റിയാദ്: സൗദി അറേ്യ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ കെഎംസിസിയുടെ രക്തദാനത്തിന് ദശവാര്‍ഷികം. നാഷണല്‍ കമ്മിറ്റി 2012-ല്‍ ആരംഭിച്ച രക്തദാനത്തില്‍ ഓരോ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരകണക്കിന് പേര്‍ പങ്കാളികളായിരുന്നു. ഇത്തവണയും രക്തദാനം വന്‍ വിജയമാക്കാന്‍ വിവിധ ഭാഗങ്ങളില്‍ കെഎംസിസി കമ്മിറ്റികളും പ്രവര്‍ത്തകരും കര്‍മ്മ രംഗത്താണെന്ന് നേതാക്കള്‍ അറിയിച്ചു.
ഉപജീവനത്തിനായി കടല്‍ കടന്നെത്തിയ വിദേശി സമൂഹത്തിന് തൊഴിലും അനുബന്ധ സൗകര്യങ്ങളും നല്‍കിയ രാജ്യത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്താന്‍ രാജ്യത്തെമ്പാടുമുള്ള കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ‘അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയമുയര്‍ത്തിലിണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തദാനം നിര്‍വഹിക്കുക. സെപ്റ്റംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിനന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതല്‍ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ രക്തദാനം ആരംഭിച്ചു.
രാജ്യത്തിന്റെ മണ്ണില്‍ ഉപജീവനത്തിനു വഴിയൊരുക്കി തന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സഊദി ജനതക്കും നന്ദിയര്‍പ്പിക്കുകയാണ് മലയാളികളടക്കമുള്ള രാജ്യത്തെ വിദേശി സമൂഹം. ലോകമെങ്ങും കോവിഡിന്റെ പിടിയിലമര്‍ന്ന് നിശ്ചലമായ സാഹചര്യത്തിലും രാജ്യത്തെ പൗരന്മാരെ പോലെ വിദേശികളെ സംരക്ഷിച്ച ഭരാണാധികാരികളോടുള്ള കൃതജ്ഞത വാക്കുകള്‍ക്കതീതമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കി വിദേശികള്‍ക്ക് തുണയായ ഭരണകൂടത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള കടപ്പാട് രക്തദാനം വഴി രേഖപ്പെടുത്തുകയാണ് സൗദിയിലെ ഏറ്റവും വലിയ മലയാളി സാംസ്‌കാരിക സംഘടനയായ കെഎംസിസി.
റിയാദ്, ജിദ്ദ, മക്ക, മദീന, ഈസ്‌റ്റേണ്‍ പ്രൊവിന്‍സ്, ഖമീസ് മുശൈത്ത്, ദമാം, അല്‍കോബാര്‍, ജിസാന്‍, തായിഫ്, ഖുന്‍ഫുദ, റാബിഗ്, തബൂക്ക്, യാമ്പു, ഹായില്‍, നജ്‌റാന്‍, അറാര്‍, അല്‍ഖര്‍ജ്, ബുറൈദ, വാദി ദവാസിര്‍, ലൈല അഫലാജ്, ദാവാദ്മി, ബിഷ, അല്‍ഖോബാര്‍, ജുബൈല്‍, ഖതീഫ്, തുഖ്ബ, അല്‍ഹസ്സ, അബ്‌ഖൈഖ്, ഖഫ്ജി, സുല്‍ഫി, ഹഫര്‍ അല്‍ ബാതിന്‍, നാരിയ, മഹായില്‍, അല്ലൈത്ത് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റികളാണ് ദേശീയ ദിനാഘോഷത്തില്‍ പങ്ക് ചേരുന്നതെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, ചെയര്‍മാന്‍ എ.പി ഇബ്രാഹിം മുഹമ്മദ്, വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.