
റിയാദ്: കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന കൊവിഡ് വാകസിന്‍ ദേശീയ കുത്തിവയ്പ്പ് കാമ്പയിന്റെ ഭാഗമായാണ് കിരീടാവകാശി വാക്‌സിന്‍ സ്വീകരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീവ്ര ശ്രമം നടത്തിയ കിരീടാവകാശിക്ക് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബിഅ നന്ദി പറഞ്ഞു.

മഹാമാരിയുടെ ആരംഭം മുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം കൈവരിച്ച നേട്ടം വിഷന്‍ 2030 പദ്ധതി വഴി കൈവരിച്ച ദീര്‍ഘവീക്ഷണവും നയവുമാണ്. രോഗം ബാധിച്ചതിന് ശേഷം രോഗമുക്തി കൈവരിക്കുന്നതിനെക്കാള്‍ പ്രതിരോധമാണ് ഏറ്റവും മികച്ചത്. ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമസ്ഥാനം നല്‍കുന്നത്. മുന്‍കരുതല്‍ നടപടികള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കിയതും കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എത്തിച്ചതും അതുകൊണ്ടാണ്. അന്തര്‍ദ്ദേശീയ അംഗീകാരമുള്ള വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. മഹാമാരിയെ നേരിടുന്നതില്‍ രാജ്യം ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി മാറിയെന്നും മന്ത്രി പറഞ്ഞു.
ഒരാഴ്ചക്കിടെ അഞ്ച് ലക്ഷം ആളുകള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.