Sauditimesonline

watches

കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് അഥവാ കിട്ടാ കനി

നസ്‌റുദ്ദീന്‍ വി ജെ

അധികാരികള്‍ക്ക് പൊന്‍മുട്ടയിടുന്ന താറാവാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്. അതേസമയം ദരിദ്രനാരായണന്‍മാരായ പ്രവാസികള്‍ക്ക് കിട്ടാകനിയാണ് ഇതിന്റെ ആനുകൂല്യം. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു അവസാനം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തു. ഈ സാഹചര്യത്തില്‍ ആറ് ജി സി സി രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ കൈവശമുളള വെല്‍ഫെയര്‍ ഫണ്ട് യാത്രാ ചെലവിന് ഉപയോഗിക്കണം. പ്രവാസികള്‍ക്ക് ഇനിയൊരു ദുരിതം നേരിടാനില്ല. അത്രമാത്രം ഭീകരമാണ് മാസങ്ങളായി ജോലിയും കൂലിയും ഇല്ലാതെ ദുരിതത്തിലായ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ അവസ്ഥ. ഗള്‍ഫിലെ മുതലാളിമാര്‍ സര്‍ക്കാരിന്റെ ഔദാര്യം ആവശ്യപ്പെടുന്നില്ല. എന്നാല്‍ നയാപൈസ കൈവശം ഇല്ലാത്തവര്‍ക്ക് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു സഹായം അനുവദിക്കണം.

ഗള്‍ഫില്‍ നിന്നു ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം പുറത്തു വന്നിട്ടില്ല. മലയാളികളുടെ വിവരം കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വഴി ശേഖരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വിദേശങ്ങളില്‍ കഴിയുന്നവരുടെ വിവരം എംബസികളാണ് ശേഖരിക്കുന്നത്. രണ്ടു ലക്ഷം പേരെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം. ഇവരുടെ യാത്രാ ചെലവ് യാത്രക്കാര്‍ വഹിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നു ഇതുമാത്രം പ്രതീക്ഷിച്ചാല്‍ മതി! ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കുടിവെളളവും ബിസ്‌ക്കറ്റും പാരസെറ്റാമോള്‍ ഗുളികയും എത്തിക്കുന്നത് പ്രവാസി കൂട്ടായ്മകളാണ്. എംബസി ഹെല്‍പ് ഡസ്‌കുകളിലേക്കു ടെലിഫോണില്‍ വരുന്ന സഹായ അഭ്യര്‍ത്ഥനകള്‍ക്കു പോലും സാമൂഹിക പ്രവര്‍ത്തകരുടെ മൊബൈല്‍ നമ്പര്‍ കൊടുത്തു തടിതപ്പുന്ന സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അപമാനമാണ്. ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ പോവുക, മോര്‍ച്ചറിയില്‍ പോയി മൃതദേഹം ഏറ്റുവാങ്ങുക, അതു സംസ്‌കരിക്കുക, ലേബര്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ പരിഭാഷകനാവുക തുടങ്ങി എംബസിയുടെ പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്നതൊഴികെ പ്രവാസികളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ഉത്തരവാദിത്തം സാമൂഹിക പ്രവര്‍ത്തകരുടേതാണ്. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സേവനം നന്മനിറഞ്ഞതാണെങ്കിലും ജീവകാരുണ്യ രംഗങ്ങളില്‍ കാണുന്ന മത്സരം എംബസികള്‍ ചൂഷണം ചെയ്യുന്നുണ്ടോ എന്ന് സംശയിക്കണം. അതുകൊണ്ടാണ് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ പോലും സാമൂഹിക പ്രവര്‍ത്തകരുടെ ചുമലിലേക്ക് സമര്‍ത്ഥമായി വെച്ചുകൊടുക്കുന്നത്. ഈ സാഹചര്യത്തില്‍ കണ്‍മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എന്താണെന്ന് പ്രവാസികള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്

വിദേശത്തുളള ഇന്ത്യക്കാരുടെ ക്ഷേമത്തിന് 2009ല്‍ ആണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്) നിലവില്‍ വന്നത്. വിദേശത്തു കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ ദുരിതത്തിലാവുക, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുക തുടങ്ങിയ ഘട്ടങ്ങളില്‍ ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി സഹായിക്കുന്നതിനാണ് ഫണ്ട് രൂപീകരിച്ചത്. സംഘര്‍ഷമേഖലകളിലും പ്രകൃതിദുരന്തങ്ങളിലും അകപ്പെടുന്ന രാജ്യങ്ങളിലെ ഇന്ത്യക്കാരെ സഹായിക്കുക, ഇതര വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങള്‍ ഇന്ത്യന്‍ പൗരന്മാരെ അടിയന്തിരമായി ഒഴിപ്പിക്കുക തുടങ്ങിയവക്ക് ഐസിഡബ്ല്യുഎഫ് നിര്‍ണായക സഹായമായി പ്രയോജനപ്പെടുത്തണം. കൂടുതല്‍ ഇന്ത്യക്കാരുളള തെരഞ്ഞെടുത്ത രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ മാത്രമാണ് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ സാധ്യതകളും ഉപയോഗവും അടിസ്ഥാനമാക്കി വിദേശത്തുള്ള എല്ലാ ഇന്ത്യന്‍ മിഷനുകളിലേക്കും പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തു. ഇതിന് കേന്ദ്ര മന്ത്രിസഭ 2017 സെപ്തംബര്‍ 1ന് അംഗീകാരം നല്‍കി. പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും മുന്നു മേഖലകളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

