Sauditimesonline

watches

റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയും സൗജന്യമായി പുതുക്കി തുടങ്ങി

നൗഫല്‍ പാലകാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച മൂന്നു മാസത്തെ സൗജന്യ ഇഖാമ പ്രാബല്യത്തിലായി. അവധിയില്‍ നാട്ടിലുള്ളവരുടെ ഇഖാമയും ഓട്ടോമാറ്റിക് ആയി പുതുക്കും. അബ്ശറില്‍ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സൗദി പാസ്‌പോര്‍ട്ട് വിഭാഗം പുതുക്കിയ വിവരം സന്ദേശമായി അയച്ചു തുടങ്ങി. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമ കാലാവധി തീരുന്നവര്‍ക്കാണ് മൂന്നു മാസം സൗജന്യ ഇഖാമ പുതുക്കി ലഭിക്കുന്നത്. സൗദിയിലുളളവര്‍ക്കും റീ എന്‍ട്രിയില്‍ രാജ്യത്തിനു പുറത്തു കഴിയുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇഖാമ പുതുക്കുന്നതിന് സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. സാധാരണ ഇഖാമ പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം, അബ്ശര്‍ പോര്‍ട്ടലുകള്‍ സന്ദര്‍ശിച്ച് നടപടിക്രമം പൂര്‍ത്തിയാക്കണം. സൗജന്യ ആനുകൂല്യം ലഭിക്കുന്നതിന് ഇത്തരം നടപടിക്രമംങ്ങളുടെ ആവശ്യവും ഇല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലായളവില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് അബ്ശിര്‍ പരിശോധിച്ചാല്‍ മൂന്നു മാസത്തേക്ക് പുതുക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ടാവും. പലര്‍ക്കും അവരുടെ ഇഖാമ ഇതിനകം ഓണ്‍ലൈനില്‍ പുതുക്കിയിട്ടുണ്ട്. പുതുക്കിയതായി മൊബൈല്‍ സന്ദേശം കിട്ടാത്തവര്‍ അബ്ഷര്‍ ഓണ്‍ലൈനില്‍ വഴി ഉറപ്പ് വരുത്താനാകും. ഇതുവരെ പുതുക്കിയിട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പുതുക്കിയയതായി സന്ദേശം ലഭിക്കും. സ്വകാര്യ മേഖലയിലെ സംരംഭകര്‍ക്ക് ലഭിക്കുന്ന പ്രധാന ഇളവുകളില്‍ ഒന്നാണ് വിദേശ തൊഴിലാളികള്‍ക്കുളള ലെവിയും മറ്റു ഫീസുകളും ഇല്ലാതെ മൂന്നു മാസം കാലാവധിയുളള ഇഖാമ. ലെവി, ഇന്‍ഷുറന്‍സ്, ഇഖാമ ഫീസ് എന്നിവ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കുന്നതിന് ശരാശരി പതിനായിരം സൗദി റിയാല്‍ ചിലവ് വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു മാസം ഇഖാമ സൗജന്യമായി പുതുക്കി ലഭിക്കുന്നതോടെ ഇത്രയും സംഖ്യ അടക്കാന്‍ മൂന്നു മാസം സാവകാശം ലഭിക്കും. കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ തൊഴിലുടമകള്‍ക്ക് ഇത് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top