നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: ഗള്‍ഫില്‍ നിന്നുളള വിമാന സര്‍വീസുകളില്‍ പലതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ കേരളത്തിലേക്കുളള സര്‍വീസുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു. കൊവിഡ് 19 വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി സൗദിയില്‍ നിന്നു വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ വഴി കേരള സെക്ടറില്‍ സര്‍വീസ് നടത്തുന്ന അഞ്ച് വിമാന കമ്പനികള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. ഗള്‍ഫ് എയര്‍, ഇത്തിഹാദ് എയര്‍വേസ്, കുവൈത് എയര്‍വേസ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ് എയര്‍ തുടങ്ങിയ വിമാനങ്ങളാണ് സൗദിയില്‍ നിന്നു ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസ് നിര്‍ത്തിയത്.
ബഹ്‌റൈന്‍ വഴി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ ആഴ്ചയില്‍ 23 സര്‍വീസാണ് റിയാദില്‍ നിന്നു മാത്രം നടത്തിയിരുന്നത്. ഇത്തിഹാദ് എയര്‍, കുവൈത് എയര്‍, എയര്‍ അറേബ്യ എന്നിവ ആഴ്ചയില്‍ 21 സര്‍വീസ് വീതം റിയാദ് കേരള സെക്ടറില്‍ നടത്തിയിരുന്നു. എമിറേറ്റ്‌സ് റിയാദില്‍ നിന്നു 16 സര്‍വീസുകളാണ് കേരളത്തിലേക്കു നടത്തിയിരുന്നത്. അഞ്ചു വിമാന കമ്പനികള്‍ കേരളത്തിലേക്കു ആഴ്ചയില്‍ നടത്തിയിരുന്ന 102 സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. പതിനയ്യായിരത്തിലധികം യാത്രക്കാരെയാണ് റിയാദില്‍ നിന്നു ആഴ്ചയില്‍ കേരളത്തിലെത്തിച്ചിരുന്നത്. മസ്‌കത്ത് വഴി കേരളത്തിലെ വിവിധ എയര്‍ പോര്‍ട്ടുകളിലേക്ക് ഒമാന്‍ എയര്‍ 21 സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ മാര്‍ച്ച് 9ന് രാത്രി മദീനയില്‍ നിന്നു മസ്‌കത്ത് വഴി കേരളത്തിലേക്കുളള സര്‍വീസ് റദ്ദാക്കി. മാര്‍ച്ച് 10ന് പുലര്‍ച്ചെ റിയാദില്‍ നിന്നു മസ്‌കത്ത് വഴി കൊച്ചിയിലേക്ക് പുറപ്പെടേണ്ട ഒമാന്‍ എയറും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഒമാന്‍ എയര്‍ സൗദി-കേരള സെക്ടറിലെ മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിയതായി അറിയിച്ചിട്ടില്ല. ഒമാന്‍ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിമാന സര്‍വീസും റദ്ദാക്കാനാണ് സാധ്യത.
സൗദിയില്‍ നിന്നു നിലവില്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത് അഞ്ച് വിമാന കമ്പനികളാണ്. സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ശ്രീ ലങ്കന്‍ എയര്‍വേസ്, ഫ്‌ളൈ നാസ് എന്നിവ ആഴ്ചയില്‍ 30 സര്‍വീസുകളാണ് നടത്തുന്നത്. കേരള-റിയാദ് സെക്ടറില്‍ ഇരു ഭാഗങ്ങളിലേക്കുമായി 152 സര്‍വീസുകളിലായി 11 വിമാന കമ്പനികള്‍ ആഴ്ചയില്‍ ശരാശരി 28,000 ആളുകള്‍ക്കാണ് യാത്രാ സൗകര്യം ഒരുക്കിയിരുന്നത്.

വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്രക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. അതേസമയം, റീ എന്‍ട്രി വിസയില്‍ കേരളത്തില്‍ കഴിയുന്നവര്‍ക്ക് വിസ കാലാവധി കഴിയുന്നതിന് മുമ്പ് സൗദിയില്‍ മടങ്ങിയെത്തണം. വിമാനങ്ങള്‍ റദ്ദാക്കിയതോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സൗദിയിലെത്താനുളള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ നിലവില്‍ സൗദിയിലേക്കു സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ മാര്‍ച്ച് 17 വരെ ടിക്കറ്റ് പൂര്‍ണമായും വിറ്റുകഴിഞ്ഞു. അതിനിടെ കേരളത്തിലേക്കു വണ്‍വേ നിരക്ക് 500-600 റിയാലായിരുന്നത് വിമാനങ്ങള്‍ റദ്ദാക്കിയതോടെ എയര്‍ ഇന്ത്യയും ശ്രീലങ്കന്‍ എയര്‍വേസും വര്‍ധിപ്പിച്ചു. 950-1150 റിയാലായാണ് വര്‍ധിപ്പിച്ചത്.
അതിനിടെ, മാര്‍ച്ച് 9ന് ഗള്‍ഫ് എയറില്‍ തിരുവനന്തപുരത്തു നിന്നു ബഹ്‌റൈന്‍ വഴി റിയാദിലേക്ക് പുറപ്പെട്ടവര്‍ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇവരെ ബഹ്‌റൈനില്‍ നിന്നു തിരുവനന്തപുരത്തേക്ക് മടക്കി അയച്ചു.
കേരളത്തില്‍ വേനലവധി തുടങ്ങുന്നതോടെ സൗദിയിലെത്താന്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ടിക്കറ്റ് ബുക് ചെയ്തിരുന്നു. വിമാനം റദ്ദാക്കിയതോടെ ഇവരും ആശങ്കയിലാണ്. ഫാമിലി വിസിറ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാന്‍ തയ്യാറായവര്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളെ ആശ്രയിക്കേണ്ടിവരും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
