Sauditimesonline

watches

എല്‍ സാല്‍വഡോര്‍ X ഹോണ്ടുറാസ്: യുദ്ധത്തിലേക്ക് നയിച്ച ഫുട്‌ബോള്‍ പോര്

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍

യൂറോപ്പിനും ദക്ഷിണ അമേരിക്കയ്ക്കും പുറത്ത് ആദ്യമായി ഒരു രാജ്യം ലോകകപ്പ് വേദിയായത് 1970 ല്‍ നടന്ന ഒമ്പതാം പതിപ്പിലാണ്. വടക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോ ആയിരുന്നു ആതിഥേയര്‍. നേരിട്ട് പ്രവേശനം എന്ന ആഫ്രിക്കന്‍ മുറവിളിയ്ക്ക് ഇത്തവണ പരിഹാരമായി. അതോടെ യോഗ്യതാ റൗണ്ട് കടന്ന് മൊറോക്കോ മെക്‌സിക്കോയിലേക്ക് ബെര്‍ത്ത് നേടി.

രാഷ്ട്രീയ കാരണങ്ങളാല്‍ ഇസ്രായേലിനെതിരെ കളിക്കാന്‍ വിസമ്മതിച്ച ഉത്തര കൊറിയ പുറത്തായി. ഇസ്രായേല്‍ കളിച്ച ഏക ലോക കപ്പും അര്‍ജന്റീന യോഗ്യതാ റൗണ്ടില്‍ തോറ്റ് പുറത്തായ ഏക ലോക കപ്പും ഇത് തന്നെ.

നേരത്തേ തന്നെ അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്ന എല്‍ സാല്‍വഡോറും ഹോണ്ടുറാസും തമ്മില്‍ നടന്ന പ്‌ളേ ഓഫ് മാച്ചില്‍ എല്‍ സാല്‍വഡോര്‍ വിജയിച്ചു. എങ്കിലും അവരുടെ മത്സര വൈര്യം കളി മൈതാനവും കടന്ന് രണ്ട് രാജ്യങ്ങളും തമ്മില്‍ നാല് ദിവസം നീണ്ട് നിന്ന യുദ്ധത്തിനും ഇടയാക്കി. ഫുട്‌ബോള്‍ വാര്‍ എന്ന പേരിലാണ് ഈ യുദ്ധം അറിയപ്പെടുന്നത്. ഈ ലോകകപ്പിലാണ് ഗോള്‍ ശരാശരിക്ക് പകരം ഗോള്‍ വ്യത്യാസം ടൈബ്രേക്കിങ്ങിനായി പരിഗണിക്കാനാരംഭിച്ചത്. കൂടാതെ, റഫറിമാരുടെ ഉപയോഗത്തിനായി മഞ്ഞ ചുവപ്പ് കാര്‍ഡുകള്‍ നിലവില്‍ വന്നതായിരുന്നു മറ്റൊരു മാറ്റം. കളികള്‍ക്കിടെ സബ്സ്റ്റിറ്റിയൂട്ടുകളെ ഉപയോഗിക്കാന്‍ തുടങ്ങിയതും ടെലിവിഷന്‍ ലൈവ് കളര്‍ സംപ്രേഷണം ആരംഭിച്ചതും ഈ ലോകകപ്പിലാണ്. ക്വാര്‍ട്ടറില്‍ പശ്ചിമ ജര്‍മ്മനിയോട് തോറ്റ് നിലവിലെ ചാമ്പ്യന്‍ ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായി. തുടര്‍ന്ന് കൃത്യം നാല് ദിവസം കഴിഞ്ഞ് നടന്ന ഇംഗ്ലണ്ടിലെ പൊതു തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പരാജയത്തിന് തന്നെ ഈ ലോകകപ്പ് തോല്‍വി കാരണമായതായി പറയപ്പെടുന്നു.

ഇറ്റലിയും പശ്ചിമ ജര്‍മ്മനിയും തമ്മിലുള്ള സെമി ഫൈനല്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മഹത്തായ മത്സരമായിരുന്നു. നൂറ്റാണ്ടിന്റെ കളി എന്ന വിളിപ്പേര് വീണ മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ വീണത് അഞ്ച് ഗോളുകള്‍! ഒടുവില്‍ 4-3 ന് ഇറ്റലിയ്ക്കായിരുന്നു വിജയം. മറ്റൊരു സെമിയില്‍ ബ്രസീല്‍ ഉറുഗ്വേയെ 3-1 ന് മറി കടന്നു. പിന്നീട് ഉറുഗ്വേയെ തോല്പിച്ച് പശ്ചിമ ജര്‍മ്മനി മൂന്നാം സ്ഥാനവും നേടി. രണ്ടു തവണ വീതം ലോകകപ്പ് നേടിയ ബ്രസീലും ഇറ്റലിയും ഏറ്റു മുട്ടിയ ഫൈനലും എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. ഒടുവില്‍ 4-1 ന് ജയിച്ച ബ്രസീല്‍ മൂന്നാം തവണയും ജൂള്‍സ് റിമേത്ത് ട്രോഫിയില്‍ മുത്തമിട്ടു. ഇതോടെ ഈ ട്രോഫി അവര്‍ക്ക് എന്നന്നേക്കുമായി സ്വന്തമായി. 1970 ലോകകപ്പിനെ ഏറ്റവും മികച്ച നിലവാരമുണ്ടായിരുന്ന ടൂര്‍ണമെന്റായും കപ്പ് നേടിയ ബ്രസീല്‍ ടീമിനെ ചരിത്രത്തില ഏറ്റവും മികച്ച ടീമായും പൊതുവേ കരുതപ്പെടുന്നു.

