Sauditimesonline

watches

സൗദി വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; നേരിട്ടുളള വിമാന സര്‍വീസ് ചര്‍ച്ച ചെയ്തു

റിയാദ്: ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തുന്ന സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിന് ന്യൂ ദല്‍ഹിയില്‍ ഊഷ്മള വരവേല്പ്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ സൗദിയിലേക്ക് നേരിട്ടുളള വിമാന സര്‍വീസ് മുഖ്യ ചര്‍ച്ചാ വിഷയമായി. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനുളള വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. താലിബാന്‍ ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളായിരുന്നു ചര്‍ച്ചയിലെ മറ്റൊരു സുപ്രധാന വിഷയം.

കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്ത്യ-സൗദി വിദേശ കാര്യ മന്ത്രിതല ചര്‍ച്ച ആദ്യമാണ്. കൊവിഡ് സമയത്ത് ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ പിന്തണയെ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അഭിനന്ദിച്ചു. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുളള വിമാന യാത്രക്ക് കൂടുതല്‍ ഇളവ് ആവശ്യമാണെന്നും ജയശങ്കര്‍ സൗദി മന്ത്രിയോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച വൈകുന്നേരം ന്യൂദല്‍ഹിയിലെത്തിയ സൗദി മന്ത്രിയെ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔാസാഫ് സഈദും സന്നിഹിതനായിരുന്നു.

ഇരു മന്ത്രിമാരും അഫ്ഗാനിലെ സംഭവവികാസങ്ങള്‍ക്കു പുറമെ പ്രാദേശിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സൗദിയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ഫര്‍ഹാന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

ഉഭയകക്ഷി ബന്ധം സുശക്തമാക്കുന്നതിനുളള മുഴുവന്‍ വിഷയങ്ങള്‍ക്കു പുറമെ പരസ്പരം താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് കൂടിക്കാഴ്ച നടത്തും.

ഇന്ത്യയിലും കൊവിഡ് മഹാമാരി കുറഞ്ഞു വരുകയാണ്. ജിസിസി രാജ്യങ്ങളില്‍ സൗദി അറേബൗ ഒഴികെയുളള മറ്റ് രാജ്യങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യാനുളള സൗകര്യം നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ-സൗദി വിമാന യാത്ര ഉടന്‍ സാധ്യമാകുമെന്ന സൂചനയാണ് മന്ത്രി തല ചര്‍ച്ച നല്‍കുന്ന സൂചന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top