(1) ദുരിതം നേരിടുന്ന സാഹചര്യങ്ങളില്‍ സഹായം

  • ദുരിതം നേരിടുന്ന ഘട്ടങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാരെ സഹായിക്കുന്നതിന് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് താമസത്തിന് വാടക കെട്ടിടം ഒരുക്കണം. അല്ലെങ്കില്‍ മിഷന്‍ അംഗീകരിച്ച സന്നദ്ധ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ഷെല്‍ട്ടറുകളില്‍ ഇന്ത്യക്കാര്‍ക്ക് അഭയം നല്‍കണം.
  • വിദേശത്ത് ഒറ്റപ്പെട്ടുപോയ ഇന്ത്യന്‍ പൗരന്മാര്‍ക്കു ഇന്ത്യയിലേക്കു മടങ്ങാന്‍ ആവശ്യമായ സൗകര്യം, വിമാന ടിക്കറ്റ് ഉള്‍പ്പെടെയുളള സഹായം ചെയ്യണം.
  • തൊഴിലുടമ വ്യാജ പരാതി നല്‍കി പീഡിപ്പിക്കുകയും ജയില്‍ അടയ്ക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍, ചെറിയ കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ എന്നിവര്‍ക്ക് നിയമ സഹായം നല്‍കണം. മത്സ്യത്തൊഴിലാളികള്‍, നാവികര്‍, ദുരിതത്തിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും സഹായം നല്‍കണം.
  • എന്‍ആര്‍ഐ, പിഐഒ അല്ലെങ്കില്‍ വിദേശ പങ്കാളികള്‍ ഉപേക്ഷിക്കുക, വഞ്ചിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇരകളായകുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം, നിയമ സംരക്ഷണം എന്നിവ നല്‍കണം (വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷം വരെ ഇത് ബാധകം).
  • പ്രഥമദൃഷ്ട്യാ ഇന്ത്യക്കാരായ തൊഴിലാളികളുടെ വീഴ്ചകൊണ്ടല്ലാതെ ആതിഥേയ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുക, ഇന്ത്യന്‍ പൗരന്മാരെ തടവില്‍ നിന്നു മോചിപ്പിക്കുക, ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെയുളള ചെറിയ കുറ്റകൃത്യങ്ങള്‍ക്കുളള പിഴ എന്നിവ അടയ്ക്കുന്നതിനും കമ്യൂണിറ്റി ഫണ്ട് ഉപയോഗിക്കുക.
  • വിദേശത്ത് മരിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായിക്കുക. കുടുംബത്തിന് സാമ്പത്തിക ശേഷി ഇല്ലാതിരിക്കുക, തൊഴിലുടമ, സ്‌പോണ്‍സര്‍ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവര്‍ സന്നദ്ധമല്ലാത്ത സാഹചര്യങ്ങളില്‍ മരിച്ചയാളുടെ പ്രാദേശിക ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനോ ഇന്ത്യയിലെത്തിക്കുന്നതിനോ ചെലവ് നിര്‍വഹിക്കാന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കണം.
  • അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായത്തിന് ആവശ്യമായ സഹായം ചെയ്യുക..

(2) കമ്മ്യൂണിറ്റി ക്ഷേമ പ്രവര്‍ത്തനങ്ങള്‍

  • ഫണ്ടുകളുടെ ലഭ്യത അനുസരിച്ച് വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ക്ക് ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കാം.
  • അംഗീകാരമുള്ള ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ സാംസ്‌കാരിക പരിപാടികള്‍, പ്രധാന ഇന്ത്യന്‍ ഉത്സവങ്ങള്‍, ദേശീയ ദിനങ്ങള്‍ എന്നിവ സംഘടിപ്പിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുക. ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ അംഗീകൃത പ്രാദേശിക കലാകാരന്മാരുടെയോ ഇന്ത്യയില്‍ നിന്നുള്ള ഇന്ത്യന്‍ കലാകാരന്മാരുടെയോ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വിനിയോഗിക്കാം.
  • വിദേശങ്ങളില്‍ ഇന്ത്യന്‍ ഭാഷകള്‍, കലാരൂപങ്ങള്‍ എന്നിവ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു സേവനത്തിനുളള പ്രതിഫലം നല്‍കുക.
  • യൂണിവേഴ്‌സിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാര്‍ഷിക ദിനം സംഘടിപ്പിക്കുന്നതിനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് ഉപയോഗിക്കാം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, അവരുടെ വിസ, താമസ നില, വര്‍ക്ക് പെര്‍മിറ്റ്, സാമ്പത്തിക ക്ലേശം, ക്ഷേമം, വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെയുള്ള മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യുന്നതിനും ഫണ്ട് വിനിയോഗിക്കാം.

