Sauditimesonline

SaudiTimes

സൗദിയില്‍ ഐപി പ്രോസിക്യൂഷന്‍ വരുന്നു; തര്‍ക്കങ്ങള്‍ വേഗം പരിഹരിക്കും

നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: ബൗദ്ധിക സ്വത്തവകാശം (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി-ഐപി) സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സൗദി അറേബ്യയില്‍ ഐപി പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നു. ഇതിന് സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അംഗീകാരം നല്‍കി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ പ്രോസിക്യൂഷന് രൂപം നല്‍കുന്നത്. രാജ്യത്തെ വ്യാപാരമുദ്ര നിയമം, പകര്‍പ്പവകാശ സംരക്ഷണ നിയമം, പേറ്റന്റ് നിയമം, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെ ലേഔട്ട് ഡിസൈനുകള്‍, സസ്യങ്ങള്‍, വ്യാവസായിക ഡിസൈനുകള്‍ എന്നിവ സംബന്ധിച്ച് ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ അന്വേഷിക്കാനും കോടതി വ്യവഹാരങ്ങളില്‍ കോടതിയെ സഹായിക്കാനും ബൗദ്ധിക സ്വത്തവകാശ പ്രോസിക്യൂഷന്‍ ചുമതല ഏറ്റെടുക്കുന്നതോടെ സാധ്യമാകും.

ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളെ ഗൗരവമായി കൈകാര്യം ചെയ്യാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവരും ഈ രംഗത്ത് നൈപുണ്യം നേടിയ വിദഗ്ധരായ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ അംഗങ്ങളെ ഉള്‍പ്പെടുത്ത ഐപി പ്രേസിക്യൂഷന്‍ രൂപീകരിക്കും..

നിലവില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ട്രേഡ് മാര്‍ക്ക് ഉടമകളുടെ പരാതികളില്‍ ക്രിമിനല്‍ സ്വഭാവമുളള കേസുകള്‍ മാത്രമാണ് കോടതിയിലെത്തുത്. ട്രേഡ് മാര്‍ക്ക് നിയമം ലംഘിക്കുന്നവരുടെ പ്രാഥമിക പരാതികള്‍ സ്വീകരിക്കുന്നതും വിധികല്പ്പിക്കുന്നതും അതോറിറ്റിയാണ്. ഐപി പ്രോസിക്യൂഷന്‍ നിലവില്‍ വരുന്നതോടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട പരാതികളില്‍ കൂടുതല്‍ സുതാര്യമായ നീതി നടപ്പിലാക്കാന്‍ കഴിയും.

നേരത്തെ വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലായിരുന്നു സൗദി ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ സ്വതന്ത്ര അധികാരമുളള സ്ഥാപനമായി സൗദി അറേബ്യന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റിക്ക് രൂപം നല്‍കിയത് 2018ലാണ്.

അതേസമയം കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ട്രേഡ് മാര്‍ക്കുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ തോതില്‍ വര്‍ധിച്ചു. 2022നെ അപേക്ഷിച്ച് 2023ല്‍ ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്റെ എണ്ണം 30.33 ശതമാനമായി ഉയര്‍ന്നതായി വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നാഷണല്‍ ഐപി സ്ട്രാറ്റജി നാല് അടിസ്ഥാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുളളത്. ജനറേഷന്‍, മാനേജ്‌മെന്റ്, വാണിജ്യ നിക്ഷേപം, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം. ഇതില്‍ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് ഐപി പ്രോസിക്യൂഷന്റെ രൂപീകരണം. ഐപി സ്ട്രാറ്റജി നടപ്പിലാക്കുന്നതിന് 2028 വരെ ഉപയോഗിക്കുന്നതിന് ഒരു ബില്യണ്‍ ഡോളറും അനുവദിച്ചിട്ടുണ്ട്.

നേരത്തെ ചൈന, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നു അന്താരാഷ്ട്ര ബ്രാന്റുകളുടെ നിരവധി വ്യാജ ഉത്പ്പന്നങ്ങള്‍ ഗള്‍ഫ് വിപണിയിലെത്തിയിരുന്നു. സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്‌ട്രോണിക് ഉത്പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും വിപണിയിലെത്തിയിരുന്നത്. സൗദി സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (സാസോ), സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) എന്നിവ ശക്തമായി ഇടപെട്ടതോടെ സൗദി വിപണിയിലെത്തുന്ന ഉത്പ്പന്നങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പുവരുത്താന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വര്‍ഷമായി സൗദിയില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് സൗദിയിലും ട്രേഡ് മാര്‍ക്ക് നിര്‍ബന്ധമാക്കി.

അതേസമയം, വ്യാപാര മുദ്ര അനുകരിച്ച് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ നേടി വിവിധ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. വ്യാപാര നാമത്തിന്റെ പേരിലെ അക്ഷരങ്ങളില്‍ മാറ്റം വരുത്തിയും മുദ്രകളോട് സാമ്യമുളളതുമായ നിരവധി ട്രേഡ് മാര്‍ക്കുകള്‍ക്ക് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അനുകരിച്ച ട്രേഡ് മാര്‍ക്കിനെതിരെ അതോറിറ്റിയെ സമീപിച്ചാല്‍ പരാതി തളളുകയാണ് പതിവ്. പുതിയ പ്രോസിക്യൂഷന്‍ വരുന്നതോടെ ഇത്തരം പരാതികള്‍ക്ക് നീതിയുക്തമായ പരിഹാരം കാണാന്‍ കഴിയുമെന്നാണ് നിയമ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

സൗദിയില്‍ വിദേശ നിക്ഷേപത്തിന് കൂടുതല്‍ അവസരം സംജാതമാവുകയും രാജ്യത്ത് ബെനാമി സംരംഭം നടത്തിയിരുന്ന വിദേശികള്‍ക്ക് നിയമ വിധേയമാക്കാന്‍ അവസരം നല്‍കുകയും ചെയ്തതോടെ ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്റെ എണ്ണം മാത്രമല്ല, തര്‍ക്കങ്ങളും വര്‍ധിച്ചു. എന്നാല്‍ മതിയായ നിയമ സ്ഥാപനങ്ങള്‍ ഇല്ലാത്തതും അന്താരാഷ്ട്ര ഐപി ലോ ഉള്‍പ്പെടെ പരിജ്ഞാനമുളള അഭിഭാഷകരുടെ കുറവും സൗദി വിപണി അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top