Sauditimesonline

watches

സ്വാതന്ത്ര്യം സ്വപ്നമാവരുത്

കമര്‍ബാനു സലാം

‘സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം’
കുമാരനാശാന്റെ അര്‍ത്ഥവത്തായ വരികളാണിത്. വ്യക്തി ജീവിതത്തില്‍ എറ്റവും പ്രധാനം സ്വാതന്ത്ര്യമാണ്. ജീവിക്കുന്നുവെങ്കില്‍ തികച്ചും വ്യക്തിയായി തന്നെ ജീവിക്കണം. രാഷ്ട്രത്തില്‍ പൗരസ്വാതന്ത്ര്യം എന്ന പോലെ സമൂഹത്തിലും കുടുംബത്തിലും വീട്ടിലും പരസ്പര ധാരണയും അഭിപ്രായ സ്വാതന്ത്ര്യവും അനിവാര്യം. അതില്ലാതാവുമ്പോഴാണ് തെറ്റിദ്ധാരങ്ങള്‍ രൂപപ്പെടുന്നത്. ഗൃഹാന്തരീക്ഷവും കുടുംബബന്ധങ്ങളും ശിഥിലമാവുകയും ചെയ്യും.

സ്വതന്ത്ര ഭാരതത്തില്‍ ജീവിക്കുന്ന ഭാരതീയനായ ഓരോ പൗരനും മൗലിക അവകാശങ്ങളുണ്ട്. മൂല്യബോധത്തോടെ ജീവിക്കാം. മൂല്യാധിഷ്ടിത വിദ്യാഭ്യാസം നേടാം. ആരുടെയും അടിച്ചമര്‍ത്തലിന് വിധേയനാവേണ്ട. കരുത്ത്, ക്ഷമ, സാഹോദര്യം, സഹവര്‍ത്തിത്തം എന്നിവ മുറുകെപിടിച്ച് പ്രയാണം തുടരാം. സ്വതന്ത്ര ഭാരതത്തില്‍ ഏത് വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമണ്ട്. എന്നാല്‍ ആഭാസകരമായ വസ്ത്രധാരണം നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല.. ഭാരത സ്ത്രീ തന്‍ ഭാവശുദ്ധി വസ്ത്രധാരണത്തിലും മികവ് പുലര്‍ത്തുന്നുണ്ട്.

‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ‘

സുന്ദരം. ആരെയും കൊതിപ്പിക്കുന്ന ജീവിത സൗകര്യങ്ങള്‍. ഇങ്ങനെ കൂട്ടിലടച്ച തത്തയെപോലെ വളര്‍ത്തുന്നതിലെന്തര്‍ത്ഥം… അമ്മക്കിളി മുട്ടയിട്ട് അടയിരുന്ന്, ക്ഷമയോടെയുള്ള കാത്തിരിപ്പിനു ശേഷം, കുഞ്ഞുങ്ങള്‍ വിരിഞ്ഞ് പറക്കമുറ്റുമ്പോള്‍ അറിവു നല്‍കുന്നതോടൊപ്പം മൂല്യബോധവും തിരിച്ചറിവും നല്‍കി സ്വതന്ത്രമായി പറക്കാനനുവദിക്കണം.

‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍ ‘

മഹാകവി വള്ളത്തോള്‍ നാരയണമേനോന്റെ മഹത്തായ വരികള്‍… ഓരോ രാജ്യത്തും ജീവസന്ധാരണം തേടിയെത്തുന്നവര്‍ പ്രസ്തുത രാഷ്ടത്തിന്റെ നിയമം പാലിക്കണം. ഒരു പക്ഷേ അവിടങ്ങളില്‍ സ്വാതന്ത്ര്യം പണയപ്പെടുത്തി ജീവിക്കേണ്ടത് അനിവാര്യവുമാണ്. പാശ്ചാത്യ സംസ്‌കാരവും ഭാഷയുമൊക്കെ അനുകരിക്കുന്നത് ചിലരുടെ ദൃഷ്ടിയില്‍ കേമത്തരമാണ്. എങ്കിലും
നമ്മുടെ സംസ്‌കാരത്തിനും മാതൃഭാഷയ്ക്കും കോട്ടം തട്ടാത്ത വിധത്തില്‍ പ്രാധാന്യം നല്‍കിത്തന്നെയാവണം ജീവിതം നയിക്കേണ്ടത്. മറ്റുള്ള ഭാഷയെ ബഹുമാനിക്കുന്നതോടൊപ്പം മാതൃഭാഷയുടെ മഹനീയത സ്വന്തം മക്കള്‍ക്കും പകരണം. ഉച്ഛാരണ സ്ഫുടതയോടെ സംസാരിക്കാന്‍ പഠിക്കണം. അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പരിശീലിപ്പിക്കുകയും വേണം. അത് സ്വതന്ത്ര ഭാരതത്തില്‍ ജനിച്ച ഓരോ വ്യക്തിയുടേയും കടമയായി കരുതണം.

