‘ആത്മാവ്’ കവരുന്ന സൈബര്‍ തട്ടിപ്പ്; മലയാളിയും കുടുങ്ങി

നൗഫല്‍ പാലക്കാടന്‍

റിയാദ്: മൊബൈല്‍ ഫോണിന്റെ ആത്മാവ് കവര്‍ന്ന് സൈബര്‍ തട്ടിപ്പ്. ഉടമ അറിയാതെ മൊബൈല്‍ നമ്പര്‍ തട്ടിയെടുക്കുന്ന കെണിയില്‍ മലയാളിയും കുടുങ്ങി. റിയാദില്‍ പ്രവാസിയായ എടവണ്ണപ്പാറ അന്‍വര്‍ സാദത്തിന്റെ മൊബൈല്‍ നമ്പരാണ് സൈബര്‍ കള്ളന്‍ മോഷ്ടിച്ചത്.

മൊബൈല്‍ കണക്ഷന്‍ പ്രവര്‍ത്തന രഹിതമായത് ശ്രദ്ധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ബില്ല് അടക്കാനുള്ള സന്ദേശം മൊബൈല്‍ കമ്പനിയില്‍ നിന്ന് മെസ്സേജ് ബോക്‌സില്‍ വന്നിരുന്നു. എന്നാല്‍ കുടിശ്ശിക അടക്കാന്‍ ഉണ്ടായിരുന്നില്ല. സാങ്കേതിക തകരാറാണെന്ന് കരുതി കാത്തിരുന്നെങ്കിലും കണക്ഷന്‍ പുന:സ്ഥാപിച്ചില്ല. മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് നിലവിലെ പോസ്റ്റ് പൈഡ് നമ്പര്‍ മറ്റൊരു കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യപ്പെട്ടു എന്നറിയുന്നത്. മൊബൈലിലെ മെസ്സേജ് ബോക്‌സിലും അത്തരം സന്ദേശം ശ്രദ്ധയില്‍പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നമ്പര്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് അറിയുന്നത്.

ഐ ടി മേഖലയില്‍ ജോലിചെയ്യുന്ന അന്‍വര്‍ അപകടം തിരിച്ചറിഞ്ഞു. ദ്രുദഗതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്ന അബ്ശര്‍ പ്ലാറ്റ് ഫോമില്‍ മൊബൈല്‍ നമ്പര്‍ മാറ്റാന്‍ ശ്രമിച്ചു. അപ്പോള്‍ കള്ളന്‍ അവിടെയും എത്തിയിയിരുന്നു. ഒടിപി ലഭിക്കാത്തതിനാല്‍ അബ്ശറിലെ സ്വന്തം അക്കൗണ്ടില്‍ അന്‍വറിന് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പാര്‍ട്ട് ചെയ്ത് നേടിയ പുതിയ സിംകാര്‍ഡ് ഉപയോഗിക്കുന്ന ഫോണിലേക്കാണ് ഒടിപി പോയത്. കള്ളന്‍ ചില്ലറക്കാരനല്ലെന്ന് മനസ്സിലായതോടെ ബാങ്കിലെ പണം പിന്‍വലിച്ചു സുരക്ഷതനായി. പുതിയ മൊബൈല്‍ നമ്പര്‍ നേടി അബ്ശര്‍ കിയോസ്‌ക് വഴി വിരലടയാളം സമര്‍പ്പിച്ച് പുതിയ മൊബൈല്‍ നമ്പര്‍ അബ്ശില്‍ അപ്‌ഡേറ്റ് ചെയ്തു.

ഇഖാമ നമ്പര്‍ ഉപയോഗിച്ച് എത്ര മൊബൈല്‍ നമ്പര്‍ ഉണ്ടെന്ന് പരിശോധിച്ചപ്പോള്‍ അന്‍വറിന്റെതല്ലാത്ത നമ്പറുകളും കണ്ടെത്തി. അതെല്ലാം അതാത് മൊബൈല്‍ കമ്പനിയില്‍ പോയി പരാതി നല്‍കി മരവിപ്പിച്ചു. കൃത്യസമയത്ത് കള്ളന്റെ നീക്കങ്ങള്‍ പരാജയപ്പെടുത്തിയതിനാല്‍ ഭാരിച്ച നഷ്ടങ്ങള്‍ സംഭവിച്ചില്ല.

അന്‍വറിന്റെ മൊബൈലിലേക്ക് ഇടക്ക് പുതിയ സിം കാര്‍ഡ് വാങ്ങിയതായി സന്ദേശം വരാറുണ്ടായിരുന്നു. അപ്പോള്‍ തന്നെ അത് വ്യാജമാണെന്നും ക്യാന്‍സല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതി കൊടുക്കുകയും പതിവായിരുന്നു. എന്നാല്‍ മൊബൈലിന്റെ ആത്മാവ് ചോര്‍ത്തുന്ന കള്ളന്റെ വരവ് പ്രതീക്ഷിച്ചില്ല.

പഴയ നമ്പര്‍ തിരിച്ചു കിട്ടണമെന്നും മോഷണത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മൊബൈല്‍ കമ്പനിയില്‍ പരാതി നല്‍കി. അഞ്ച് ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെ വന്നതോടെ സൗദി കമ്മ്യുണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള കമ്യൂണിക്കേഷന്‍, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന് (സിഎസ്ടി) പരാതി നല്‍കി.

മൊബൈല്‍ ഡിവൈസ് മോഷണം പോലെയല്ല ഇഖാമയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നഷ്ടപ്പെടുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ്, അബ്ശര്‍ ഉള്‍പ്പടെ പ്രധാന രേഖകളുടെ താക്കോലാണ് മൊബൈല്‍ നമ്പര്‍. ഇതിലേക്കാണ് എസ്എംഎസ് സന്ദേശമായി ഒടിപി ലഭിക്കുന്നത്. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്തു മറ്റൊരാളുടെ നിയന്ത്രണത്തിലായാല്‍ സാമ്പത്തിക നഷ്ടങ്ങളുണ്ടാകാനും നിയമകുരുക്കില്‍ പെടാനും കാരണമാകും. അതുകൊണ്ടുതന്നെ മൊബൈല്‍ നമ്പര്‍ നഷ്ടപ്പെടുന്നവര്‍ പരാതി നല്‍കുകയും മറുപടിക്ക് കാത്തുനില്‍ക്കാതെ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം.

Leave a Reply