മുഹമ്മദ് മോങ്ങം, സോമാലിലാന്റ്

സോമാലിയുടെ ഭാഗമായ സ്വയംഭരണാവകാശമുളള രാഷ്ട്രമാണ് സോമാലിലാന്റ്. ഇവിടെയാണ് സയീദ് ശുക്‌റി ഹുസൈന്റെ സ്വപ്ന സാഫല്യമായ സരയാന്‍ മ്യൂസിയം. സൊമാലിലാന്റ് തലസ്ഥാനമായ ഹര്‍ഗയ്‌സ നഗരത്തിനുള്ളിലെ ശആബ് പ്രദേശത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
സയീദ് ബാരെ എന്ന ഏകാധിപതിക്കെതിരെ സ്വതന്ത്ര സോമാലിലാന്റിനായി പോരാടിയ സോമാലി നാഷണല്‍ മൂവ്‌മെന്റി(എസ് എന്‍ എം)ന്റെ പോരാളിയായിരുന്നു സയീദ് ശുക്‌റി.

അമൂല്യ പൈതൃക വസ്തുക്കള്‍, ചരിത്ര രേഖകള്‍ എന്നിവയാണ് മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചിട്ടുളളത്. സയീദ് ശുക്‌റിയുടെ കൈവശമുണ്ടായിരുന്നതിനു പുറമെ മറ്റു പലയിടങ്ങളില്‍ നിന്നു ശേഖരിച്ചതും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2017 ആഗസ്റ്റിലാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

സൊമാലിലാന്റിന്റെ ബൃഹത്തായ പൈതൃകത്തിന്റെ സമ്പന്നമായ അടയാളപ്പെടുത്തലാണ് മ്യൂസിയത്തിനകത്തെ വിശേഷങ്ങള്‍. ശാന്തസുന്ദരമായ ചെറിയൊരു കോമ്പൗണ്ടിനുള്ളിലെ രണ്ടു സുന്ദരമായ കെട്ടിടങ്ങള്‍ക്കുള്ളില്‍ വൈവിധ്യമാര്‍ന്ന കലാസാംസ്‌ക്കാരികചരിത്ര പൈതൃകങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

രണ്ടു ഡോളറാണ് പ്രവേശന ഫീസ്. ചെറുതും വലുതുമായ രണ്ടായിരത്തിയഞ്ഞൂറ് വസ്തുക്കള്‍ അടങ്ങുന്നതാണ് മ്യൂസിയത്തിലെ ശേഖരം. ഏതാനും പുരാതന കരകൗശല വസ്തുക്കള്‍, സൊമാലി ജനതയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ കാര്‍ഷിക ഉപകരണങ്ങള്‍, പരമ്പരാഗത കുടിലിന്റെ മാതൃക, വേട്ടക്കുപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള ആയുധങ്ങള്‍, മരം, പുല്ലു എന്നിവയില്‍ തീര്‍ത്ത വിവിധ വസ്തുക്കള്‍, സുന്ദരമായ പെയ്ന്റിങ്ങുകള്‍, വിവിധ നാണയങ്ങളുടെ ചെറു ശേഖരം തുടങ്ങിയവയാണ് ആദ്യ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

രണ്ടാമത്തെ കെട്ടിടത്തില്‍ ചരിത്ര രേഖകള്‍, പുസ്തകങ്ങള്‍, ഭൂപടങ്ങള്‍ തുടങ്ങിയവയോടൊപ്പം സോമാലി നാഷണല്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ട നിരവധി നേതാക്കളുടെ ചിത്രങ്ങളും കാണാം. ആഭ്യന്തര യുദ്ധത്തില്‍ ഉപയോഗിക്കപ്പെട്ട തോക്കുകള്‍, വെടിയുണ്ടകള്‍, പീരങ്കിയുണ്ടകള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ലാസ്ഗീലിലെ പുരാതന മനുഷ്യരുടെ ഗുഹാ ചിത്രങ്ങള്‍ പോലെ സൊമാലിലാന്റിന്റെ പൈതൃകങ്ങളില്‍ തുല്യതയില്ലാത്ത ശേഷിപ്പുകളുടെ ചില ചിത്രങ്ങളും വിവരണങ്ങളും സരയാന്‍ മ്യൂസിയത്തിലുണ്ട്.

കാഴ്ച്ചകള്‍ കണ്ട് പുറത്തിറങ്ങിയാല്‍ സ്വച്ഛന്ദമായ ചെറു പൂന്തോട്ടം പോലുള്ള മുറ്റത്തിരുന്ന് കാപ്പി നുകര്‍ന്ന് അല്‍പ്പസമയമിരിക്കാം. ഒരു ഭാഗത്തുള്ള ചെറിയ മരത്തില്‍ ചേക്കേറിയ കുറേയധികം കുഞ്ഞു കിളികളുടെ കിന്നാരം പറച്ചില്‍ കേട്ട്, പൊടി പാറുന്ന നഗരത്തിരക്കില്‍ നിന്നൊഴിഞ്ഞ് ശാന്തമായി ഇരിക്കാന്‍ പറ്റിയ ഇടം.
ആധുനിക സോമാലിലാന്റിലെ ഒരേയൊരു മ്യൂസിയമാണ് ഈ സ്വകാര്യ സംരംഭം. നീണ്ടു കൂര്‍ത്ത വളയാത്ത കൊമ്പുകളുള്ള, എപ്പോഴും ജാഗരൂഗമായി നില്‍ക്കുന്ന ഒരുതരം മാനിനെ ആണ് സരയാന്‍ എന്ന് സോമാലി ഭാഷയില്‍ വിളിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സോമാലിലാന്റിന്റെയും സോമാലി നാഷണല്‍ മൂവ്‌മെന്റിന്റെയും ചരിത്രവും പൈതൃകവും സംരക്ഷിക്കാനുള്ള സയീദ് ശുക്‌റിയുടെ ജാഗരൂഗമായ ശ്രമം കൂടിയാണ് സരയാന്‍ മ്യൂസിയം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
