അബ്ദുള്‍കലാം ആലംകോട്, ദുബായ്
ഭക്ഷ്യോത്പാദനവും വിതരണവും ലോകത്ത് സുപ്രധാന വ്യവസായങ്ങളിലൊന്നാണ്. ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവ ഉത്പ്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന നസ്‌ലേ, പെപ്‌സി എന്നിവ ലോകത്ത് ഏറ്റവും വലിയ കമ്പനികളാണ്. വിപണിയില്‍ കടുത്ത മത്സരമാണ് ഈ മേഖലയിലുളള കമ്പനികള്‍ തമ്മിലുളളത്. ഇവരോടൊപ്പം ആഗോള തലത്തില്‍ വന്‍കിട വിതരണ ശൃംഖലകളും വിപണിയില്‍ സ്വാധീനം നേടുകയാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി ഫുഡ് സ്റ്റഫ് വിപണിയിലെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പറയാതിരിക്കാന്‍ കഴിയില്ല. വന്‍കിട കുത്തക റീട്ടെയില്‍ വിതരണ ശൃഖലകളും മാളുകളും ഗ്രോസറി സാധനങ്ങള്‍ ഉപഭോക്താക്കളിലെത്താന്‍ നടത്തുന്നത് കടുത്ത കിടമത്സരമാണ്. ചെറുകിട വ്യാപാരികളുടെ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദുര്യോഗം. ഹോള്‍സെയില്‍ ഡീലറില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന ഇടത്തരം വ്യാപാരികള്‍ക്ക് ഇവരുമായി മത്സരിക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍കിട റീട്ടെയില്‍ വിതരണ ശൃംഖലകള്‍ ഉത്പ്പാദകരില്‍ നിന്നു ഇടനിലക്കാരില്ലാതെ നേരിട്ടു ഇറക്കുന്നു. അതുകൊണ്ടുതന്നെ പരമാവധി കുറഞ്ഞ വിലക്കു ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വിപണിയില്‍ മറ്റുളളവരുമായി മത്സരിക്കാനും ഇവര്‍ക്കു കഴിയും. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ഇവരുമായി മത്സരിക്കാന്‍ കഴിയില്ല.
ഇതിന്റെ പ്രത്യാഘാതങ്ങള്‍ പലതരത്തിലാണ് പ്രതിഫലിക്കുന്നത്. ചെറുകിട ഗ്രോസറി ഷോപുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗണ്യമായി ഃൊഴില്‍ നഷ്ടപ്പെടുന്നു. മാത്രമല്ല ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടുന്നതോടെ നഗരങ്ങള്‍ക്കു പുറത്തുളളവവര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഇല്ലാതാവുകയും ചെയ്യും. ഇതെല്ലാം ഗുരുതരമായ സാമൂഹിക പ്രശ്‌നമായി മാറും. അതിനുളള ഏതാനും പരിഹാര മാര്‍ഗങ്ങള്‍ ഇവിടെ സംഗ്രഹിക്കുന്നു.
- ചെറുകിട, ഇടത്തരം ഗ്രോസറികളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുക. ഇടനിലക്കാരില്ലെതെ ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങുക. ഇതുവഴി വന്‍കിട വിതരണ ശൃംഖലകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലക്ക് തന്നെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുക.
- എല്ലാ രാജ്യങ്ങളിലും വിപണിയെ നിയന്ത്രിക്കുന്നതിനും മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനും നിയമ പരമായി സ്ഥാപിതമായ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ട്. കോംപറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (കോംപറ്റിഷന്‍ ആക്ട് 2002), യുഎഇയില്‍ കോംപറ്റിഷന്‍ റഗുലേഷന്‍ കമ്മറ്റി, സൗദിയില്‍ ജനറല്‍ അതോറിറ്റി ഫോര്‍ കോപറ്റിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരാതി നല്‍കാന്‍ അവസരം ഉണ്ട്. ഹോള്‍സെയില്‍ ഡീലര്‍ക്കു ലഭിക്കുന്ന വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ ഏതെങ്കിലും ഉല്‍പ്പന്നം റീട്ടെയില്‍ വിപണിയില്‍ ലഭ്യമായാല്‍ പരാതി നല്‍കാന്‍ കഴിയും.
- പ്രദേശിക ചേംബര്‍ ഓഫ് കോമേഴ്‌സുകളും ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയും ചെറുകിട, ഇടത്തരം സംരംഭകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.