റിയാദ്: പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച് കേളി കുടുംബവേദി റിയാദില്‍ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. കേളി കലാസാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മലാസ് ലുലു റൂഫ് അരീനയില്‍ തിരുവാതിര ഒരുക്കിയത്.
96 വനിതകള്‍ പങ്കെടുത്ത തിരുവാതിരായില്‍ 20, 32, 44 എന്നിങ്ങനെ മൂന്ന് റൗണ്ടുകളായാണ് തിരുവാതിരകളിക്കാര്‍ അണിനിരന്നത്. മലയാള ഭാഷയെ ചിലങ്കകെട്ടിയാടിച്ച ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി എന്ന കവിതയും എന്‍. കെ ദേശത്തിന്റെ ആനകൊമ്പന്‍ എന്ന കവിതയും കോര്‍ത്തിണക്കി ഇന്ദുമോഹനും സീബ കൂവോടുമാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. കലയ്ക്ക് ജാതിയും, മതവും, നിറവും നല്‍കി വേര്‍തിരിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍, കല മനുഷ്യന്റെതാണെന്നു പറയാന്‍ കൂടി കേളി കുടുംബവേദി തിരുവാതിരയിലൂടെ ശ്രമിച്ചിട്ടുണ്ട്.
9 മിനുട്ട് നീണ്ടുനിന്ന പരിപാടി തിങ്ങി നിറഞ്ഞ മലയാളികളായ കാണികളില്‍ ആവേശവും ഇതര ഭാഷക്കാരില്‍ അത്ഭുതവും ഉളവാക്കി. തിരുവാതിരയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കേളി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍ എന്നിവര്‍ മൊമെന്റോ കൈമാറി.
അല്‍ഖര്‍ജ്, ഹോത്ത, തുടങ്ങി റിയാദിലെ വിവിധ പ്രവിശ്യയില്‍ നിന്നുള്ളവരടക്കം തിരുവാതിരയില്‍ അണി നിരന്നു. ജനുവരി മാസം മുതല്‍ കേളി കുടുംബവേദിയുടെ കലാ അക്കാദമി പരിശീലനസ്ഥലത്തും തുടര്‍ന്ന് കുടുംബവേദി അംഗം സിനുഷയുടെ വസതിയിലുമാണ് പരിശീലനം നടന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വീട്ടമ്മമാര്‍, നേഴ്‌സ്മാര്‍, ഇതര മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് തിരുവാതിരയില്‍ പങ്കാളികളായത്. വിദൂരങ്ങളില്‍ ഉള്ളവരെ ചെറു ഗ്രൂപ്പുകളായി തിരിച്ചും മാസത്തിലൊരിക്കല്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിയുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, ഇന്ദു മോഹന്‍, പ്രിയ വിനോദ്, ശ്രീഷ സുകേഷ്, ഗീത ജയരാജ്, സജീന വി.എസ്, സോവിന, സിനുഷ ധനീഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.