റിയാദ്: മലയാളിയുടെ തൊഴില്‍ കുടിയേറ്റത്തിന്റെ പ്രായമുണ്ട് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സഖാവ് ഇ പി കുഞ്ഞാലി കുട്ടിയുടെ പ്രവാസത്തിന്. എഴുപതുകളില്‍ മലപ്പുറത്ത് ഇടത് വിദ്യാര്‍ത്ഥി യുനിയന്റെ തീപ്പൊരി നേതാവ് ബോംബയില്‍ നിന്ന് സൗദി അറേബ്യയുടെ വ്യാവസായിക നഗരമായ ദഹ്‌റാനില്‍ വിമാനമിറങ്ങിയത 1977ലാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയായ അരാംകോയിലാണ് പ്രവാസം തുടങ്ങിയത്. 46 വര്‍ഷം മിന്നിമാഞ്ഞത് അിറഞ്ഞിയിട്ടില്ല. നാല് രാജാക്കന്മാരുടെ ഭരണ കാലവും പഴയ സൗദിയും പുതിയ സൗദിയും കണ്ടാണ് മടക്കം. ഖാലിദ് രാജാവിന്റെ ഭരണകാലത്താണ് സൗദിയിലെത്തുന്നത്. ഫഹദ് രാജാവ്, അബ്ദുള്ള രാജാവ് എന്നിവരുടെ കാലവും കഴിഞ്ഞ് സല്‍മാന്‍ രാജാവിന്റെ ഭരണത്തിന് സാക്ഷിയായാണ് പ്രവാസത്തിന് വിരാമമിടുന്നത്.
തൊഴില്‍, സംഘടനാ പ്രവര്‍ത്തനം, സാംസ്‌കാരിക കൂട്ടായ്മകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ 46 വര്‍ഷത്തെ അനുഭവങ്ങള്‍ ചെറുതല്ല സഖാവ് കുഞ്ഞാലിക്കുള്ളത്. പ്രവാസം സ്വീകരിക്കുന്നതിന് മുമ്പ് അടിയന്തിരാവസ്ഥ കാലത്ത് തൊഴിലാളികളുടെ ബോണസ് വെട്ടി ചുരുക്കിയതിനെതിരെ തിരൂരില്‍ സമരം ചെയ്തതിന് അറസ്റ്റിലായി മഞ്ചേരി ജയിലിലായിരുന്നു. തടവുകാര്‍ക്ക് അനാരോഗ്യകരമായ ഭക്ഷണമാണ് നല്‍കുന്നതെന്ന വിഷയം ഉയര്‍ത്തി മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി. ഇതോടെ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി പൊന്നാനി ജയിലിലേക്ക് മാറ്റിയെങ്കിലും ജയിലിലെ സൗകര്യക്കുറവ് കാരണം കോഴിക്കോട്ടേക്ക് കൊണ്ടു പോയി. അടിയന്തിരാവസ്ഥ കാലത്ത് അറസ്റ്റിന് ജാമ്യമില്ലാത്തതിനാല്‍ നാല് മാസം ജയിലില്‍ കിടന്നു.
കത്തയക്കുമ്പോള്‍ ഹാജരാകണം എന്ന പോലീസിന്റെ ജാമ്യ വ്യവസ്ഥയില്‍ പുറത്തിറങ്ങി. അവരുടെ കത്ത് കാത്ത് നില്‍കാതെ ബോംബെയിലേക്ക് മുങ്ങി. ബന്ധുവിന്റെ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് വിസ തരപ്പെടുത്തി ദഹ്‌റാനിലെത്തി. സജീവ രാഷ്ട്രീയത്തെരുവില്‍ നിന്ന് വിജനമായ മരുഭൂമിയില്‍ വിമാനമിറങ്ങിയപ്പോള്‍ മനസ്സ് തിരിച്ചു പോകാന്‍ വെമ്പിയിരുന്നു.
മരുഭൂമിയില്‍ നിന്ന് മണല്‍ ചുരുളുകള്‍ കൊണ്ട് വരുന്ന ചുടു കാറ്റ് ശരീരത്തില്‍ കൊള്ളുന്നത് പൊള്ളിയിരുന്നില്ല. പക്ഷെ നാട്ടിലെ ആള്‍കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടത് മനസ്സിനെ പൊള്ളലേല്പിച്ചു. പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ മനസ്സിലുറപ്പിച്ച് തുടര്‍ന്ന പ്രവാസത്തിന് ഇപ്പോള്‍ പ്രായം 16 വയസ്സ്. അന്ന് നാട്ടില്‍ നിന്ന് സൗദിയിലേക്ക് വന്ന അതെ മാനസികാവസ്ഥയാണ് ഇന്ന്. ഈ മണ്ണ് വിട്ട് പോകാന്‍ മനസ്സനുവദിക്കുന്നില്ല.
വേരുകളെല്ലാം ഈ മണല്‍ പരപ്പില്‍ ആണ്ടിരിക്കുകയാണ്. സംഘടന രംഗത്തും തൊഴില്‍ രംഗത്തും സജീവമാകാന്‍ ആഗ്രക്കുന്നുണ്ടെങ്കിലും 46 വര്‍ഷം ആഴത്തില്‍ വേരൂന്നിയ മണ്ണില്‍ നിന്ന് പറിച്ചു നടുമ്പോള്‍ പുതിയ മണ്ണില്‍ പച്ച പിടിക്കുമോ എന്ന ആശങ്കയുണ്ട്.
