Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഉമ്മയുടെ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കും; ‘ആപ്’ വികസിപ്പിച്ച് റഹിം നിയമ സഹായ സമിതി

റിയാദ്: വധശിക്ഷ കാത്ത് പതിനെട്ട് വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ മലയാളികള്‍ കൈകോര്‍ക്കുന്നു. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി 150 ലക്ഷം റിയാല്‍ (33 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റഹീം നിയമ സഹായ സമിതി ക്രൗഡ്ഫണ്ടിംഗ് ഡൊണേഷന്‍ കളക്ഷന്‍ ആപ് ഉടന്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കുമെന്ന് സമിതിയ്ക്ക് റിയാദില്‍ നേതൃത്വം നല്‍കുന്ന അഷ്‌റഫ് വേങ്ങാട്ട് അറിയിച്ചു.

പണം സ്വീകരിക്കുന്നതിലെ സുതാര്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തുന്നതിനാണ് മൊബൈല്‍ ആപ്. ലോകത്ത് എവിടെ നിന്നും റഹീമിന്റെ മോചനത്തിന് പണം സംഭാഷന നല്‍കാന്‍ ആപ് സഹായിക്കും. മാത്രമല്ല സംഭാവന നല്‍കിയ ആളുകള്‍ക്ക് ഡിജിറ്റല്‍ റസീപ്തും ലഭിക്കുകയും ഓരോ ദിവസവും അക്കൗണ്ടിലെത്തിയ തുകയുടെ വിവരങ്ങള്‍ അപ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് അറിയാന്‍ കഴിയുമെന്നും അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

കോഴിക്കോട് ഫറോഖില്‍ ഓട്ടോ െ്രെഡവറായിരുന്ന അബ്ദുല്‍ റഹീം 2006ലാണ് തൊഴിതേടി സൗദി അറേബ്യയിലെത്തിയത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സുസമ്മതന്‍. മാത്രമല്ല ശാന്ത സ്വഭാവമുളള സത്‌സ്വഭാവിയായ യുവാവ്. വീട്ടിലെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താന്‍ കഴിയുമല്ലോ എന്ന പ്രതീക്ഷയിലാണ് ഹൗസ് െ്രെഡവര്‍ വിസയില്‍ തൊഴില്‍ തേടി റിയാദിലെത്തിയത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് മൂന്നു മാസം തികയുന്നതിന് മുമ്പ് റഹീം കാരാഗൃഹത്തിലായി. അന്നുതുടങ്ങിയ റഹീമിന്റെ ഉമ്മയുടെ കണ്ണീര്‍ ഇന്നും തോര്‍ന്നിട്ടില്ല. 22ാം വയസില്‍ ഏറെ പ്രതീക്ഷകളോടെ വിമാനം കയറിയ റഹീമിനെ മോചിപ്പിക്കണം; ഒപ്പം ഉമ്മയുടെ കണ്ണീരിന് അറുതി വരുത്തുകയും വേണം. അതിനുളള പരിശ്രമത്തിലാണ് റിയാദിലെ പ്രവാസികള്‍.

മലയാളി സമൂഹത്തെ ഞെട്ടിച്ച കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത് 2006ല്‍ ആണ്. സ്‌പോണ്‍സര്‍ അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌രിയുടെ ശാരീരിക വെല്ലുവിളി നേരിടുന്ന മകന്‍ അനസ് അല്‍ ശഹ്‌രി 2006 നവംബര്‍ 26ന് ആണ് മരിച്ചത്. അബ്ദുറഹീം ഓടിച്ചിരുന്ന കാറിന്റെ പിന്നില്‍ പ്രത്യേകം സജ്ജീകരിച്ച സീറ്റിലായിരുന്നു അനസ് അല്‍ ശഹ്‌രി. ഭക്ഷണ പാനീയങ്ങള്‍ നല്‍കാന്‍ ഘടിപ്പിച്ചിരുന്ന ഉപകരണത്തില്‍ അബ്ദുറഹീമിന്റെ കൈ തട്ടിയതാണ് മരണത്തിന് കാരണം എന്നാണ് കേസ്.

പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റാരോപണങ്ങള്‍ വിചാരണ കോടതി മുടിനാരിഴ കീറി പരിശോധിച്ചു. മരിച്ച ബാലനോട് റഹീമിന് യാതൊരു മുന്‍ വൈരാഗ്യവും ഉണ്ടായിരുന്നില്ലെന്നും കയ്യബദ്ധം മാത്രമാണ് മരണത്തിന് കാരണമെന്നും റഹീമിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ പ്രോസിക്യൂഷന്റെയും മരിച്ച ബാലന്റെ കുടുംബത്തിന്റെയും നിലപാടുകള്‍ നിര്‍ണായകമായതോടെ വിചാരണ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. അബ്ദുറഹിം അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌കോടതി വിധി ശരിവെയ്ക്കുകയായിരുന്നു.

അബ്ദു റഹീമിന്റെ ഭാഗം കോടതിയില്‍ സമര്‍ഥമായി അവതരിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി പരിഭാഷകനെ നിയമിച്ചിരുന്നു. ഇതിന് പുറമെ കെഎംസിസി ദേശീയ ജന. സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ സ്വദേശി അഭിഭാഷകനെയും ചുമതലപ്പെടുത്തിയി.

അപ്പീല്‍ കോടതി വിധിയും എതിരായതോടെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഇതിനിടെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, അഷ്‌റഫ് വേങ്ങാട്ട്, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, ദമാം കോടതിയിലെ ഉദ്യോഗസ്ഥന്‍ മുഹമ്മദ് നജാത്തി, റിയാദ് കോടതി പരിഭാഷകന്‍ അഹമ്മദ് കുട്ടി കടന്നമണ്ണ, സൗദി പൗരപ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ റഹീമിന് മാപ്പ് നല്‍കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കണമെന്ന നിര്‍ദേശം അഭിഭാഷകര്‍ മുഖേന കുടുംബത്തെ അറിയിച്ചു, എന്നാല്‍ കോടതി വിധി മാത്രമേ സ്വീകരിക്കു എന്നാണ് കുടുംബം അറിയിച്ചത്.

എന്നാല്‍ എന്തു വിലനല്‍കിയും ജീവന്‍ രക്ഷിക്കുമെന്ന് അബ്ദുറഹീമിന്റെ ഉമ്മയ്ക്കു നല്‍കിയ വാക്ക് സഫലമാക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ രാവും പകലും പരിശ്രമിച്ചുകൊണ്ടിരുന്നു. റഹീമിന്റെ അഭിഭാഷകന്‍, സാമൂഹിക പ്രവര്‍ത്തകര്‍, ശഹ്‌രി കുടുംബത്തിന്റെ അഭിഭാഷകര്‍ എന്നിവര്‍ പലതവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ദിയാ ധനം സ്വീകരിക്കാം എന്ന ധാരണയിലെത്തിയത്. അവസാനം ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് ശഹരി കുടുംബം ഇന്ത്യന്‍ എംബസിയെ രേഖാ മൂലം അറിയിച്ചു. ഇതോടെയാണ് പണം സമാഹരിക്കാന്‍ റഹിം നിയമ സഹായ സമിതി തീരുമാനിച്ചത്.

150 ലക്ഷം റിയാലാണ് ദിയാ ധനം ആവശ്യമുളളത്. രണ്ട് മാസത്തിനകം ഇത് സമാഹരിക്കണം. സൗദി അറേബ്യയിലെ കോടതിയുടെ അനുമതിയോടെ പണം സമാഹരിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കും. കോഴിക്കോട് കേന്ദ്രമായി രൂപീകരിച്ച റഹിം സഹായ സമിതി ഫണ്ട് ശേഖരണത്തിന് അക്കൗണ്ട് തുറന്നു. പ്രസ്തുത അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് മൊബൈല്‍ ആപ് വികസിപ്പിച്ചത്.

 

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top