Sauditimesonline

SaudiTimes

സൗദിയില്‍ ബിനാമി സംരംഭം നിയമ വിധേയമാക്കാന്‍ അവസരം

സൗദി അറേബ്യ നേരിടുന്ന വെല്ലുവിളികളിലൊന്നാണ് ബിനാമി സംരംഭങ്ങള്‍. ബെനാമി വിരുദ്ധ നിയമം ശക്തമാണെങ്കിലും സ്വദേശികളുടെ ഒത്താശയോടെയാണ് പല ബിസിനസുകളും നടക്കുന്നത്. വിദേശികള്‍ നടത്തുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് നിയമ വിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

ബിനാമി സംരംഭകള്‍ വര്‍ഷം 40,000 കോടി റിയാലാണ് അനധികൃതമായി വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഇത് സൗദി സമ്പദ് ഘടനയെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബെനാമി വിരുദ്ധ നിയമം രാജ്യത്ത് നടപ്പിലാക്കിയത്. ഇതിന് പുറമെ സര്‍ക്കാര്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തി ബെനാമി സംരംഭം തടയുന്നതിന് വിവിധ പദ്ധതികളും ബോധവത്ക്കരണ പരിപാടികളും നടത്തുന്നുണ്ട്. എന്നാല്‍ ബെനാമി സംരംഭങ്ങളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് ബെനാമി സംരംഭം ഇല്ലാതാക്കുന്നതിന് പൊതുമാപ്പിന് സമാനമായ അവസരം ഒരുക്കിയിട്ടുളളത്. ഇതുപ്രകാരം വിദേശികളുടെ പേരില്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഇതിനുളള മാര്‍ഗ നിര്‍ദേശങ്ങളും വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ബെിനാമി സംരംഭകര്‍ക്ക് ശിക്ഷയില്ലാതെ സ്ഥാപനങ്ങളുടെ രേഖകള്‍ വിദേശികളുടെ പേരിലേക്ക് മാറ്റാന്‍ 2021 ആഗസ്ത് 23 വരെ സമയം അനുവദിച്ചിരിക്കയാണ് സൗദി അറേബ്യ. ഇതുപ്രകാരം വിദേശികള്‍ക്ക് സ്വന്തം പേരിലും സൗദി പൗരന്‍മാരുമായി പങ്കാളിത്ത ബിസിനസ് നടത്താനും ഔദ്യോഗിക അംഗീകാരം ലഭിക്കും.

4 കോടി റിയാല്‍ വാര്‍ഷിക വരുമാനമുളള ബിനാമി സംരംഭകര്‍ക്കാണ് രേഖകള്‍ ശരിയാക്കാന്‍ അനുമതിയുളളത്. അല്ലെങ്കില്‍ ചുരുങ്ങിയത് 50 ജീവനക്കാരുളള സ്ഥാപനങ്ങള്‍ക്ക് വിദേശികളുടെ പേരില്‍ കൊമേഴ്‌സ്യല്‍ രജിയസ്‌ട്രേഷന്‍ ഉള്‍പ്പെടെയുളള രേഖകള്‍ മാറ്റാന്‍ അനുമതി നല്‍കുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

വിദേശ തൊഴിലാളികള്‍ തൊഴിലുടമക്ക് ലാഭ വിഹിതമോ നിശ്ചിത സംഖ്യയോ നല്‍കി സ്‌പോണ്‍സറുടെ പേരില്‍ സംരംഭം നത്തുന്നത് സൗദിയില്‍ വ്യാപകമാണ്. ബഖാകള്‍, കോഫി ഷോപുകള്‍, ചെറുകിടം ഇടത്തരം സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ വരെ രാജ്യത്ത് ബിനാമിയായി നടത്തുന്നുണ്ട്.

ഏതാനും വര്‍ഷം മുമ്പ് സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രണേഴ്‌സ് അതോറിറ്റി നടത്തിയ പഠനത്തില്‍ രാജ്യത്തെ 80 ശതമാനം ഗ്രോസറി ഷോപ്പുകളും വിദേശികള്‍ ബിനാമിയായി നടത്തുന്നവയാണെന്ന് വിലയിരുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ബിനാമികളെ ഒഴിവാക്കുന്നതിന് ഗ്രോസറി ഷോപ്പ് ഉടമകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രണേഴ്‌സ് അതോറിറ്റി വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പത്തു വര്‍ഷത്തിനകം ചില്ലറ വിത്പ്പന രംഗത്ത് വര്‍ഷം 1300 ബില്യണ്‍ റിയാലിന്റെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഉത്പ്പാദനത്തില്‍ നിലവില്‍ 9 ശതമാനമുളള ചില്ലറ വിത്പ്പനയുടെ സംഭാവന 2030 ആകുന്നതോടെ 17 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. മാത്രമല്ല സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനും പദ്ധതി സഹായിക്കും. വര്‍ഷം 40,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശികളുടെ ബിനാമി ബിസിനസ് തടയുന്നതിന് കര്‍ശന നടപടികളാണ് രാജ്യത്ത് നടപ്പിലാക്കിയിട്ടുളളത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരെ ശിക്ഷിക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

അടുത്തി ൈബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ആഭ്യന്തരം, വാണിജ്യം, തൊഴില്‍, മുനിസിപ്പല്‍ എന്നീ മന്ത്രാലയങ്ങളും ആറ് സര്‍ക്കാര്‍ ഏജന്‍സികളും സഹകരിച്ചാണ് ബിനാമി ബിസിനസ് വിരുദ്ധ പ്രോം നടപ്പിലാക്കിയിട്ടുളളത്.

