Sauditimesonline

KELI KUDUMBAVEDI
'സിനിമാ കൊട്ടക' ഇന്ന് തുറക്കും

ഹൗസ് ഡ്രൈവര്‍ ജോലിക്കെത്തി; ഈന്തപ്പനയുടെ അധിപനായി

മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: ഹൗസ് ഡ്രൈവര്‍ ജോലിക്കെത്തി ഈന്തപ്പന തോട്ടത്തിന്റെ അധിപനായ അനുഭവമാണ് മലയാളിയായ പാറമ്മല്‍ അഹമ്മദിന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം വിളയുന്നിടമാണ് ബുറൈദ. ഇരുപത്തിയാറ് വര്‍ഷമായി അല്‍ ഖസിം പ്രവിശ്യയിലെ ബുറൈദ റിയാദുല്‍ ഖബ്‌റയിലെ കൃഷിത്തോട്ടമാണ് മലപ്പുറം ചന്തപ്പറമ്പ് പാറമ്മല്‍ അഹമ്മദിന്റെ ലോകം. തൊഴിലുടമ മരിച്ചതോടെയാണ് തോട്ടത്തില്‍ കൃഷിയും പരിപാലനവും നടത്തിപ്പും അഹമ്മദിന്റെ ചുമതലയായത്.

മക്കളാണ് തോട്ടത്തിന്റെ അവകാശികള്‍. വിളവെടുപ്പു കാലത്ത് തോട്ടം കാണാന്‍ അവര്‍ എത്തും. തോട്ടത്തില്‍ പുതിയ പനകള്‍ തഴച്ചു വളരുകയും പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ചകളും കാണാനാണ് അവര്‍ എത്തുന്നത്. വിളവെടുപ്പും വില്‍പ്പനയുമെല്ലാം അഹമ്മദിന്റെ ഉത്തരവാദിത്തം. കണക്കുകള്‍ പരിശോധിക്കുകയോ ചോദിക്കുകയോ ചെയ്യില്ല. എങ്കിലും കൃത്യമായ വിളവെടുപ്പ് വിവരവും വില്‍പ്പന വിവരവും അഹമ്മദ് അവരെ അറിയിക്കും.

തോട്ടത്തിനോട് ചേര്‍ന്നുളള മുറിയിലാണ് അഹമ്മദിന്റെ താമസം. പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍ കൈക്കോട്ടുമായി തോട്ടത്തിലിറങ്ങും. 700 പനകളാണ് വിളവെടുക്കാന്‍ പാകത്തിന് തോട്ടത്തിലുളളത്. അതില്‍ 400 എണ്ണം സുക്കരി ഇനത്തിലുളളതാണ്. 300 പനകള്‍ സൗദിയില്‍ വിളയുന്ന മറ്റു ഇനങ്ങളിലുളളവയാണ്. വിളവെടുക്കുന്ന ഈന്തപ്പനകളിലേറെയും അഹമ്മദ് നട്ടു വളര്‍ത്തിയതാണ്. ഗുണനിലവാരമുളള തൈകള്‍ കാര്‍ഷിക മന്ത്രാലയം വിതരണം ചെയ്യുന്നുണ്ട്. ആറു വര്‍ഷം കഴിഞ്ഞാല്‍ കായ്ച്ചുതുടങ്ങും.

വര്‍ഷം ചുരുങ്ങിയത് 20 ടണ്‍ ഈന്തപ്പഴം വിളവെടുക്കുന്നുണ്ട്. രാസവളം ചേര്‍ക്കാതെ തന്നെ നല്ല വിളവാണ് ലഭിക്കുന്നത്. ആയിരത്തിലധികം നാടന്‍ കോഴികളെയും വളര്‍ത്തുന്നുണ്ട്. കോഴികാഷ്ടം മാത്രമാണ് വളമായി ചേര്‍ക്കുന്നത്. ഇത് രുചിയും നിറവും ഗുണവുമുളള ഈന്തപ്പഴം വിളവെടുക്കാന്‍ സഹായിക്കും. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈന്തപ്പഴ വിപണിയെ കാര്യമായി ബാധിക്കില്ലെന്നാണ് അഹമമ്മദിന്റെ പ്രതീക്ഷ.

എല്ലാ വര്‍ഷവും ബുറൈദയില്‍ ഈന്തപ്പഴ മേള നടത്താറുണ്ട്. രാജ്യത്തിനകത്തും ലോക രാജ്യങ്ങളില്‍ നിന്നുളളവരും മേള സന്ദര്‍ശിക്കാനെത്തും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സന്ദര്‍ശകര്‍ കുറയാന്‍ സാധ്യതയുണ്ട്. എങ്കിലും ഈന്തപ്പഴ വിപണിയില്‍ വിലകുറയില്ലെന്നാണ് അഹമ്മദിന്റെ പ്രതീക്ഷ.

ശുദ്ധമായ ഭൂഗര്‍ഭ ജലം. ഫലപൂയിഷ്ടമായ മണ്ണ്. കാര്‍ഷിക ഗ്രാമമായ ബുറൈദയിലെ ഭൂപ്രകൃതിയാണ് മികച്ച വിള ലഭിക്കാന്‍ കാരണമെന്നും അഹമദ് സാക്ഷ്യപ്പെടുത്തുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top