Sauditimesonline

watches

കൊഴിഞ്ഞു പോയ അവധിക്കാലം

അബ്ദുല്‍ ബഷീര്‍ എഫ്, റിയാദ്

റയ്യാനും ആതിരയും ഫാത്തിമയും അഭിയും ആവേശപൂര്‍വ്വം കാത്തിരുന്നു. ആ രണ്ടു രണ്ടര മാസത്തിനായി. എല്ലാ വര്‍ഷവും ജൂണ്‍ മാസം അവസാനം മധ്യവേനലവധി തുടങ്ങും. സ്‌കൂളടച്ചാല്‍ ഉടന്‍ അവര്‍ കുടുംബസമേതം നാട്ടിലേക്ക് പറക്കും. പിന്നെ അവരുടെ അടിച്ചു പൊളിയാണ്. ഈ വര്‍ഷം സംഗതികളെല്ലാം തകിടം മറിഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രകള്‍ മുടങ്ങി. ഇതോടെ പിഞ്ചോമനകളുടെ സ്വപ്നങ്ങളും പൊലിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രളയം അപ്രതീക്ഷിതമായെത്തിയത് അവധിയുടെ പൊലിമ നഷ്ടപ്പെടുത്തി. അതിന്റെ കേട് ഈ അവധിക്കാലത്ത് തീര്‍ക്കണമെന്നായിരുന്നു അവരുടെ തീരുമാനം. നാട്ടിലും പുറത്തുമായി നടത്താനിരുന്ന യാത്രകള്‍, ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍, അങ്ങനെ എല്ലാം ജലരേഖകളായി.

റയ്യാന്റെയും കുടുംബത്തിന്റെയും വയനാട്, ഊട്ടി, മൈസൂര്‍ ട്രിപ്പാണ് മുടങ്ങിയത്. ജെറിയുടെ അച്ഛന്‍ നെടുമ്പാശ്ശേരിയില്‍ നിന്നു ഭൂട്ടാനിലേക്ക് ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. കുട്ടനാട്ടിലെ ഹൗസ് ബോട്ട്, കോന്നിയിലെ ആനക്കൊട്ടില്‍, വീഗാലാന്‍ഡിലെ റൈഡുകള്‍, കല്‍പാത്തി രഥോത്സവം, നിലമ്പൂരിലെ തേക്ക് മ്യൂസിയം, കോഴിക്കോട്ടെ ബീച്ച്… അങ്ങനെ കാഴ്ചകളും രുചികളും വിശേഷ അനുഭവങ്ങളുടെ മുഴുവന്‍ വസന്തങ്ങളും മൊട്ടിടും മുമ്പേ കരിഞ്ഞു വീണു.

വിനോദയാത്രകള്‍ പോലെ പ്രാധാന്യമാണ് അടുത്ത ബന്ധുക്കളോടൊപ്പമുളള ഒത്തുചേരല്‍. പ്രത്യേകിച്ച് സമപ്രായക്കാരായ കുട്ടികളുമായുള്ള സമാഗമങ്ങളും വിനോദങ്ങളും കളികളും കുരുന്നുകള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. അവരില്‍ ചിലര്‍ മറ്റു രാജ്യങ്ങളില്‍ നിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരായിരിക്കും. അവരും ഇത്തവണ കുടുങ്ങി. അവസാനം കാത്തുകാത്തിരുന്ന യാത്ര റദ്ദാക്കി.

ഒരു പക്ഷേ നാട്ടില്‍ എത്താന്‍ കഴിയാതിരുന്ന കൊച്ചുമക്കളേക്കാള്‍ നിരാശരായത് നാട്ടിലെ ബന്ധുജനങ്ങളാവും. പ്രത്യേകിച്ച് അപ്പുപ്പന്മാരും അമ്മുമ്മമാരും. മാസങ്ങളായി കരുതി വെച്ച സ്‌നേഹവും വാത്സല്യവും പകര്‍ന്ന് നല്കാനാകാതെ അവരില്‍ പലരും വിതുമ്പുകയാണ്. സീസണ്‍ കഴിഞ്ഞിട്ടും ചീത്തയായി പോകാതെ സൂക്ഷിച്ചു വെച്ച ചക്കരമാമ്പഴങ്ങളും ചക്കപ്പഴവും നെല്ലിക്കയും ഉപ്പു മാങ്ങയും. ഇതിനുപുറമെയാണ് ഉത്സവ ചന്തകളില്‍ നിന്നു വാങ്ങിയ കുപ്പിവളയും കരിമഷിയും! കൊച്ചുമക്കള്‍ക്കു ഉപഹാരം സമ്മാനിക്കാന്‍ കഴിയാതെ അവരും വിഷമത്തിലാണ്.

ഒടുവില്‍, ഒരവധിക്കാലം മുഴുവന്‍ പ്രവാസ ലോകത്തെ ഉഷ്ണക്കാറ്റില്‍ വാടിപ്പോയി. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കാനുളള ഒരുക്കത്തിലാണ്. അടുത്ത അവധിക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് പ്രവാസ ലോകത്തെ കുരുന്നുകള്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top