റിയാദ്: മതിയായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) പ്രവേശനത്തിന് ഗള്‍ഫ് പ്രവാസി വിദ്യാര്‍ഥികളുടെ സംവരണ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതായി വിദ്യാഭ്യാസ വിദഗ്ദര്‍. ഡയറക്ട് അഡ്മിഷന്‍ ഓഫ് സ്റ്റുഡന്‍സ് എബ്രോഡ് (ദാസ) സ്‌കീമില്‍ മൂന്ന് വിഭാഗങ്ങില്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ചില്‍ഡ്രന്‍ ഓഫ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് ഇന്‍ ഗള്‍ഫ് (സിഐഡബ്‌ളിയുജി) വിഭാഗത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ സംവരണം. എന്നാല്‍ ഇതു സംബന്ധിച്ച് മതിയായ പരിജ്ഞാനം ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് ടാര്‍ഗറ്റ് ഗ്‌ളോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എംസി പറഞ്ഞു.
ഐഐടി കഴിഞ്ഞാല്‍ എഞ്ചിനീയറിംഗ് പഠനത്തിന് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് എന്‍ഐടികള്‍. കോഴിക്കോട് എന്‍ഐടിയില്‍ സിഐഡബ്‌ളിയുജി കാറ്റഗറിയില്‍ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ 76 സീറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നത്. മെറിറ്റ് സീറ്റില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഈടാക്കുന്ന അതേ ഫീസ് നിരക്കാണ് ഇതേ കാറ്റഗറിയില്‍ പ്രവേശനം നേടുന്ന ഗള്‍ഫില്‍ നിന്നുളളവര്‍ക്കും ഈടാക്കുന്നത്.
എന്‍ആര്‍ഐ ക്വാട്ടയില്‍ ഈടാക്കുന്നതുപോലെ ഭീമമായ സംഖ്യ ഫീസ് നല്‍കാതെ പ്രവേശന പരീക്ഷയില്‍ കുറഞ്ഞ റാങ്ക് നേടുന്നവര്‍ക്ക് എന്‍ഐടികളില്‍ പ്രവേശനം നേടാനുളള അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എംഇഎസ് റിയാദ് ചാപ്റ്ററിന്റെ സഹകരണത്തോടെ ടാര്‍ഗറ്റ് ഗ്‌ളോബല്‍ അക്കാദമി നീറ്റ് പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശ പരിപാടി സംഘടിപ്പിക്കും. ഏപ്രില്‍ 29ന് റിയാദ് അലിഫ് സ്‌കൂളിലാണ് പരിപാടിയെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.