റിയാദ്: സൗദി അറേബ്യയില്‍ ആശ്രിത വിസയിലുളള വിദേശികള്‍ക്ക് തൊഴിലുടമയുടെ പേരിലേക്ക് വിസ മാറുന്നതിന് ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് തൊഴില്‍ വിസയിലേക്ക് മാറാന്‍ അവസരമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ആശ്രിത വിസയിലുളള വിദേശികള്‍ തൊഴില്‍ കണ്ടെത്തിയാല്‍ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറണമെന്നാണ് ചട്ടം. നിലവില്‍ മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ ശാഖാ ഓഫീസുകള്‍ സന്ദര്‍ശിച്ച് നിയമ നടപടി പൂര്‍ത്തിയാക്കിയാണ് സ്‌പോണ്‍സര്‍ഷിപ് മാറുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ ആശ്രിത വിസയിലുളളവരുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റം എളുപ്പമാകും.
സ്‌പോണ്‍സര്‍ഷിപ് സ്വീകരിക്കുന്നതിന് തൊഴില്‍ധാതാവായ സ്‌പോണ്‍സര്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ഷിറില്‍ പ്രവാസി കുടുംബങ്ങളുടെ ഗൃഹനാഥന്‍മാരുടെ പേരിലുളള അക്കൗണ്ട് സന്ദര്‍ശിച്ച് അപേക്ഷ സ്വീകരിച്ചതായി രേഖപ്പെടുത്തണം.
സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന് നിശ്ചിത ഫീസ് അടച്ചാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി ലഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൗദി പാസ്‌പോര്‍ട്ട് ഓഫീസുകള്‍ മുഖേന പുതിയ സ്‌പോണ്‍സറുടെ പേരിലുളള ഇഖാമ അനുവദിക്കുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.