Sauditimesonline

watches

‘നാരീ ശക്തി’ വിളംബരം ചെയ്ത് വനിതാ സൈനികര്‍ സൗദിയില്‍

ഷിഹാബുദ്ദീന്‍ കുഞ്ചീസ്

റിയാദ്: ഇന്ത്യന്‍ വനിതാ സൈനിക ഉദ്യോഗസ്ഥര്‍ക്ക് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഊഷ്മള സ്വീകരണം. സ്‌ക്വാഡ്രണ്‍ ലീഡര്‍ ഭാവനാ കാന്ത്, കേണല്‍ പോനുങ് ഡോമിംഗ്, ലെഫ്റ്റനന്റ് കമാന്‍ഡര്‍ അന്നു പ്രകാശ് എന്നിവരാണ് വിദ്യാര്‍ഥികളുമായി സംവദിച്ചത്.

ഇന്ത്യന്‍ വനിതകളുടെ കരുത്തും ശേഷിയും മറ്റുളളവരിലേക്ക് പകരുന്നതിനാണ് സന്ദര്‍ശനമെന്ന് ഇവര്‍ പറഞ്ഞു. ഏതുമേഖലയിലും സ്ത്രീകള്‍ക്കു സ്ഥാനമുണ്ട്. നേരത്തെ സ്ത്രീകള്‍ ഏറെ പ്രതിസന്ധികളെ തരണം ചെയ്താണ് ഉന്നത് സ്ഥാനങ്ങളില്‍ എത്തുന്നതെങ്കില്‍ ഇന്ന് ആ സ്ഥിതി മാറി. നിശ്ചയദാര്‍ഢ്യമുളള ആര്‍ക്കും ഏത് ഉന്നത പദവിയിലെത്താനും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് കഴിയും.

അഞ്ചു വയസുളള മകനെ രണ്ടുമാസത്തിലൊരിയ്ക്കല്‍ രണ്ട് ദിവസം മാത്രമാണ് കാണാന്‍ കഴിയുന്നതെന്ന് പ്രതിനിധി സംഘത്തിലുളള ഇന്ത്യന്‍ നാവികസേനയിലെ ലെഫ്റ്റനന്റ് കമാന്‍ഡര്‍ അന്നു പ്രകാശ് പറഞ്ഞു. എങ്കിലും ഇന്ത്യയ്ക്കു വേണ്ടി സേവനം അനുഷ്ടിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി. നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഒബ്‌സര്‍വറായ അവര്‍ നാവികസേനയിലെ ആദ്യത്തെ വനിതാ ഓഫീസര്‍മാരില്‍ ഒരാളാണ്. ഐഎന്‍എസ് കൊച്ചി യുദ്ധക്കപ്പലിലെ ഉദ്യോഗസ്ഥയാണ്.

ഭാവനാ കാന്ത് സുഖോയ്-30 യുദ്ധവിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ്. 2016ല്‍ ഫൈറ്റര്‍ പൈലറ്റായി ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്ന ആദ്യ മൂന്ന് വനിതകളില്‍ ഒരാളാണ്. ലഡാക് ഉള്‍പ്പെടുന്ന അതിര്‍ത്തിയിലെ സൈനിക ഉദ്യോഗസ്ഥയാണ് എഞ്ചിനീയറിംഗ് ബിരുദ ദാരിയായ കേണല്‍ പോനുങ് ഡോമിംഗ്.

പ്രതിരോധ സേനയില്‍ അംഗങ്ങളാകാന്‍ ആഗ്രഹമാണ് ആദ്യം ഉണ്ടാവേണ്ടതെന്ന് കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കി. താല്‍പര്യമുളളവര്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ ശ്രമം തുടങ്ങണം. കഠിന പരിശ്രമം നടത്തുന്നവര്‍ക്ക് ഇന്ത്യന്‍ സേനയുടെ ഭാഗമാകാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

45 രാജ്യങ്ങളിലെ പ്രതിരോധ വിദഗ്ദരും അത്യാധുനിക പ്രതിരോധ ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്ന റിയാദ് വേള്‍ഡ് എക്‌സ്‌പോ പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. പുതിയത് പഠിക്കാനും പഠിച്ചത് മറ്റുളളവര്‍ക്കു പകരാനും എക്‌സ്‌പോ സഹായിച്ചു. സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുമായി സംയുക്ത വനിതാ സൈനിക അഭ്യാസത്തിനുളള ഉഭയകക്ഷി കരാറിനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതിന് സാധിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സൗദിയുടെ ആതിഥ്യമര്യാദ വിസ്മയം ജനിപ്പിക്കുന്നതാണ്. വായിച്ചും കേട്ടും മാത്രം പരിചയമുളള സൗദി അറേബ്യയെ നേരിട്ട് കണ്ടപ്പോള്‍ ലഭിച്ച സ്വീകരണം മറക്കാനാവില്ല. സൗദിയുടെ പൗരാണിക തലസ്ഥാനം ദിരിയ്യ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. എയര്‍പോര്‍ട്ട്, എക്‌സ്‌പോ കേന്ദ്രം, ഹോട്ടല്‍ എന്നിവിടങ്ങളിലെല്ലാം ഏറ്റവും മികച്ച പരിഗണനയും സ്വീകരണവുമാണ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു.

ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സൈനിക ഉദ്യോഗസ്ഥരെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ആനയിച്ചത്. ദേശഭക്തി ഗാനം, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി. വിവിധ ഇന്ത്യന്‍ സ്‌കൂളുകളെ പ്രതിനിധീകരിച്ചു നിരവധി വിദ്യാര്‍ഥികളാണ് സൈനിക ഉദ്യോഗസ്ഥരുമായി സംവദിക്കാന്‍ എത്തിയത്.

വനിതാ ശാക്തീകരണത്തിന്റെ (നാരീ ശക്തി) ഭാഗമായി ഇന്ത്യാ സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് സൈനിക കരുത്തിന്റെ പ്രതീകമായ വനിതാ സൈനിക ഉദ്യോഗസ്ഥര്‍ സൗദിയിലെത്തിയത്. റിയാദില്‍ അരങ്ങേറുന്ന വേള്‍ഡ് ഡിഫന്‍സ് എക്‌സ്‌പോയിലും ഇവര്‍ പങ്കെടുത്തു.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top