റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചയക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്‌കാരിക വേദി. ജനാധിപത്യത്തിന്റെ മൂല്യം ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്കായി ശബ്ദിക്കുന്നവര്‍ വേണം തെരഞ്ഞെടുക്കപ്പെടേണ്ടത്. ഓരോ വോട്ടര്‍മാരും അവരവരുടെ ആവലാതികളും വേവലാതികളും പിന്നിട്ട വഴികളും ഭാവിയെകുറിച്ചുള്ള പ്രതീക്ഷകളും ചേര്‍ത്തു വെച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ പതിനായിരങ്ങളുടെ പ്രതീക്ഷയാണ് ഓരോ വിജയിയും.
വോട്ടര്‍മാരുടെ അശ്രദ്ധകൊണ്ട് തെറ്റായവര്‍ തിരഞ്ഞെടുക്കപ്പെട്ടുകൂടാ. പണത്തിനും, ഭീഷണിക്കും
പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാത്തവരെ തെരഞ്ഞെടുക്കണം. ഓരോ വിജയിയും ഓരോ പൗരന്റെയും നാവാകണം. അതിനാല്‍ വോട്ടവകാശം വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തണമെന്ന് കേളി ആഹ്വാനം ചെയ്തു.
പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട്, അനിവാര്യമായ തിരിച്ചുപോക്കിന് രാജ്യം നിലനില്‍ക്കണം. ഓരോ പ്രവാസിയും രാജ്യത്തിന്റെ നിലവിലെ അവസ്ഥ കുടുംബങ്ങളെ ബോധ്യപ്പെടുത്തി കൃത്യമായ രീതിയില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്യണം. രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങളില്‍ മൗനം പാലിക്കുന്നവരെ അല്ല നമുക്ക് വേണ്ടത്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ തെരഞ്ഞെടുക്കാന്‍ നമുക്കാവണം. കേളി കലാസാംസ്‌കാരിക വേദി പ്രവാസികളോടായി അഭ്യര്‍ത്ഥിച്ചു.
രാജ്യത്തേയും പൗരന്മാരേയും ബാധിക്കുന്ന വിഷയങ്ങളില്‍ വ്യക്തമായ നിലപാട് പോലും ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ യുഡിഎഫ് മുന്നണിക്ക് ആയിട്ടില്ല. സ്വന്തം പതാകകള്‍ പോലും സംഘപരിവാറിന് മുന്നില്‍ അടിയറവ് വെക്കുന്ന നിലയിലേക്ക് ആ മുന്നണി മാറി കഴിഞ്ഞു. രാജ്യത്ത് വിധ്വംസക ശക്തികള്‍ നടത്തുന്ന വെല്ലുവിളികളെയും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങളെയും നേരിടാന്‍ ഓരോ പൗരനും കിട്ടിയ അവകാശം വിവേക പൂര്‍വ്വം വിനിയോഗിക്കാന്‍ കേളി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ മല്‍സരിക്കുന്ന ഇടതുമുന്നണിയുടെ 20 സ്ഥാനാര്‍ഥികളും ഇതിനോടകം തന്നെ ജനങ്ങളുടെ ശബ്ദമായി മാറിയവരാണ്. രാജ്യം നിലനില്‍ക്കാന്‍, ജനാധിപത്യം പുലരാന്‍, മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളെ വിജിപ്പിക്കണമെന്ന കേളി ഇറക്കിയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.