‘നാനാത്വത്തില്‍ ഏകത്വം’

ഭാരതത്തിന്റെ മഹത്വം വൈവിധ്യമാണ്. ഭാഷ, മതം, ആചാരം, അനുഷ്ടാനം, കാലാവസ്ഥ, ഭക്ഷണം എന്നിവയിലെല്ലാം വൈവിധ്യം പ്രകടമാണ്. എന്നാല്‍ ഏത് മതസ്ഥരായാലും ഭാരതീയരെല്ലാം ഒന്നാണ്. മതമൈത്രിയിലും സാഹോദര്യത്തിലും ഊന്നി മാതൃഭാഷയ്ക്ക് പ്രധാന്യം നല്‍കിയുള്ള വിദ്യാഭ്യാസത്തിനും മതവിദ്യാഭ്യാസത്തിനുമെല്ലാം പൂര്‍ണ സ്വാതന്ത്ര്യം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്.

മതം മനുഷ്യന്‍, ജാതി പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ… എല്ലാവരുടേയും സിരകളിലോടുന്ന രക്തത്തിന് ഒരേ നിറം, കുഞ്ഞു നാള്‍ മുതല്‍ മാതാപിതാക്കള്‍ പറഞ്ഞു തന്ന ശക്തിയില്‍ വിശ്വസിച്ച് മുന്നോട്ട് പോവുന്ന സ്വതന്ത്ര ഭാരതീയര്‍. ഓരോ വ്യക്തിക്കും സ്വന്തമായി തീരുമാനമെടുക്കാനുള്ള
സ്വാതന്ത്ര്യം അനുവദിച്ച ജനാധിപത്യം. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നിയമം നിര്‍മിക്കുന്ന നിയമസംഹിത. ഇതൊക്കെയാണെങ്കിലും ഭാരതീയര്‍ പൂര്‍ണ്ണ സ്വതന്ത്രരാണോ?

2020 ഓഗസ്റ്റ് 15, എഴുത്തിനാലാാമതു സ്വാതന്ത്യദിനം

കൊവിഡ് വ്യാപന ഭീതി. പ്രകൃതി ദുരന്തങ്ങള്‍. ജനങ്ങള്‍ അതിജീവനത്തിന് പോരാടുന്ന വേളയിലാണ് സ്വാതന്ത്ര്യ ദിനം. 2018ലും 2019ലും മലയാളികള്‍ക്ക് സ്വാതന്ത്ര്യദിനം പ്രളയത്തിലായിരുന്നു. ഇത്തവണ കൊറോണ പിടിമുറുക്കി. ആഘോഷങ്ങളും കലാസാംസ്‌കാരിക പരിപാടികളുമെല്ലാം പരമാവധി വെട്ടിക്കുറിച്ച് സാമൂഹിക അകലം പാലിച്ചാണ് സംസ്ഥാനത്തും ഡല്‍ഹിയിലെ ചെങ്കോട്ടയിലുമെല്ലാം സ്വാതന്ത്ര്യ ദിന പരിപാടികള്‍ നടന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മുമ്പേക്കൂട്ടി അനുമതി ലഭിച്ച പൊതു ജനങ്ങളേയും കുട്ടികളെയും മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പതാക ഉയര്‍ത്തിയത്. സാമൂഹ്യ വ്യാപനം തടയാനും കരുതലിന്റേയും പ്രതിരോധത്തിന്റെയും ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികള്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന പൗരന്‍മാര്‍ക്കു ആഘോഷ ചടങ്ങുകളില്‍
പ്രവേശനം നിരോധിച്ചു.

1947 ആഗസ്റ്റ് 15 ഇന്ത്യ സ്വതന്ത്രയായതിനു ശേഷം ഓരോ വര്‍ഷവും മൂവര്‍ണ്ണ പതാക ഉയര്‍ത്തിയും മധുരം നുകര്‍ന്നും ഓര്‍മ പുതുക്കലിന്റെ ആഘോഷമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു വരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഭാരതത്തില്‍ നിന്നു കെട്ടുകെട്ടിക്കാനായി പ്രയത്‌നിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കാം.

ധീര ദേശാഭിമാനികളുടെ പോരാട്ടങ്ങളുടെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ഒടുവില്‍ നേടിത്തന്ന അമൂല്യ സമ്പത്താണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഗാന്ധിജി അഹിംസയിലൂടെ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ കാവലാളുകളായി സമത്വ സുന്ദരമായ ഭാരതം കെട്ടിപ്പടുക്കുവാന്‍ പുതുതലമുറക്ക് മാതൃകയാകേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യം വാക്കുകളിലും എഴുത്തുകളിലും മാത്രമൊതുങ്ങാതെ പ്രവര്‍ത്തിയിലും കാണിക്കേണ്ടിയിരിയ്ക്കുന്നു. സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കേണ്ടിയിരിക്കുന്നു. എത്രയൊക്കെ പുരോഗമനം ഉണ്ടായിട്ടും എല്ലാ മേഘലയിലും സ്ത്രീയ്ക്ക് വര്‍ത്തിക്കാന്‍ അവകാശമുണ്ടെങ്കിലും സ്ത്രീ സ്വതന്ത്രയല്ല എന്നതിന് തെളിവാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍. നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പണത്തിന്റെയും ഉന്നതരുടെയും സ്വാധീനം ചില കേസുകളില്‍ പ്രതികളെ രക്ഷപ്പെടുവാന്‍ സഹായിക്കുന്നു എന്നതും സ്ത്രീ സ്വതന്ത്രയല്ല എന്ന് തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.

