റിയാദ്: പിഎസ്‌സി പരിശീലന കരുത്തിലാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജിഎസ് പ്രദീപ് നയിച്ച ‘റിയാദ് ജീനിയസ്-2024’ ഫൈനല്‍ റൗണ്ടില്‍ കിരീടം നേടാന്‍ സഹായിച്ചതെന്ന് റിയാദില്‍ വീട്ടമ്മയായ നിവ്യ സിംനേഷ്. കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ സുദിനം വീട്ടില്‍ ടികെ ദിനേശന്‍, കെ സുഷമ ദമ്പതികളുടെ മകളാണ്. എട്ട് വര്‍ഷമായി ജീവിത പങ്കാളിയായ സിംനേഷിനൊപ്പം റിയാദിലാണ് താമസം.
ബിടെക് ബിരുദ ധാരിയാണ്. പഠനകാലത്ത് നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ജിഎസ് പ്രദീപിനൊപ്പം മെഗാ ഷോയില്‍ ആദ്യമായാണ് മാറ്റുരക്കുന്നത്. ഗ്രാന്‍ഡ്മാസ്റ്ററുടെ പരിപാടികള്‍ നിരന്തരം കൗതുകത്തോടെ വീക്ഷിക്കാറുണ്ടെങ്കിലും ജീവിതത്തില്‍ ഇത്തരം അവസരം കിട്ടുമെന്ന് കരുതിയിരുന്നില്ല. കേളി പരിപാടി നടത്തുന്നു എന്നറിഞ്ഞതോടെ പങ്കെടുക്കണമെന്ന് തീരുമാനിച്ചു. അദ്ദേഹത്തിന്റെ നിരവധി മത്സരങ്ങള്‍ വീണ്ടും കാണാന്‍ ശ്രമിച്ചു. ചോദ്യങ്ങളുടെ രീതികള്‍ ഉത്തരത്തിലേക്ക് എത്തുന്നതിനുള്ള അദ്ദേഹത്തിന്റെ വഴികള്‍ ശ്രദ്ധിക്കുകയും ചെയ്തു. അതെല്ലാം മത്സരത്തില്‍ പങ്കെടുക്കുന്നതിന്ന് ആവേശം നല്‍കി.
ആദ്യ റൗണ്ട് കഴിഞ്ഞപ്പോഴും ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുമെന്ന് കരുതിയില്ലെന്ന് നിവ്യ പറഞ്ഞു. മുന്നൂറിലധികം മത്സരാര്‍ഥികളില്‍ നിന്നു ഫൈനലില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഗ്രാന്‍മാസ്റ്റാരോടൊപ്പം മത്സരിക്കാനായി എന്ന സന്തോഷം ഉണ്ടായിരുന്നു. ഫൈനല്‍ റൗണ്ടിന് മുമ്പ് വരെ പിന്നിലായിരുന്നെങ്കിലും അവസാന റൗണ്ടിലാണ് മുന്നിലെത്തിയത്.
ജീവിത പങ്കാളി ധര്‍മ്മടം മേലൂര്‍ സ്വദേശി സിംനേഷ് 12 വര്‍ഷമായി റിയാദിലെ സ്വകാര്യ സ്ഥാപത്തില്‍ ഐടി ആപ്ലിക്കേഷന്‍ മാനേജരാണ്. ദേവാംഗി, സാരംഗി എന്നിവര്‍ മക്കളാണ്. ഏക സഹോദരന്‍ നിപുണ്‍ ദിനേശന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. നിവ്യക്ക് കിട്ടിയ അവാര്‍ഡ് തുകയുടെ ഒരുഭാഗം കേളി നാട്ടില്‍ നടപ്പാക്കുന്ന ‘ഹൃദയപൂര്‍വം കേളി’ പൊതിച്ചോര്‍ പദ്ധതിയിലേക്കും ഒരുഭാഗം നാട്ടിലെ വയനശാലക്ക് സംഭാവനയായി നല്‍കുമെന്നും അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.