Sauditimesonline

watches

ആനന്ദം അലതല്ലിയ ആഘോഷ ദിനം; സാംസ്‌കാരിക പരിപാടികളോടെ കേളി വാര്‍ഷികം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 23-ാം വാര്‍ഷികം ഒന്നാം ഘട്ടം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തില്‍ രാവിലെ 9ന് ആരംഭിച്ച പരിപാടികള്‍ രാത്രി ഒരുമണിവരെ നീണ്ടു. രണ്ട് ഓഡിറ്റോറിയങ്ങളിലായി തിങ്ങി നിറഞ്ഞ പ്രവാസി സമൂഹത്തെ സാക്ഷി നിര്‍ത്തി കേളി കലാകാരന്മാര്‍ വിസ്മയ കാഴ്ച്ചകളൊരുക്കി. കേരളീയ കലാരൂപങ്ങളും പുത്തന്‍ തലമുറകളുടെ അഭിരുചിക്കനുസരിച്ചുള്ള നൃത്തനൃത്യങ്ങളും കോര്‍ത്തിണക്കി കേളി, കുടുംബ വേദി അംഗങ്ങള്‍ അരങ്ങില്‍ തകര്‍ത്താടി. കലാ സാംസ്‌കാരിക ജീവകരുണ്യ മേഖലകളില്‍ കഴിഞ്ഞ കാലങ്ങളില്‍ കേളി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ചിത്ര പ്രദര്‍ശനവും ശ്രദ്ധേയമായി.

വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ദേശാഭിമാനി വാരിക പത്രാധിപരും സാഹിത്യകാരനുമായ ഡോ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായ് ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗങ്ങളായ ജോസഫ് ഷാജി, ടിആര്‍ സുബ്രഹ്മണ്യന്‍, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ്, റിയാദ് മീഡിയ ഫോറം പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാന്‍, ജോസഫ് അതിരുങ്കല്‍, നവയുഗം സെക്രട്ടറി വിനോദ്, ഐ പി ഉസ്മാന്‍ കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.

സംഘാടക സമിതിയുടെ സ്വാഗതഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. മലാസ്, ന്യൂ സനയ്യ, സനയ്യ 40 ഏരിയ കമ്മിറ്റികള്‍ അവതരിപ്പിച്ച നാടകങ്ങള്‍, നിരവധി ക്ലാസിക്കല്‍ സെമി ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ഉള്‍പ്പെട്ട മ്യൂസിക് ചെയിന്‍ പ്രോഗ്രാം, നാടന്‍ പാട്ടുകള്‍, കുടുംബവേദിയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, നസീം ഏരിയ കമ്മറ്റി അവതരിപ്പിച്ച വില്ലുവണ്ടി ആവിഷ്‌കാരം, ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറബിക് ഡാന്‍സ്, ഒപ്പന, സുലൈ ഏരിയ കമ്മിറ്റി അവതരിപ്പിച്ച സൂഫി ഡാന്‍സ് കൂടാതെ അല്‍ഖര്‍ജ്,

അസീസിയ, ഉമ്മുല്‍ ഹമാം, റോദ ഏരിയ കമ്മിറ്റികള്‍ അവതരിപ്പിച്ച നിരവധി കലാരൂപങ്ങളും, ഇ കെ രാജീവന്‍, സീബ കൂവോട്, ബേബി ചന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ന്യൂ സനയ്യ ഏരിയ അവതരിപ്പിച്ച കേരളീയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള കേരളീയം പരിപാടിയും അരങ്ങേറി. തുടര്‍ന്ന് റിയാദിലെ കലാകാരന്മാര്‍ ഒരുക്കിയ ഗാനമേള മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു.

23-ാം വാര്‍ഷികം രണ്ട് ഘട്ടങ്ങളിലായാണ് ആഘോഷിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായിയും കണ്‍വീനര്‍ മധു ബാലുശ്ശേരിയും പറഞ്ഞു. രണ്ടാം ഘട്ടം ഏപ്രില്‍ 19ന് നാട്ടില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരെ ഉള്‍പ്പെടുത്തി മലാസ് ലുലു ഹൈപ്പറില്‍ നടക്കും. പ്രവാസികള്‍ക്ക് വിസ്മയ കാഴ്ച നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുകയാണെന്നും സംഘാടകര്‍ കൂട്ടി ചേര്‍ത്തു.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top