(3) കോണ്‍സുലര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക

  • ഫണ്ടുകളുടെ ലഭ്യത അനുസരിച്ച് വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളുടെ ആവശ്യങ്ങള്‍ക്ക് (സ്‌കീമുകള്‍, ക്ഷേമ നടപടികള്‍) ഭരണപരമായ ചെലവുകള്‍ വഹിക്കാം.
  • വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുന്നതിന് അധിക ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ നിയമിക്കുന്നതിന് കമ്യൂണിറ്റി ഫെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കാം.
  • ജയിലുകള്‍, പോലീസ് സ്‌റ്റേഷനുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് ആവശ്യമായ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുക. ഡിപോര്‍ടേഷന്‍ കേന്ദ്രങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍, ദുരിതത്തിലായ ഇന്ത്യക്കാര്‍ക്ക് അഭയം, ജയിലുകള്‍, ആശുപത്രികള്‍, ദുരിതത്തിലായ ഇന്ത്യന്‍ പൗരന്മാരെ എയര്‍പോര്‍ട്ടിലെത്തി സന്ദര്‍ശിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാം.
  • കോണ്‍സുലര്‍ സന്ദര്‍ശനങ്ങളില്‍ ഓരോ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക പരിഭാഷകരെ നിയമിക്കാം.
  • പ്രാദേശിക തൊഴില്‍ നിയമങ്ങള്‍, ചട്ടങ്ങള്‍, മാനദണ്ഡങ്ങള്‍, ചെയ്യേണ്ടവ, ചെയ്യരുതാത്തവ, ആതിഥേയ രാജ്യത്തിലെ വിദേശ ജോലികളുമായി ബന്ധപ്പെട്ട ക്ഷേമ നടപടികള്‍ എന്നിവയെക്കുറിച്ച് ലഘുലേഖ തയ്യാറാക്കുക, പ്രസിദ്ധീകരിക്കുക, വിവര്‍ത്തനം നടത്തുക എന്നിവയുടെ ചെലവ് കമ്യൂണിറ്റി ഫണ്ടില്‍ നിന്നു ഉപയോഗിക്കാം.
  • ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുമായി ഇടപഴകുന്നതിനും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും ലേബര്‍ ക്യാമ്പുകളിലും കോണ്‍സുലാര്‍ സേവനത്തിന് അവസരവും ഒരുക്കുക.
  • ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിക്കുക, വിവരങ്ങള്‍ നല്‍കുന്നതിന് റിസോഴ്‌സ് സെന്ററുകള്‍, ദുരിതത്തിലായ ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഉപദേശവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക, അവരുടെ പരാതി മിഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുക.
  • കോണ്‍സുലര്‍, ക്ഷേമകാര്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനു ഇ ഗവേണന്‍സ് സൊലൂഷന്‍ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോിക്കാം.

ധന വിനിയോഗത്തിനുള്ള മാനദണ്ഡം

ആതിഥേയ രാജ്യത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ അല്ലെങ്കില്‍ ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ദുരിതത്തിലായവരെ മാത്രം സഹായിക്കാന്‍ വെല്‍ഫെയര്‍ ഫണ്ടുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ വംശജരും വിദേശ പൗരന്മാരുമായ ആളുകള്‍ക്ക്ഐ സിഡബ്ല്യുഎഫില്‍ നിന്നുള്ള വ്യക്തിഗത ധനസഹായത്തിന് അര്‍ഹതയില്ല. ദുരിതത്തിലായ ഇന്ത്യന്‍ പൗരന്മാരുടെ നന്മക്കായി ഐസിഡബ്ല്യുഎഫ് ഉപയോഗപ്പെടുത്താം. ഗുണഭോക്താവ് സഹായം ലഭിക്കാന്‍ അര്‍ഹനാണെന്ന് ഫണ്ട് ചെലവ് അംഗീകരിക്കുന്ന ഉദ്യോഗസ്ഥന് സ്വയം ബോധ്യം ഉണ്ടാവണം സാധാരണഗതിയില്‍, ആതിഥേയ രാജ്യത്ത് നിയമപരമായി പ്രവേശിച്ച ഇന്ത്യക്കാര്‍ക്ക് മാത്രമേ ഫണ്ടിന്റെ കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളൂ. അങ്ങനെയല്ലാത്ത സാഹചര്യങ്ങളില്‍, ഐസിഡബ്ല്യുഎഫിന് കീഴില്‍ സഹായം നല്‍കേണ്ടത് കേസിന്റെ സാഹചര്യങ്ങള്‍ അനിവാര്യമാണെന്ന് മിഷന്‍ മേധാവിക്ക് ബോധ്യം വരുകയും അതു രേഖപ്പെടുത്തുകയും വേണം. അതിനുശേഷം സഹായം നല്‍കാം.

ഐസിഡബ്ല്യുഎഫ് ഗുണഭോക്താവിന്റെ പാസ്‌പോര്‍ട്ടിലും നിയമാനുസരണമുളള ഡാറ്റാ ബേസിലും സഹായം സ്വീകരിച്ചത് രേഖപ്പെടുത്തല്‍ നിര്‍ബന്ധമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top