശരീക് പദ്ധതി വിഭാവന ചെയ്തിട്ടുണ്ട്.

ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന വര്‍ധിക്കും. പത്തു വര്‍ഷത്തിനി ൈസ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയര്‍ത്തും. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയില്‍ സ്വകാര്യ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തും. സ്വകാര്യ മേഖലയുമായുളള പങ്കാളിത്തം ഭാവിയില്‍ സുപ്രധാന സ്ഥാനവും അഭിവൃദ്ധിയും സൃഷ്ടിക്കും.

പദ്ധതിയുടെ ഭാഗമായി വന്‍കിട കമ്പനികളുമായുള്ള ധാരണാപത്രം മൂന്ന് മാസത്തിനകം ഒപ്പുവെക്കും. 2030 ആകുന്നതോടെ പ്രാദേശിക നിക്ഷേപങ്ങള്‍ അഞ്ചു ട്രില്യണ്‍ റിയാലായി ഉയര്‍ത്തും. ഇതിനനുശ്രിതമായ പദ്ധതികളാണ് ശരീക് വിഭാവന ചെയ്യുന്നത്.

നിക്ഷേപ രംഗത്ത് വന്‍സാധ്യതകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇത് അടുത്ത വര്‍ഷങ്ങളില്‍ രാജ്യത്തെ സമ്പദ് ഘടനയിലും വാണിജ്യ രംഗത്തും തൊഴില്‍ വിപണിയിലും ദൃശ്യമാകും. വരുന്ന 10 വര്‍ഷംപബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്ത് മൂന്നു ട്രില്യണ്‍ റിയാല്‍ വിവിധ മേഖലകളില്‍ ചെലവഴിക്കും. കൂടാതെ ദേശീയ നിക്ഷേപ പദ്ധതിയുടെ ഭാഗമായി നാലു ട്രില്യണ്‍ റിയാലും പ്രാദേശിക വിപണിയിലെത്തിക്കും. ഇതു പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സജീവമാക്കുകയും എല്ലാ മേഖലയിലും ഉണര്‍വ് പ്രധാനം ചെയ്യുന്നതിനും സഹായിക്കും. പത്തു വര്‍ഷത്തിനകം പത്തു ട്രില്യണ്‍ റിയാലിന്റെ ധനവിനിയോഗം സര്‍ക്കാര്‍ നടത്തുകയും ചെയ്യും. ഇതേകാലയളവില്‍ സ്വകാര്യ ഉപഭോക്തൃ ധന ക്രയവിക്രയം അഞ്ചു ട്രില്യണ്‍ റിയാലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചുന്നത്. ഇതുപ്രകാരം പത്തു വര്‍ഷത്തിനകം സൗദി അറേബ്യയില്‍ 27 ട്രില്യണ്‍ റിയാല്‍ ചെലവഴിക്കും. ഇത്രയും ഭീമമായ തുക വിപണിയിലെത്തുന്നതോടെ രാജ്യത്തെ വികന രംഗത്തും ക്ഷേമ രംഗത്തും സമ്പദ് ഘടനയിലും മികച്ച പ്രതിഫലനം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, ഗൂഗിളും സി.എസ്.ജി ഇന്റര്‍നാഷണലും ഉള്‍പ്പെടെയുളള അന്താരാഷ്ട്ര ഭീമന്‍ കമ്പനികള്‍ സൗദിയില്‍ ഓഫീസുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്്. അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ സി.എസ്.ജി റീജ്യനല്‍ ഓഫീസ് ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റും. ഇന്ത്യന്‍ ഹോട്ടല്‍ ശൃംഖല ഓയോ കമ്പനിയും റിയാദില്‍ മേഖലാ ആസ്ഥാനം സ്ഥാപിക്കും. അമേരിക്കന്‍ ഊര്‍ജ കമ്പനിയായ ചെവ്‌റോണ്‍ അല്‍ഖഫ്ജിയില്‍ പുതിയ ആസ്ഥാനം സ്ഥാപിക്കും. അമേരിക്കന്‍ റെയില്‍വെ കമ്പനി ഗ്രീന്‍ബ്രയറിനും സൗദിയില്‍ ആസ്ഥാനം തുറക്കാന്‍ പദ്ധതിയുണ്ട്. മേഖലാ ആസ്ഥാനങ്ങള്‍ സൗദിയില്‍ സ്ഥാപിക്കാത്ത ആഗോള കമ്പനികള്‍ക്ക് 2024 മുതല്‍ കരാര്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.
പശ്ചിമേഷ്യയില്‍ അതിവേഗം വളരുന്ന സമ്പദ് ഘടനയാണ് സൗദി അറേബ്യയുടേത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച തൊഴിലവസരവും രാജ്യത്തുണ്ട്.

അടുത്തിടെ രണ്ട് അംഗീകാരങ്ങള്‍ സൗദി അറേബ്യക്ക് ലഭിച്ചത് എടുത്തു പറയണം. സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യക്ക് മൂന്നാം സ്ഥാനം എന്ന അംഗീകാരം അടുത്തിടെയാണ് ലഭിച്ചത്. 27 രാജ്യങ്ങളില്‍ നടത്തിയ വോട്ടെടുപ്പിലാണ് സൗദി അറേബ്യ നേട്ടം കൈവരിച്ചത്.

ഈ വര്‍ഷം നടത്തിയ സര്‍വേയില്‍ ചൈനയ്ക്കും നെതര്‍ലന്‍സിനും പിന്നാലെയാണ് ഏറ്റവും സന്തോഷമുള്ള മൂന്നാമത്തെ രാജ്യമായി സൗദി അറേബ്യ സ്ഥാനം നേടിയത്. ഫ്രാന്‍സ് ആസ്ഥാനമായുള്ള മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി ഇപ്‌സോസ് ആണ് വോട്ടെടുപ്പിലൂടെ പട്ടിക തയ്യാറാക്കിയത്.

ലോകത്ത് ഏറ്റവും വിശ്വാസ്യതയുളള സര്‍ക്കാര്‍ സൗദി അറേബ്യ ആണെന്ന് ട്രസ്റ്റ് ബാരോ മീറ്റര്‍ സര്‍വേയാണ് വ്യക്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലോകത്ത് വിശ്വാസ്യതയുളള സര്‍ക്കാരായി സൗദി അറേബ്യ അംഗീകാരം നേടുന്നത്. 2020ല്‍ ജനങ്ങളുടെ വിശ്വാസം 78 ശതമാനം ആയിരുന്നു. ഈ വര്‍ഷം അത് 82 ശതമാനമായി ഉയര്‍ന്നു. സര്‍വേ ഏജന്‍സിയായ എഡല്‍മാന്‍ 28 രാജ്യങ്ങളില്‍ നിന്നായി 33,000 ആളുകളില്‍ നിന്ന് വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സ്വീകരിച്ച നടപടികളും എഡല്‍മാന്‍ സര്‍വേ റിപ്പോര്‍ട്ട് അവലോകനം ചെയ്താണ് സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം നല്‍കിയത്.

ഇത്തരത്തില്‍ എല്ലാ മേഖലകളിലും അന്താരാഷ്ട്ര സൂചികകളില്‍ മികച്ച നിലയാണ് രാജ്യം കൈവരിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ ശരീക് പദ്ധതി രാജ്യത്തിന്റെ ഭാവിയെ ശോഭനമാക്കുന്നതില്‍ നിര്‍ണായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top