സന്‍അ (യമന്‍): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ നേരിട്ട് കാണാന്‍ അമ്മ പ്രേമകുമാരി സന്‍അയിലെത്തി. നിയമ സഹായം ചെയ്യുന്ന സാമുവല്‍ ജെറോമിനൊപ്പമാണ് സനയില്‍ എത്തിയത്. ഇന്ന് രാവിലെ ജയില്‍ സന്ദര്‍ശിച്ച് നിമിഷ പ്രിയയെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.
പങ്കാളിയായ യമന്‍ പൗരനെ കൊന്ന കേസില്‍ നിമിഷ പ്രിയയ്ക്കു മാപ്പ് നേടി മോചിപ്പിക്കുകയാണ് ലക്ഷ്യം. ഗോത്ര വിഭാഗം തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഇതിന് യെമനില്‍ സ്വാധീനമുള്ള പൗരപ്രമുഖര്‍ നേതൃത്വം നല്‍കും. നിമിഷ പ്രിയയെ സന്ദര്‍ശിച്ചതിന് ശേഷം പങ്കാളിയുടെ കുടുംബത്തെ കാണാനും ശ്രമം നടത്തും.
ഗോത്ര വിഭാഗം നടത്തുന്ന പ്രാഥമിക ചര്‍ച്ചയില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം മാപ്പുനല്‍കാന്‍ സന്നദ്ധത അറിയിച്ചാല്‍ ബ്ലെഡ് മണി സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കും.
ഇതുവരെയുളള നീക്കങ്ങളില്‍ തികഞ്ഞ പ്രതീക്ഷയാണ് നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിക്കും ആക്ഷന്‍ കൗണ്‍സിലിനുമുളളത്. റിയാദില്‍ വധശിക്ഷ കാത്തു കഴിയുന്ന അബ്ദുറഹീമിന് 34 കോടി രൂപ മലയാളികള്‍ സമാഹരിച്ചതുപോലെ നിമിഷ പ്രിയയുടെ മോചനത്തിനും ബ്‌ളഡ് മണി കണ്ടെത്താന്‍ കഴിയുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.