ബിനാമി സംരംഭം ഇല്ലാതാക്കാന്‍ സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജുംഅ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തു വിദേശികള്‍ നടത്തുന്ന ബിനാമി സംരംഭങ്ങള്‍ ഇല്ലാതാക്കുന്നതിന് മറ്റു മാര്‍ഗം ഇല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സ്‌പോണ്‍സര്‍ ചെറുകിട സ്ഥാപനങ്ങള്‍ തുടങ്ങി വാടകക്ക് തൊഴിലാളികള്‍ക്ക് നല്‍കുകയാണ് പതിവ്. അവര്‍ സ്വതന്ത്രമായി വ്യാപാരം നടത്തി വന്‍ ലാഭം നേടുന്നു. ഇത് അവസാനിപ്പിക്കുന്നതിന് സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥ ഇല്ലാതാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥയില്‍ അടുത്തിടെ പരിഷ്‌കാരം നടപ്പിലാക്കിയത്.

വിദേശികള്‍ നടത്തുന്ന ബിനാമി ഇടപാടുകള്‍ രാജ്യത്തിന്റെയും പൗരന്മാരുടെയും സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറലും വാണിജ്യ, നിക്ഷേപ മന്ത്രിയുടെ ഉപദേഷ്ടാവുമായ സല്‍മാന്‍ അല്‍ഹജാര്‍ വ്യക്തമാക്കി. ബിനാമി ഇടപാടുകള്‍ക്കെതിരെ രാജ്യവ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. എന്നാല്‍ ചില സ്വദേശികള്‍ ബിനാമികള്‍ക്ക് സഹായം ചെയ്യുന്നത് തുടരുകയാണ്. ചെറുകിട, ഇടത്തരം വ്യാപാര മേഖലയിലാണ് ബിനാമി ഇടപാടുകള്‍ കൂടുതലുളളത്

ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റിനെ രാജ്യം സ്വാഗതം ചെയ്യുന്നു. എന്നാല്‍ ബിനാമി ബിസിനസ് അംഗീകരിക്കാനാവില്ല. വിവിധ മന്ത്രാലയങ്ങള്‍ക്കു പുറമെ സാങ്കേതിക, തൊഴില്‍ പരിശീലന കോര്‍പറേഷന്‍, സൗദി മോണിട്ടറി അതോറിറ്റി, സക്കാത്ത് അതോറിറ്റി, ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, സോഷ്യല്‍ ഡവലപ്‌മെന്റ് ബാങ്ക്, മാനവശേഷി വികസന നിധി എന്നിവയും ബിനാമി വിരുദ്ധ ദേശീയ പരിപാടിയില്‍ പങ്കാളികളാണെന്നും സല്‍മാന്‍ അല്‍ഹജാര്‍ പറഞ്ഞു.

2020 ആഗസ്തില്‍ ഭേദഗതി ചെയ്ത ബിനാമി വിരുദ്ധ നിയമത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ഇതുപ്രകാരം ബിനാമി കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. ഭേദഗതി വരുത്തിയ നിയമ പ്രകാരം ബിനാമി നിയമലംഘനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് വാണിജ്യ മന്ത്രാലയം രൂപം നല്‍കും.

മുനിസിപ്പല്‍ ഗ്രാമകാര്യം, മാനവ വിഭവശേഷി സാമൂഹിക വികസനകാര്യം, പരിസ്ഥിതി ജല കാര്‍ഷികകാര്യം എന്നീ മന്ത്രാലയങ്ങളും സക്കാത്ത് ഇന്‍കം ടാക്‌സ് അതോറിറ്റി എന്നിവിടങ്ങളിലെ മികച്ച ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കുന്നത്.

കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഡിജിറ്റല്‍ രേഖകള്‍ പ്രയോജനപ്പെടുത്തും. സംശയമുളള സ്ഥലങ്ങള്‍, ഗോഡൗണുകള്‍, വാഹനങ്ങള്‍ എന്നിവ പരിശോധിക്കാനും ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. വിദേശികളുടെ ബിനാമി സംരംഭങ്ങള്‍ ദേശീയ വരുമാനത്തിന് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ബിനാമി സംരംഭകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിയമം ഭേദഗതി ചെയ്തത്.

ബിനാമികള്‍ക്കെതിരെ ശക്തമായ നിയമ നടപടി തുടരുന്നതിനിടെയാണ് ഇത്തരക്കാര്‍ക്ക് പദവി ശരിയാക്കാന്‍ അവസരം നല്‍കിയിട്ടുളളത്. നിയമ വിധേയമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുന്ന ബിനാമി സംരംഭകരുടെ വിവരങ്ങള്‍ രജ്യത്ത് മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറില്ലെന്നും അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ സതുദ്ദേശവുമായി സഹകരിച്ച് ബിനാമി ബിസിനസ് നടത്തുന്നവര്‍ സഹകരിക്കുകയാണ് അഭികാമ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top