Sauditimesonline

watches

സൗദി കൊവിഡ് മുക്തിയിലേക്ക്; ശിശിരകാലം ആഘോഷമാക്കും

റിയാദ്:സൗദി അറേബ്യ കൊവിഡ് മുക്തിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ഒരാഴ്ചയായി നൂറില്‍ താഴെയാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. സീനിയര്‍ സെക്കന്ററി മുതല്‍ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പുനരാരംഭിച്ചത്.

പ്രൈമറി ക്ലാസ് മുതല്‍ വിദ്യാലയങ്ങളില്‍ അധ്യായനം ആരംഭിക്കുന്നതിന് വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എങ്കിലും മുഴുവന്‍ സ്‌കൂളുകളും തുറക്കുന്ന പ്രവര്‍ത്തിക്കുന്നതിന് ഇനിയും സമയം ആവശ്യമായി വരും എന്നാണ് സൂചന. വിദ്യാര്‍ഥികളുടെ എണ്ണം അനുസരിച്ച് വിവിധ ബാച്ചുകളായി തരം തിരിച്ചാണ് ക്ലാസുകള്‍ സജ്ജീകരിച്ചിട്ടുളളത്. പ്രൈമറി, അപ്പര്‍ െ്രെപമി ക്ലാസുകളെ നാലു ബാച്ചുകളായി തിരിക്കുകയും ചെയ്തിരുന്നു. രാവിലെയും ഉച്ചകഴിഞ്ഞും വ്യതസ്ഥ സമയങ്ങളില്‍ ക്ലാസ് ;നടത്തും. കൊവിഡ് പ്രോടോകോള്‍ പ്രകാരം നിശ്ചിത അകലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇരിപ്പിടം ഒരുക്കും. ആഴ്ചയില്‍ അഞ്ച് ദിവസം ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്.

പുതിയ അധ്യായന വര്‍ഷത്തെ അധ്യായന ക്രമം സംബന്ധിച്ച് വിശദമായ പഠനവും രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളില്‍ നിന്നുളള അനുമതി ലഭിക്കുന്നതോടെ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളും പുനരാരംഭിക്കും.

ക്ലാസ് റൂമിലെ പഠനം ആവശ്യമാണ്. എന്നാല്‍ അതിനെ മാത്രം ആശ്രയിച്ച് അധ്യായനം നടത്തുന്ന രീതിക്ക് മാറ്റം വേണം. വിര്‍ച്വല്‍ ക്ലാസുകളുടെ സാധ്യതകള്‍ സമന്വയിപ്പിച്ച് കാലത്തിനനുസരിച്ച് അധ്യായന രീതി മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ പഠന രീതി സൗദിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് വിവിധ വിനോദ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ജിദ്ദയില്‍ കമ്യൂണിറ്റി മേളകള്‍ അരങ്ങേറിയിരുന്നു. ഇന്ത്യന്‍ നൈറ്റ്, ഫിലിപ്പീനോ നൈറ്റ്, പാക് നൈറ്റ് എന്നീ പേരുകളില്‍ വിവിധ ദിവസങ്ങളിലാണ് പരിപാടി അരങ്ങേറിയത്. പതിനായിരങ്ങളാണ് ഓരോ മേളയിലും പങ്കെടുത്തത്.

തലസ്ഥാനമായ റിയാദില്‍ ത്രൈമാസ സീസണ്‍ ഫെസ്റ്റിവലിനുളള ഒരുക്കങ്ങള്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ആരംഭിച്ചുകഴിഞ്ഞു. ശിശിരകാലം ആരംഭിക്കുന്നതോടെ ഉത്‌സവങ്ങളുടെ കാലം ആരംഭിക്കും. നൂറിലധികം ഈവന്റുകളിലായി 20 ലക്ഷം ജനങ്ങളുടെ പങ്കാളിത്തമാണ് റിയാദ് സീസണ്‍ രണ്ടാമത് എഡിഷന്‍ പ്രതീക്ഷിക്കുന്നത്. 70 അറബ് സംഗീത വിരുന്നുകളും ആറ് അന്താരാഷ്ട്ര സംഗീത കച്ചേരികളും റിയാദ് സീസണിന്റെ ഭാഗമായി അരങ്ങേറും. 200 റസ്റ്ററന്റുകള്‍, 70 കഫേകള്‍, 350 തീയറ്ററുകള്‍, 18 അറബ് കലാകാരന്‍മാര്‍, 6 അന്താരാഷ്ട്ര കലാകാരന്‍മാരും ശ്രോതാക്കളെ രസിപ്പിക്കാന്‍ വേദിയിലെത്തും. ഇതിനു പുറമെ അനുഭവങ്ങള്‍ പങ്കുവെക്കാനും സംവദിക്കാനും നൂറിലധികം ചര്‍ച്ചാ വേദികളും 10 അന്തര്‍ദേശീയ പ്രദര്‍ശനവും നടക്കും.

മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തു കളഞ്ഞു. ദിവസവും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുളളവരുടെ എണ്ണം 70,000 ആയി ഉയര്‍ത്തുകയും ചെയ്തു. രാജ്യത്തെ മസ്ജിദുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അടച്ചിടുകയും അണുനശീകരണം നടത്തേണ്ട ആവശ്യവും ഉണ്ടായിട്ടില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് കൊവിഡിനെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നാണ്. കൊവിഡ് രൂക്ഷമായ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം ഇപ്പോഴും അനുവദിച്ചിട്ടില്ല. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ സൗദിയില്‍ നിന്ന് സ്വീകരിച്ച് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് മടങ്ങി വരാന്‍ അവസരം ഉണ്ട്. വരും ദിവസങ്ങളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച കൊവിഡ് പ്രധതിരോധ ശേഷി കൈവരിച്ചവര്‍ക്ക് സൗദിയിലേക്ക് മടങ്ങി വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസി സമൂഹം.
അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ആവര്‍ത്തിച്ച് നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊവിഡ് ഭീഷണി പൂര്‍ണമായും ലോകത്ത് ഇല്ലാതായിട്ടില്ല. അതുകൊണ്ടുതന്നെ ജാഗ്രതയും സൂക്ഷ്മതയും കൈവിടാതെ സാധാരണ ജീവിതം സാധ്യമാക്കാനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. അതിന് പിന്തുണ നല്‍കുക എന്ന ഉത്തരവാദിത്തമാണ് രാജ്യത്തുളള ഓരോ പൗരന്‍മാര്‍ക്കുമുളളത് എന്ന കാര്യത്തില്‍ സംശയമില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top