യൂറോപ്പ് വേദിയാകുമ്പോള്‍ ആതിഥേയര്‍ തന്നെ കപ്പടിക്കുന്ന പതിവ് 1974 ലെ പത്താം ലോകകപ്പിലും ആവര്‍ത്തിച്ചു. പശ്ചിമ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പിലേക്ക് രാഷ്ട്രീയ വൈരികളായ കിഴക്കന്‍ ജര്‍മ്മനി യോഗ്യത നേടിയെത്തിയത് അന്നേറെ കൗതുകം ഉണര്‍ത്തിയിരുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം, പെറു, സ്‌പെയിന്‍, മെക്‌സിക്കോ, തുടങ്ങി പ്രമുഖ ടീമുകള്‍ യോഗ്യത നേടാതെ മടങ്ങി. രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് സോവിയറ്റ് യൂണിയന് പ്‌ളേ ഓഫ് കളിക്കാനുമായില്ല.
സമനിലയിലാവുന്ന നോക്കൗട്ട് മത്സരങ്ങളുടെ ഫലം നിര്‍ണ്ണയിക്കുവാനായി നറുക്കെടുപ്പിന് പകരമായി പെനാല്‍ട്ടി ഷൂട്ടൗട്ട് നിയമം വന്നു. എങ്കിലും ഈ ലോകകപ്പില്‍ ആ നിയമം ഉപയോഗിക്കേണ്ടി വന്നില്ല.

മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായ ഫോര്‍മാറ്റാണ് 1974 ലും 1978 ലും ഉപയോഗിച്ചത്. നാലു ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളിലെയും ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ വീണ്ടും രണ്ട് ഗ്രൂപ്പുകളായി വീണ്ടും മത്സരിച്ചു. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാര്‍ ഫൈനലിലും രണ്ടാം സ്ഥാനക്കാര്‍ മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് വേണ്ടിയും ഏറ്റുമുട്ടി.
രണ്ടാം റൗണ്ടിലെ ആദ്യ ഗ്രൂപ്പില്‍ നിന്നും ബ്രസീലിനെ പിന്തളളി ടോട്ടല്‍ ഫുട്‌ബോളിന്റെ മാസ്മരികത കാഴ്ച വെച്ച് നെതര്‍ലന്‍ഡ്‌സ് ഫൈനലിലെത്തി. രണ്ടാം ഗ്രൂപ്പില്‍ പശ്ചിമ ജര്‍മ്മനി മുന്നിലെത്തി. രണ്ടാം സ്ഥാനക്കാരായി ലൂസേഴ്‌സ് ഫൈനലിലെത്തിയ പോളണ്ട് നിലവിലെ ജേതാക്കളായിരുന്ന ബ്രസീലിനെ മറികടന്ന് മൂന്നാം സ്ഥാനം നേടി.

ഫൈനലില്‍ നെതര്‍ലണ്ടിന് കാലിടറിയപ്പോള്‍ ആതിഥേയരായ പശ്ചിമ ജര്‍മ്മനി പുതുതായി ഏര്‍പ്പെടുത്തിയ ഫിഫാ വേള്‍ഡ് കപ്പ് ട്രോഫിയുടെ ആദ്യ അവകാശികളായി.

ദശകങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 1978 ലെ പതിനൊന്നാം ലോകകപ്പിന് അര്‍ജന്റീന വേദിയായി. ആദ്യമായി നൂറിലധികം രാജ്യങ്ങള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കാനെത്തിയിരുന്നു.
എന്നാല്‍, ലോകകപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കിടെ, 1976 ല്‍ അര്‍ജന്റീനയില്‍ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തു. ഇതില്‍ പ്രതിഷേധിച്ച് നെതര്‍ലണ്ട് ഉള്‍പ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങള്‍ ലോകകപ്പിലെ പങ്കാളിത്തത്തെ കുറിപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. എങ്കിലും യോഗ്യത നേടിയ 16 ടീമുകളും ഒടുവില്‍ മത്സരിക്കാനെത്തി.

അനര്‍ഹമായ പല ആനുകൂല്യങ്ങളും ആതിഥേയ ടീമായ അര്‍ജന്റീനയ്ക്ക് ലഭിച്ചുവെന്ന് ടൂര്‍ണമെന്റില്‍ ഉടനീളം ആരോപണം ഉയര്‍ന്നിരുന്നു. എങ്കിലും ഫൈനലില്‍ നെതര്‍ലണ്ട്‌സിനെ തോല്പിച്ച് അര്‍ജന്റീന വിജയകിരീടമണിഞ്ഞു. പാരമ്പര്യ വൈരികളായ ബ്രസീല്‍ ഇറ്റലിയെ തോല്പിച്ച് മൂന്നാം സ്ഥാനത്തെത്തി. അന്ന് 17 വയസ്സ് മാത്രമുണ്ടായിരുന്ന ഡിഗോ മറഡോണ അര്‍ജന്റീനയുടെ വേള്‍ഡ് കപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹത്തിന് അവസാന പതിനൊന്നില്‍ ഇടം നേടി സ്വന്തം രാജ്യക്കാര്‍ക്ക് മുന്നില്‍ കളിക്കാനുള്ള ഭാഗ്യമുണ്ടായില്ല.
(തുടരും)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top