Sauditimesonline

SaudiTimes

ഉയരങ്ങളില്‍ ഇന്ത്യാ-സൗദി സൗഹൃദം

ഒരാഴ്ചക്കിടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ സൗദിയില്‍

നസ്‌റുദ്ദീന്‍ വി ജെ

ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദത്തിന് ചരിത്രപരമായ സ്ഥാനമാണുളളത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ സൗദി അറേബ്യയുമായി മികച്ച ഉഭയകക്ഷി ബന്ധമിണ് കാത്തുസൂക്ഷിക്കുന്നത്. 1955-ല്‍ സൗദി ഭരണാധികാരി സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് 17 ദിവസം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.

1956-ല്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു സൗദി സന്ദര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ധിരാഗാന്ധിയും മന്‍മോഹന്‍ സിംഗും സൗദി അറേബ്യയുമായുളള ഉഭയകക്ഷി ബന്ധം കാത്തു സൂക്ഷിച്ചവരാണ്. ഇരു നേതാക്കളും സൗദി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

2006-ല്‍ സൗദി മുന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവും 2014-ല്‍ സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യ സന്ദര്‍ശിച്ചു. 2016ലും 2019ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ചു.

നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ ഇന്ത്യയും സൗദിയും സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് കൗണ്‍സില്‍ എഗ്രിമെന്റ് ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി ഊര്‍ജം, സുരക്ഷ, പ്രതിരോധം, ഉത്പാദനം, വ്യോമയാനം, മെഡിക്കല്‍ ഉത്പ്പന്നങ്ങള്‍, പെട്രോളിയം കരുതല്‍ ശേഖരം, ചെറുകിട ഇടത്തരം വ്യവസായം, നയതന്ത്രജ്ഞരുടെ പരിശീലനം എന്നിവ ഉള്‍പ്പെടെ 19 ധാരണാപത്രങ്ങളും കറാറുകളും ഒപ്പുവെച്ചു. ഇതിന്റെ തുടര്‍ച്ചയാണ് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍, വ്യവസായ, വാണിജ്യ, ഭക്ഷ്യ പൊതുവിതരണ, ടെക്‌സ്‌റ്റെല്‍സ് വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുടെ സൗദി സന്ദര്‍ശനം.

വിദേശകാര്യ മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം ഡോ. എസ് ജയശങ്കറിന്റെ സൗദിയിലെ പ്രഥമ ഔദ്യോഗിക സന്ദര്‍ശനമാണ്. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുളള രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സഹകരണ സമിതിയുടെ മന്ത്രിതല യോഗത്തില്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തു.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഐക്യരാഷ്ട്ര സഭാ, ജി20, ജിസിസി എന്നിവയിലെ സഹകരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. സൗദി പ്രമുഖര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജ്‌റഫ് എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തി

പഠനം മുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉക്രൈന്‍ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് നേടുന്നതിന് എംബസിയുടെ സഹായം ഉറപ്പുവരുത്തുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച മന്ത്രി ഡോ. എസ് ജയശങ്കര്‍ വ്യക്തമാക്കി. ഉക്രൈനിലെ ഇന്ത്യന്‍ എംബസി സജീവമാണ്. സര്‍ട്ടിഫിക്കേറ്റുകളും ഇതര രേഖകളും ലഭ്യമാക്കാന്‍ എംബസി ഇടപെടും. പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ത്രിദിന സന്ദര്‍ശനത്തിനിടെ റിയാദ് പ്രിന്‍സ് സൗദ് അല്‍ ഫൈസല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസില്‍ ഡോ. എസ് ജയശങ്കര്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധനയു ചെയ്തു. സൗദിയിലെ പുരാതന നഗരം ദിരിയ, സാല്‍വ പാലസ്, അദ്ദിരിയ ഗാലറി, ത്രീ ഡി മാപ്പിംഗ് ഷോ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.

സൗദിയില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ദീപക് പറഞ്ഞു.

വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ ദ്വിദിന സന്ദര്‍ശന വേളയില്‍ സൗദി വാണിജ്യ മന്ത്രി മാജിദ് അബ്ദുല്ല അല്‍കസബിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും പരസ്പര നിക്ഷേപ സാധ്യകളും ഇരുവരും ചര്‍ച്ച ചെയ്തു. സാമ്പത്തിക വളര്‍ച്ചക്ക് കരുത്തു പകരുന്ന സഹകരണ പദ്ധതികള്‍ സംബന്ധിച്ച് ജുബൈല്‍ യാമ്പു സൗദി റോയല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഖാലിദ് ആല്‍സാലിമുമായും മന്ത്രി ചര്‍ച്ച നടത്തി. ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തിലും മന്ത്രി പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനം, സംവേദന ക്ഷമതയുള്ള ഊര്‍ജ സുരക്ഷ, പുനരുപയോഗ ഊര്‍ജ്ജം, സാമ്പത്തിക വളര്‍ച്ച തുടങ്ങി വിവിധ വിഷയങ്ങളാണ് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സൗദുമായി മന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തിയത്.

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള ‘ഇന്ത്യന്‍ ഉത്സവി’ന്റെ ഉദ്ഘാടനമാണ് മന്ത്രി പങ്കെടുത്ത മറ്റൊരു സുപ്രധാന പരിപാടി. റിയാദ് മുറബ്ബ അവ്യന്യൂ മാളില്‍ ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉത്സവിന്റെ ഭാഗമായി ഒരുക്കിയത്. അടുത്ത വര്‍ഷം ഇന്ത്യന്‍ ധാന്യം തിനയുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ വിവിധ തരം തിനകള്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പ്രൊത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിനും മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.

സ്വദേശി യുവാക്കളും യുവതികളും ഉള്‍പ്പെടെയുളള ലുലു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഊഷ്മള വരവേല്പാണ് മന്ത്രിക്ക് ഒരുക്കിയത്. ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച മന്ത്രിയെ ഇന്ത്യയുടെ തന് കലകള്‍ അവതരിപ്പിക്കുന്ന പെണ്‍കുട്ടികള്‍ സ്വീകരിച്ചു.

ഇന്ത്യയില്‍ നിന്നുളള നിരവധി പുതിയ ബ്രാന്‍ഡുകളും സൗന്ദര്യവര്‍ധക വസ്തുക്കളും പഴങ്ങളും പച്ചക്കറികളും വീട്ടുപകരണങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ഇന്ത്യ ഉത്സവ് പോലുളള വ്യാപാര മേളകള്‍ കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യം ഇന്ത്യക്ക് നേടിക്കൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യത്തോടെയാണ് മന്ത്രി പിയൂഷ് ഗോയല്‍ ഇന്ത്യന്‍ ഉത്സവ് പ്രദര്‍ശന വേദിയിലെത്തി ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ വീക്ഷിച്ചത്.

തൊഴിതേടിയെത്തിയ 27 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സൗദിയിലുളളത്. മാത്രമല്ല, ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയുമാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ ഇരുരാഷ്ട്രങ്ങള്‍ക്കും ഉഭയകക്ഷി സൗഹൃദം ഊഷ്മളമായി തുടരാനുളള കരുത്തു പകരലാകും മന്ത്രി മാരുടെ സന്ദര്‍ശനങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top