റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. പ്രതിക്കെതിര പ്രോസിക്യൂഷന്‍ നിരത്തിയ കുറ്റകൃത്യം തെളിഞ്ഞിരുന്നു. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതികളും ശരിവച്ചിരുന്നു. കൊല്ലപ്പെട്ട കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്.
സൗദി സ്വദേശിയായ യൂസുഫ് ബിന്‍ ഈസ അല്‍ മുല്ലയെ മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വധശിക്ഷ. രണ്ട് അപ്പീല്‍ കോടതിയിലും സുപ്രീം കോടതിയിലും പ്രതി ഹരജി നല്‍കിയെങ്കിലും വിചാരണ കോടതി വിധി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് രാജവിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് വിധി നടപ്പിലാക്കിയത്.
തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സ്വദേശി പൗരന്റെ വധശിക്ഷയും കഴിഞ്ഞ ദിവസം നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാന്‍ ബിന്‍ സയര്‍ ബിന്‍ അബ്ദുല്ല അല്‍ഷമ്മരിയുടെ വധശിക്ഷ റിയാദിലാണ് നടപ്പിലാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.