റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ഏപ്രില്‍ 22ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പൊടിക്കാറ്റും ശക്തമായ മഴയ്ക്കും സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്‍കി. അല്‍ ബാഹ, റിയാദ് പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകില്ല. മറ്റു പ്രവിശ്യകളില്‍ ആലിപ്പഴ വര്‍ഷം, പേമാരി, പൊടിക്കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നു.
മഴക്കാലത്ത് സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണമെന്നും ചതുപ്പുകള്‍, താഴ്‌വരകള്‍, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവ ഒഴിവാക്കാനും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. ജലാശയങ്ങളില്‍ നീന്തരുതെന്നും മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നല്‍കുന്ന ഔദ്യോഗിക മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ പ്രവിശ്യയിലെ തുര്‍ബ, റാനിയ, അല്‍ മുവൈഹ്, അല്‍ ഖുര്‍മ എന്നിവിടങ്ങളില്‍ പൊടിക്കാറ്റിനൊപ്പം ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
അല്‍ബാഹ, അസീര്‍, ജസാന്‍, അല്‍ജൗഫ്, ഹായില്‍, അല്‍ഖാസിം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലും സമാന്യം മികച്ച കാലാവസ്ഥ ദൃശ്യമാകും. മക്ക, അല്‍ ജുമും, തായിഫ്, മെയ്‌സാന്‍, അദ്ഹം എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പേമാരി, ആലിപ്പഴം എന്നിവ പ്രതീക്ഷിക്കാമെന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.