Sauditimesonline

watches

‘കരിക്കോട്ടക്കരി’ ചര്‍ച്ച ചെയ്തു ചില്ല സര്‍ഗവേദി

റിയാദ്: ചില്ല സര്‍ഗവേദി ഒക്ടോബര്‍ മാസം വായനാ, സംവാദ പരിപാടി ഓണ്‍ലൈനില്‍ നടന്നു. കുടിയേറ്റ കര്‍ഷകരുടെ ജീവിതം പറയുന്ന വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവലിന്റെ വായനാനുഭവം ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെയും കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ ഭരണകൂടം നടപ്പാക്കുന്ന കര്‍ഷകവിരുദ്ധ നിയമങ്ങളും ചര്‍ച്ച ചെയ്തു.

ഇ സന്തോഷ് കുമാറിന്റെ മൂന്ന് വിരലുകള്‍ എന്ന കഥാ സമാഹാരത്തിന്റ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവെച്ചു. ചരിത്രത്തിന്റെ ഇഴകള്‍ക്കൊപ്പം ഭാവനയും ഫാന്റസിയും ഉള്‍ച്ചേര്‍ന്നവയാണ് സന്തോഷ് കുമാറിന്റെ കഥകളെന്ന് നജിം പറഞ്ഞു,

കോവിലന്റെ ഹിമാലയം എന്ന കൃതി എം ഫൈസല്‍ അവതരിപ്പിച്ചു. ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ ബന്ധപ്പെടുത്തി സൈനികന്റെ ജന്മദുരിതക്കാഴ്ചകളുടെ നിസ്സഹമായ ചിത്രം വിവരിച്ചു. കോവിലന്‍ ശൈലിയുടെ പ്രത്യേകതയും സംവാദത്തില്‍ വിഷയമായി. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരങ്ങള്‍, യു പി പോലുള്ള സംസ്ഥാനങ്ങളിലെ ജാതി, മത സംഘര്‍ഷങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ബാബറിമസ്ജിദ് കേസിലെ വിധി എന്നിവയും ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ ജനാധിപത്യം മരിക്കില്ലെന്ന സൂചനയാണ് സമരങ്ങള്‍ നല്‍കുന്ന സന്ദേശമെഞ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

അഖില്‍ ഫൈസല്‍, സുരേഷ് ലാല്‍, സാലു, ബീന, നിഖില, അമൃത, മുനീര്‍, ആര്‍ മുരളീധരന്‍, ഷഫീഖ്, അബ്ദുള്‍റസാഖ്, സുരേഷ് കൂവോട്, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ലീന കോടിയത്ത് മോഡറേറ്റര്‍ ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top