സൗദി അറേബ്യയുടെ രണ്ട് മുഖവും കണ്ടാണ് മടക്കം. എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് സഖാവിന്റെ മറുപടി ഇങ്ങനെ. ഗ്രാമങ്ങള്‍ നഗരമായി. നഗര ഹൃദയത്തില്‍ അംബരചുംബികള്‍ ഉയര്‍ന്ന് നില്‍ക്കുന്നു. സാംസ്‌കാരികമായും സാമൂഹികമായും അവിശ്വസനീയ പുരോഗതി. പ്രവാസികളുടെ ജീവിത ശൈലി അടിമുടി മാറി. ഇതെല്ലാം അത്ഭുതത്തോടെ കാണുമ്പോഴും കലര്‍പ്പില്ലാത്ത മനുഷ്യരുടെ സാന്നിധ്യം നഗരം വിഴുങ്ങിയോ എന്ന ആശങ്കയാണ്.
ഗള്‍ഫ് യുദ്ധകാലത്ത് അരാംകോയിലെ തൊഴില്‍ നഷ്ടപ്പെട്ട് സൗദിയിലെ പ്രധാന ഡയറി കമ്പനിയായ നാദകില്‍ പുതിയ പദവി. ആ യാത്രക്കിടെ ഒരിക്കല്‍ കമ്പനിയുടെ ഫാക്ടറിയും ഫാമുള്ള ഐന്‍ ഹാര്‍ദ് മേഖലയെ ലക്ഷ്യമാക്കി ബോംബാക്രമണം ഉണ്ടാകുമെന്ന് വിവരം ലഭിച്ചു. മുന്‍കരുതല്‍ എന്നോണം വിശവാദകം പ്രതിരോധിക്കാന്‍ മാസ്‌ക് ധരിച്ച് തറയില്‍ കിടക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പോലീസിന്റെ ലാത്തി പ്രതീക്ഷിച്ച് സമരമുഖത്തേക്ക് പാഞ്ഞടുക്കുന്നതില്‍ പരിചയവും നിര്‍ഭയത്വവുമുണ്ടെങ്കിലും ബോംബാക്രമണം എന്ന് കേട്ടപ്പോ നടുങ്ങി. സുരക്ഷ നിര്‍ദേശ അനുസരിച്ചു. തെറ്റായ വിവരമാണ് ലഭിച്ചതെന്ന് പിന്നീടാണ് അറിയുന്നത്. ഹറാദ് പ്രദേശത്തല്ല അറാര്‍ എന്ന ഇറാഖ് അതിര്‍ത്തിയിലായിരുന്നു ഭീഷണി. ഗള്‍ഫ് യുദ്ധത്തില്‍ ഭയം ഞെരമ്പിലൂടെ പാഞ്ഞ അനുഭവവം കൂടി പ്രവാസ പുസ്തകത്തില്‍ ചേര്‍ക്കാനുണ്ടെന്ന് സഖാവ് പറയുന്നു.
കാല്‍ നൂറ്റാണ്ട് മുമ്പാണ് തലസ്ഥാന നഗരിയായ റിയാദിലെത്തുന്നത്. തുടര്‍ന്ന് സി പി ഐ യുടെ പോഷക സംഘടനയായ ന്യൂ ഐജില്‍ സജീവമായി. റിയാദ് ഘടകം സെക്രട്ടറി ഉള്‍പ്പടെയുള്ള പദവികള്‍ വഹിച്ചു. നാട്ടുകാരുടെ കൂട്ടായ്മ പാപ്പ (പരപ്പനങ്ങാടി പ്രവാസി അസോസിയേഷന്‍) കാരണവരും സക്രിയ നേതൃത്വവുമായി പ്രവര്‍ത്തിച്ചു.
പൊന്നാനി സ്വദേശി കെ വി നസീമയാണ് ഭാര്യ. മകന്‍ അബ്ദുല്‍ റൗഫ് കോഴിക്കോട് ഔഡി കാര്‍ കമ്പനിയില്‍ സെയില്‍സ് മാനേജരും രണ്ടാമത്തെ മകന്‍ റബീഹ് ദുബായിയില്‍ അക്കൗണ്ടന്റുമാണ്. മലബാറില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ജീവിതം സമര്‍പ്പിച്ച സ്വതന്ത്ര സമരസേനാനി കിഴിക്കിനാകത്ത് കോയ കുഞ്ഞി നഹയാണ് പിതാവ്.
റിയാദില്‍ ആര്‍ട്ടിഫിഷ്യല്‍ നീന്തല്‍കുളം നിര്‍മ്മാണ മെയിന്റനന്‍സ് കമ്പനിയില്‍ 23 വര്‍ഷം തൊഴിലെടുത്താണ് നാട്ടിലേക്ക് മടക്കം. ആഴത്തിലുള്ള പ്രവാസത്തില്‍ മുങ്ങി വാരിയ അനുഭവ മുത്തുകളുമായി നീന്തി ജന്മനാടിന്റെ കരയില്‍ കയറുമ്പോള്‍ അനുഭവ പാഠങ്ങള്‍ പുതു തലമുറക്ക് പകര്‍ന്ന് എല്ലാ രംഗത്തും സജീവമാകുകയാണ് ലക്ഷ്യമെന്ന് സഖാവ് കുഞ്ഞാലി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.