Sauditimesonline

watches

ഇന്ത്യാ-സൗദി നേരിട്ട് വിമാന യാത്ര; ചര്‍ച്ച അന്തിമ ഘട്ടത്തിലെന്ന് കേന്ദ്രം

ദല്‍ഹി: ഇന്ത്യാ-സൗദി നേരിട്ട് വിമാന യാത്ര ഉടന്‍ സാധ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ കൂടുതല്‍ രാജ്യങ്ങള്‍ സ്വീകരിച്ചുതുടങ്ങിയതായും അധികൃതര്‍. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഴുവന്‍ രാജ്യങ്ങളിലേക്കും അടുത്ത മാസത്തോടെ പ്രവേശനം ലഭ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. നിലവില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന യാത്രക്ക് അനുമതിയുളളത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ നിയന്ത്രണം പിന്‍വലിക്കുന്നതിന് ഇന്ത്യാ-സൗദി ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്.

അമേരിക്ക, യുകെ, കാനഡ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, നേപ്പാള്‍, മാലിദ്വീപ്, സ്വിറ്റ്‌സര്‍ലന്റ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിച്ചു. ഈ സാഹചര്യത്തില്‍ സൗദിയിലേക്കും നേരിട്ട് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

നയതന്ത്ര പ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ നേരത്തെ അനുമതി ഉണ്ടായിരുന്നു. വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസും ചാര്‍ട്ടേഡ് വിമാനങ്ങളും ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ ലഭ്യമാണ്. എന്നാല്‍ സാധാരണക്കാരായ പ്രവാസി സമൂഹത്തിന് തൊഴിലിടങ്ങളിലെത്താന്‍ കഴിയാതെ ദുരിതത്തിലായത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുളളത്. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് രണ്ടുമാസം മുമ്പ് അനുമതി നല്‍കി. ഇത് ആശ്വാസം നല്‍കിയെങ്കിലും മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും ഇതിന്റെ ഗുണം ലഭിക്കുന്നില്ല. അടിയന്തിരമായി തൊഴിലിടങ്ങളിലെത്തേണ്ടവര്‍ ശ്രീലങ്ക, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, അര്‍മിനിയ, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലെത്താനുളള ശ്രമം തുടരുകയാണ്. എന്നാല്‍ ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സൗദിയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് എന്നാണ് അനൗദ്യോഗിക വിവരം. അതുകൊണ്ടുതന്നെ, പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യയില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top