‘പിതാ രക്ഷതി കൗമാരേ,
ഭര്‍ത്തോ രക്ഷതി യൗവ്വനേ,
പുത്രോ രക്ഷതി വാര്‍ദ്ധക്യേ,
ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’

മനുസ്മൃതിയില്‍ പറഞ്ഞതു പോലെ സ്ത്രീ എല്ലാ കാലത്തും സംരക്ഷിക്കപ്പെടേണ്ടവള്‍ തന്നെ. കൗമാരത്തില്‍ പിതാവിനാലും യൗവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ പുത്രനാലും സംരക്ഷിക്കപ്പെടേണ്ടവളാണ്. അവള്‍ക്ക് സുരക്ഷിതവും സംരക്ഷണവും എക്കാലവും വേണ്ടിയിരിക്കുന്നു. യുക്തിവാദികള്‍ പലതരത്തില്‍ വാദിക്കുമെങ്കിലും നാലാമത്തെ വരിയെ സ്ത്രീ എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യം അര്‍ഹിക്കുന്നു എന്ന് ഊന്നി പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം പുരുഷന്‍ വര്‍ത്തിക്കുന്ന എല്ലാ മേഘലയിലും ഇന്ന് സ്ത്രീയും പുരോഗമിച്ചിരിക്കുന്നു.

ടെക്‌നോളജി യുഗത്തിലാണ് നാം അധിവസിക്കുന്നത്. വിരല്‍ തൊട്ടാല്‍ ഞൊടിയിടയില്‍ ലോകത്തിന്റെ ഏത് കോണിലുമുള്ള വാര്‍ത്തകളും കണ്‍മുന്നിലുണ്ട്. സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ന്യൂസ് ചാനലുകള്‍ വഴി അറിയുമ്പോള്‍, നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പുകള്‍ തുടരുമ്പോള്‍ പലപ്പോഴും അര്‍ഹിക്കുന്നത് കിട്ടാതെ പോവുന്നുവെന്നതും വസ്തുതയാണ്.

ഇന്ത്യ പൂര്‍ണ്ണ സ്വതന്ത്ര്യയാണ്. നാം അതിന്റെ ഗുണഭോക്താക്കളാണ് എന്നൊക്കെ പറയാറുണ്ടെങ്കിലും എത്ര പേര്‍ക്ക് അതിനോട് യോജിക്കാന്‍ കഴിയും?
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന, പൗരന്റെ മൗലികാവകാശങ്ങള്‍ എക്കാലവും സംരക്ഷിക്കപ്പെടണം. മതേതര ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഭാരതത്തിന് ലോകരാജ്യങ്ങളുടെ മുന്നില്‍ തലയെടുപ്പോടെ തന്നെ നില്‍ക്കാന്‍ കഴിയണം.

എല്ലാ അര്‍ത്ഥത്തിലും ഞാനൊരു ഭാരതീയനാണ് എന്ന് ആര്‍ക്കെങ്കിലും ആത്മാഭിമാനത്തോടു കൂടി പറയുവാന്‍ സാധിക്കുമോ? ദുരന്തങ്ങളും ദുരിതങ്ങളും അപകടങ്ങളും ഒരുമയോടെയും സാഹോദര്യത്തോടെയും അതിജീവിച്ചു മുന്നേറുമ്പോഴും ഇതര മേഘലകളില്‍ വിജയം കൈവരിച്ചു മുന്നേറിക്കൊണ്ടിരിക്കുമ്പോഴും രാഷ്ട്രപിതാവ് ആഗ്രഹിച്ച ‘സ്വതന്ത്ര ഭാരതം ‘ എന്ന സ്വപ്നം പൂര്‍ണമായും സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

എല്ലാ കണ്ണുകളിലേയും കണ്ണീര്‍ തുടയ്ക്കുക എന്ന ഗാന്ധിജിയുടെ അഭിലാഷം ഇന്നും സഫലമായിട്ടില്ല. പൗരന്‍മാര്‍ക്കെല്ലാം ഒരു പോലെ ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍ മുതലായവ ഉറപ്പുവരുത്താന്‍ സ്വാതന്ത്ര്യത്തിന്റെ 74 ാം വര്‍ഷത്തിലും കഴിഞ്ഞിട്ടില്ല. പട്ടിണിയില്‍ നിന്നു മോചനവും അരക്ഷിതാവസ്ഥയില്‍ നിന്നു സുരക്ഷിതത്വവും ഓരോ പൗരനും വേണ്ടിയിരിക്കുന്നു. എന്നാലേ ‘സ്വതന്ത്ര ഭാരതം ‘ എന്ന സ്വപ്നത്തിന് അര്‍ത്ഥപൂര്‍ണത കൈവരിക്കാന്‍ കഴിയൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top